സഊദിയിലേക്ക് ഗ്രീസിൽ നിന്നും ഹെല്ലനിക് സൈനിക ഫോഴ്‌സും മിസൈൽ പ്രതിരോധ സംവിധാനവും എത്തുന്നു
റിയാദ്: അറേബ്യയുടെ വ്യോമ പ്രതിരോധവും മിസൈൽ ആക്രമണ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ഗ്രീസിൽ നിന്നും മിസൈൽ പ്രതിരോധ സംവിധാനം. രണ്ട് പാട്രിയറ്റ് മിസൈൽ പ്രതിരോധ കവചവും ടെക്നീഷ്യൻമാരും ഗ്രീക്ക് വ്യോമസേനയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംവിധാനം എന്ന് ഗ്രീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റഗ്രേറ്റഡ് എയർ ആൻഡ് മിസൈൽ ഡിഫൻസ് കോൺസെപ്റ്റ് (IAMD) എന്ന അന്താരാഷ്ട്ര സംരംഭം നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്ന് ഗ്രീസ് സൈന്യമായ ഹെല്ലനിക് എം ഒ ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സഊദി അറേബ്യയിലെക്കുള്ള ഹെല്ലനിക് ഫോഴ്സിന്റെ പുറപ്പെടൽ ചടങ്ങ് തനഗ്ര എയർ ബേസിൽ, ദേശീയ പ്രതിരോധ മന്ത്രി നിക്കോളാവോസ് പനാഗിയോടോപോലോസിന്റെ നേതൃത്വത്തിൽ നടന്നു. സഊദി അറേബ്യയുടെ സേനയുമായി ചേർന്നുള്ള ഗ്രീക്ക് എയർഫോഴ്സിന് ഒരു പുതിയ പ്രവർത്തന പങ്കാളിത്തത്തിൽ നിന്നുള്ള പ്രയോജനങ്ങൾ ഹെല്ലനിക് നാഷണൽ ഡിഫൻസ് ഫോഴ്സ് (എച്ച്എൻഡിജിഎസ്) മേധാവി ജനറൽ കോൺസ്റ്റാന്റിനോസ് ഫ്ലോറോസ് ചടങ്ങിൽ വിശദീകരിച്ചു. കിഴക്കൻ മെഡിറ്ററേനിയനിലും മിഡിൽ ഈസ്റ്റിലും സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനു സഊദി അറേബ്യയിലെ പാട്രിയറ്റ് പീരങ്കിയുടെ ദൗത്യം സംഭാവന ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ “ഫാൽക്കൺ ഐ I”, “ഫാൽക്കൺ ഐ II” എന്നീ സൈനിക പരിശീനങ്ങളിൽ സഊദി, ഗ്രീക്ക് സൈന്യങ്ങൾ സംയുക്തമായി പങ്കെടുത്തിരുന്നു. കൂടാതെ, സായുധസേനാ മേധാവികളുടെ സന്ദർശനവും ആദ്യമായി ഏഥൻസിൽ ഒരു സഊദി ഡിഫൻസ് അറ്റാഷെയും റിയാദിൽ ഒരു ഗ്രീക്ക് ഡിഫൻസ് അറ്റാഷെയും സ്ഥാപിക്കുകയും ചെയ്തിരുന്നു. സൈനിക സഹകരണ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു ഇവ. സഊദിക്കെതിരെ യമനിലെ ഹൂതി സൈന്യത്തിൽ നിന്നുള്ള ആക്രമണം ശക്തമാകുകയും അമേരിക്ക സഊദിയിൽ സ്ഥാപിച്ചിരുന്ന പാട്രിയേറ്റ് മിസൈലുകൾ പിൻവലിച്ചതായുള്ള വാർത്തകൾ വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ സഊദി – ഗ്രീസ് സൈനിക സഖ്യം അതീവ പ്രാധാന്യമുണ്ടെന്നും ഗ്രീസിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."