കുട്ടികള്‍ക്ക് കുളിക്കാന്‍ മടി; പൊലിസിനെ വിളിച്ച് രക്ഷിതാക്കള്‍
എന്‍.സി ഷെരീഫ്
മഞ്ചേരി: കുരുന്ന് മക്കളാകുമ്പോള്‍ ചിലപ്പോള്‍ കുളിക്കാന്‍ മടി കാണിച്ചെന്നു വരാം. എന്നാല്‍ പത്താംതരത്തില്‍ എത്തിയിട്ടും കുളിക്കാതെ കുഴിമടിയനായാല് രക്ഷിതാക്കള്‍ക്ക് അല്പം കടുത്തപ്രയോഗങ്ങള്‍ നടത്തേണ്ടി വരും.
ഇത്തരത്തില്‍ മക്കള്‍ കുളിക്കാത്തതിന് പൊലിസിനെ സമീപിച്ചിരിക്കുകയാണ് ചില രക്ഷിതാക്കള്‍. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച ചിരി പദ്ധതിയിലേക്കാണ് രക്ഷിതാക്കള്‍ വിളിച്ച് പരാതി പറഞ്ഞത്. പൊലിസിന്റെ സാരോപദേശവും വിദഗ്ധരുടെ കൗണ്‍സലിങ്ങും കൂടിയായതോടെ കുട്ടികള്‍ കുളിച്ച് നല്ലവൃത്തിയിലും വെടിപ്പിലും നടക്കാന്‍ തുടങ്ങി. സംസ്ഥാനത്ത് ഇതുവരെ 20538 പേരാണ് പദ്ധതിയിലേക്ക് വിളിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തില്‍ വിളിക്കുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളായിരുന്നെങ്കില്‍ ഇപ്പോള്‍ പരാതിക്കാര്‍ രക്ഷിതാക്കളാണ്. ഊണും ഉറക്കവും കുളിയും ഇല്ലാതെ ഫോണില്‍ ഗെയിം കളിച്ച് ഇരിക്കുന്നതാണ് പ്രധാന പരാതി.
പകല്‍ സമയത്ത് തുടങ്ങുന്ന ഗെയിം പുലര്‍ച്ചെ മൂന്ന് വരെ നീളും. പിന്നീട് ഉച്ചയ്ക്ക് 12വരെ ഉറങ്ങുന്നു എന്നാണ് ചില രക്ഷിതാക്കളുടെ വേവലാതി. പല കുട്ടികളും ഓണ്‍ലൈന്‍ ക്ലാസില്‍ പോലും കയറുന്നില്ല. സോഷ്യല്‍മീഡിയ വഴി ചങ്ങാത്തംകൂടിയ പുരുഷന്മാരുമായി രാത്രി വൈകിയും ചാറ്റ് ചെയ്യുന്ന പെണ്‍കുട്ടികളും രക്ഷിതാക്കളുടെ ഉറക്കംകെടുത്തിയതോടെ പരിഹാരം തേടി രക്ഷിതാക്കള്‍ വിളിക്കുന്നതും ചിരി പദ്ധതിയിലേക്കാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര് വിളിച്ചത്. 2026. മലപ്പുറം 1885, തൃശൂര്‍ 1848, തിരുവനന്തപുരം 1806, കോഴിക്കോട് 1749, കൊല്ലം 1747, എറണാകുളം 1511, കോട്ടയം 1366, വയനാട് 1305, പത്തനംതിട്ട 1241, കാസര്‍കോട് 1114, ആലപ്പുഴ 977, പാലക്കാട് 928, ഇടുക്കി 857 എന്നിങ്ങനെയാണ് ഓരോ ജില്ലയില്‍ നിന്നും ചിരി പദ്ധതിയിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം. കേരളത്തിന് പുറത്തുനിന്ന് 178 പേരും വിളിച്ചു. ചിരിക്കാനും ചിരിപ്പിക്കാനുമായി ഒന്നാംതരത്തിലെ കുട്ടികളും വിളിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."