പെരുമ്പാവൂരില്‍ കൈക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലിസ്, മാതാപിതാക്കള്‍ അറസ്റ്റില്‍
പെരുമ്പാവൂരില്‍ കൈക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലിസ്,
എറണാകുളം: കൈക്കുഞ്ഞിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോണ്‍ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുല്‍ ഇസ്ലാം(31) മുഷിത ഖാത്തൂന്‍ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചത്.
തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത്, ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസിക്കുന്ന സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി.
മേതലയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിനിക്ക് അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണാനില്ലെന്നും വ്യക്തമായി. ഇതെത്തുടര്‍ന്ന് പ്രത്യേക സംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."