അതിർത്തി തർക്കം: കർണാടക മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു; മഹാരാഷ്ട്ര മന്ത്രിമാർ ബെലഗാവിയിലേക്ക് ഇന്ന് വരില്ല
ബംഗളൂരു: കർണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെലഗാവി സന്ദർശനം വേണ്ടെന്നുവച്ചു.അതിർത്തി വിഷയത്തിൽ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെലഗാവി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേക്ക് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദർശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിൻഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാൽ ബെലഗാവിയിൽ ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നൽകിയിരുന്നു.
മഹാരാഷ്ട്രയും കർണാടകവും തമ്മിൽ 1960 മുതലേ അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ട്. നിലവിൽ കർണാടകയുടെ ഭാഗമായ ബെലഗാവി, മുൻ ബോംബെ പ്രസിഡൻസിയുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. ബെലഗാവിയിൽ 814 മറാത്തി വില്ലേജുകളുണ്ടെന്നും മഹാരാഷ്ട്ര വാദിക്കുന്നു. കേസ് നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാൽ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയാണ് അടുത്തിടെ വിഷയത്തിൽ സുപ്രിംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയുടെ നടപടി കർണാടകയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ചിക്കോടി, നിപ്പാനി, കഗവാഡ് എന്നിവിടങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചു. ബെലഗാവി ജില്ലയുടെ വിവിധഭാഗങ്ങളിൽ കൂടുതലായി 21 ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. അതിർത്തികൾ സംരക്ഷിക്കാൻ കഴിവുള്ള സർക്കാരാണ് തന്റെതെന്ന് ബൊമ്മൈ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.
Post Karnataka's Warning, Maharashtra Ministers Cancel Today's Belagavi Visit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."