Dominique lapierre ; ആധുനിക ഇന്ത്യയുടെ സഹയാത്രികൻ
ദാമോദർ പ്രസാദ്
ഡൊമിനിക് ലാപിയറുടെ ‘ആനന്ദനഗരം’ ( Ctiy of Joy) ടോൾസ്റ്റോയൻ സ്പർശമുള്ള നോവലാണ്. കാരുണ്യത്താലും സഹാനുഭൂതിയാലും പീഡിതന്റെ കണ്ണീരൊപ്പുക എന്ന ക്രൈസ്തവികമായ മാനവികതയുടെ ആന്തരിക പ്രകാശമുള്ള പോളണ്ടുകാരനായ യുവ പുരോഹിതനാണ് സ്റ്റീഫൻ കോവാൽസ്കിയും ഹസാരി പാൽ എന്ന റിക്ഷാവണ്ടിക്കാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. കോവാൽസ്കിക്ക് കടന്നുപോകേണ്ടിവരുന്ന പരീക്ഷണങ്ങളുടെയും വിഷമതകളുടെയും അനുഭവങ്ങളും ഹസാരി പാൽ നേരിടുന്ന യാതനകളും അതിജീവനത്തിനായി നടത്തുന്ന കഠിന പരിശ്രമങ്ങളും പ്രതിപാദിക്കുന്നതിലൂടെ ഡൊമിനിക് ലാപിയർ ജീവിതമെന്ന പ്രതിഭാസത്തിന്റെ അമൂല്യതയെ അനുഭവവേദ്യമാക്കുന്നു. ‘ആനന്ദ നഗരം’ എന്ന് വിളിക്കുന്ന ചേരിയിലാണ് കഥ നടക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് അമേരിക്കയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു മനുഷ്യസേവനം എന്ന ലക്ഷ്യവുമായി നിസ്വാർഥതയോടുകൂടി പ്രവർത്തിക്കണമെന്നു ആഗ്രഹിച്ചു കൽക്കത്തയിലേക്കെത്തുന്ന ചെറുപ്പക്കാരനായ ഡോക്ടർ മാക്സ് ലോബ്. ദുരിതമനുഭവിക്കുന്നവർക്ക് മാലാഖ തന്നെയായി അനുഭവപ്പെടുന്ന അസമീസ് നേഴ്സ് ബന്ദോനയാണ് വേറെയൊരു കഥാപാത്രം. ഇവർ മാത്രമല്ല കൊവാൽസ്കി ഇടപഴകുന്ന ചേരിയിലെ ഓരോ മനുഷ്യരും ജീവിതമെന്ന നിയോഗത്തെ അത്ഭുതകരമായ അനുഭവമാക്കുന്നു.
കൽക്കത്തയിൽ ദരിദ്രരിൽ ദരിദ്രരായ ചേരിനിവാസികളുടെ ഇടയിൽ പ്രവർത്തിക്കാനും അവരുടെ ദൈന്യങ്ങളിൽ കൂടെ ചേർന്നും പീഡിതരോടുള്ള ക്രിസ്തുവിന്റെ സ്നേഹത്തെ സ്വജീവിതത്തിൽ ഉൾക്കൊണ്ടും അവരിലൊളായി ജീവിക്കാനാണ് കൊൽക്കത്തയുടെ ചേരിപ്രദേശം തന്നെ പ്രവർത്തന ഭൂമികയായി സ്റ്റീഫൻ കോവാൽസ്കി തിരഞ്ഞെടുത്തത്. കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുമ്പോഴും ചേരിനിവാസികളിൽ ജാതീയമായ ബോധം നിലനിൽക്കുന്നുണ്ട്. കുഷ്ഠ രോഗികളോടും ഇതേവിധത്തിലുള്ള അവഗണനയും അസ്പൃശ്യത നിലനിർത്തുന്നു. പക്ഷേ അവരെല്ലാം കോവാൽസ്കിയെ അവരിലൊരാളായി കാണുന്നു. ആനന്ദ നഗരത്തിലുള്ളവരെ അധികാരികൾ ചൂഷണം ചെയ്യുന്നുണ്ട്. ഈ കൊടിയ ചൂഷണത്തിനും ദാരിദ്ര്യത്തിനും നടുവിൽ അവർ ജീവിതത്തിന്റെ പ്രത്യാശ കൈവിടുന്നില്ല എന്നതാണ്.
ഡൊമിനിക് ലാപിയർ ‘ആനന്ദ നഗര’ത്തിലെ ജീവിതാനുഭവങ്ങളുടെ പ്രതിപാദനത്തിലൂടെ ഉത്തര കൊളോണിയൽ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികളിലേക്കും പ്രതിബന്ധങ്ങളിലേക്കും തന്നെയാണ് ശ്രദ്ധയാകർഷിച്ചത്. ജീവിക്കാൻ പറ്റാത്തവിധമുള്ള സാഹചര്യങ്ങളാൽ ഇന്ത്യയുടെ ഗ്രാമങ്ങളിൽനിന്ന് വേരോടെ പിഴുതെറിയപ്പെട്ട മനുഷ്യരാണ് കൊൽക്കത്ത പോലുള്ള നഗരങ്ങളിലേക്ക് ജീവിതമാർഗം തേടി കുടിയേറിയത്. നഗരത്തിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ മനുഷ്യസഞ്ചയത്തെ വികസ്വരമാകുന്ന നഗരം ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി വിസ്തൃതമാവുകയാണ്. അതേസമയം, വേരുകൾ നഷ്ടപ്പെട്ട ഈ മനുഷ്യരുടെ നിസഹായതയെ മുതലെടുത്തുകൊണ്ടു പുത്തൻ അധികാരികൾ ഇവരെ ചൂഷണം ചെയ്യുന്നുമുണ്ട്. ഉത്തര കൊളോണിയൽ പ്രത്യാശകളൊക്കെ അണയാൻ തുടങ്ങുന്നതോടെ വലിയ വിഭാഗം നിർധനർക്ക് സ്വാതന്ത്ര്യമെന്നത് അർഥരഹിതമായ അനുഭവമായി മാറിയതിനെ സൂക്ഷ്മം പ്രതിപാദനം ചെയ്തിരിക്കുന്നു ഈ നോവലിൽ.
‘ആനന്ദ നഗരം’ ഹസാരി പാൽ എന്ന റിക്ഷാക്കാരന്റ കൂടെ കഥയാണ്. ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്ന് കുടിയേറിയതാണ് ഹസാരി പാൽ. രക്തം വിറ്റാണ് കുടുംബം പുലർത്തുന്നത്. അയാളുടെ വിളർത്ത ശരീരത്തിൽനിന്ന് പരമാവധി രക്തം ഊറ്റിയെടുക്കപ്പെട്ടിട്ടുണ്ട്. ഹസാരി പാലിന്റെ മക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാതെവരുമ്പോൾ അവരെ ഭക്ഷണത്തിനായി യാചിക്കാനായി അയാൾ അനുവദിക്കുന്നു. ഒടുവിൽ അയാൾ ഒരു റിക്ഷക്കാരനായി മാറുന്നു. മകളുടെ വിവാഹം നടത്താനും സ്ത്രീധനം നൽകാനുമാണ് നട്ടെലോടിഞ്ഞും പണിയെടുക്കുന്നത്. ഒടുവിൽ ആ ചടങ്ങിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നു. മകളുടെ വിവാഹത്തിന് സ്ത്രീധനം നൽകാനുള്ള പണം ലഭിക്കാൻ പാൽ തന്റെ അസ്ഥികൾ പോലും വിൽക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന എല്ലാവരെയും പോലെ ഹസാരി പാൽ ഭാര്യയോടും മക്കളോടും ഒപ്പമാണ് നഗരത്തിലേക്ക് വന്നത്. തന്റെ ഗ്രാമത്തിലേക്ക് മടങ്ങാനും വീണ്ടും കൃഷി ആരംഭിക്കാനും ആവശ്യമായ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്.
ഇന്ത്യ എന്ന ബഹുസ്വര, ബഹുമത രാഷ്ട്രത്തിന്റെ കൊച്ചുപതിപ്പാണ് ആനന്ദനഗരം. പരസ്പര സൗഹാർദത്തോടെ പട്ടിണിയും പരിവട്ടവുമായി ഉള്ളതെല്ലാം പരസ്പരം പങ്കുവച്ചും ജീവിക്കുന്ന വിവിധ മതവിശ്വാസികളായ ചേരിനിവാസികൾ പ്രതിസന്ധിയുടെ കാലത്താണ് അവരുടെ ഇഴയടുപ്പം കൂടുതൽ മിഴിവോടെ തെളിയുന്നത്. കൽക്കത്തയിൽ മഴ തകർത്തുപെയ്യുമ്പോൾ ചതുപ്പിൽ ഉയർന്നുവന്ന ചേരികൾ വെള്ളപൊക്കത്തിലാകും. സ്റ്റീഫൻ കൊവാൽസ്കിക്ക് ഇത് പുതിയ അനുഭവമായിരുന്നു. ഈ ദുരിതക്കയത്തിലാണ് ചേരിയിലെ മനുഷ്യർ അവരുടെ പാരസ്പര്യം കൂടുതൽ അനുഭവവേദ്യമാക്കിയത്. ‘ആ മഹാപ്രളയത്തിൽ..’ കൊവാൾസ്കി പറയുകയാണ് ‘എല്ലാ ആളുകളും സഹോദരന്മാരായിത്തീർന്നു. മുസ് ലിം കുടുംബങ്ങൾ ഹിന്ദുക്കളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി, പാതിവെള്ളത്തിൽ ശരീരം മുങ്ങിയ ചെറുപ്പക്കാർ പ്രായമായവരെ തോളിലേറ്റി. റിക്ഷക്കാർ ചില്ലി കാശുപോലും വാങ്ങാതെ അസുഖബാധിതരെ കൊണ്ടുപോയി. മസ്ജിദിൽ അഭയം പ്രാപിച്ചിരുന്നവർക്ക് ഭക്ഷണശാലകൾ നടത്തിയിരുന്നവർ വിശപ്പകറ്റാനുള്ള ആഹാരമെത്തിച്ചു’ മഹാപ്രളയത്തിന്റെ കാലത്തിൽ മലയാളിയും അനുഭവിച്ചറിഞ്ഞതാണ് മനുഷ്യർ തമ്മിലുള്ള നിസ്വാർഥ പാരസ്പര്യത്തിന്റെ വലിയ മൂല്യം. പ്രതീക്ഷ നൽകുന്നതാണ് ഈ ജീവിതവ്യവസ്ഥ. പ്രതീക്ഷയുടെ നഗരം രാജ്യത്തിനു തന്നെ വെളിച്ചമാകുന്നു. ഈ വെളിച്ചമാണ് തല്ലികെടുത്താൻ ഇരുട്ടിന്റെ ശക്തികൾ പ്രവർത്തിക്കുന്നത്
ഇന്ത്യ ബ്രിട്ടിഷ് ദുർവാഴ്ചയിൽ നിന്ന് സ്വാതന്ത്യ്രം നേടിയ ഘട്ടത്തിൽ ഇരുട്ടിന്റെ ശക്തികൾ എന്തുചെയ്യുകയായിരുന്നു എന്ന് ഡൊമിനിക് ലാപിയയും ലാറി കോളിൻസും എഴുതിയ സുപ്രസിദ്ധമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 1948 ബോംബെ എന്ന ഖണ്ഡം തുടങ്ങുന്നത് ഇപ്രകാരമാണ്: ‘ഗാന്ധി മരിക്കണമെന്നാഗ്രഹിച്ച മൂന്നു പേര്, ബോംബെയുടെ ഉത്തരപ്രാന്തത്തിലുള്ള ഒരു പഴയ ഇരുനിലകെട്ടിടത്തിന്റെ ഇരുമ്പഴികളിട്ട പ്രവേശന മാർഗത്തിൽ ഇരുട്ടത്ത് നിന്നിരുന്നു...’ സവർക്കർ സദൻ എന്ന് പേരിട്ടിരുന്ന വി.ഡി സവർക്കർ താമസിച്ചിരുന്ന ഭവനമായിരുന്നു ഇത്. ഡൊമിനിക് ലാപിയറും ലാറി കോളിൻസും തുടർന്ന് എഴുതുന്നത് ഇങ്ങനെയാണ്: ‘ആ വസതിയിൽ പാർത്തിരുന്ന, സമരോത്സുകമായ ഹിന്ദുമതത്തിന്റെ സ്വയംകൃത സ്വേച്ഛാധിപതിനിന്നുയരുന്നിടത്തോളം തീവ്രതയോടെ ബിർളാ ഹൗസിൽ കട്ടിലിൽ കിടക്കുന്ന മനുഷ്യനെ ഇന്ത്യയിലെയാരും വെറുത്തിരുന്നില്ല. ഗാന്ധി നിലക്കൊണ്ടിരുന്ന മിക്കവാറും എല്ലാ തത്വങ്ങളെയും ‘വീര’ സവർക്കർ വെറുത്തു’. സവർക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വന്നതായിരുന്നു ഗോഡ്സെയും നാരായൺ ആപ്തെയും ബാഡ്ജെയും. മൗണ്ട്ബാറ്റൺ പ്രഭുവിനെ ക്ലമന്റ് അറ്റ്ലീ അധികാര കൈമാറ്റത്തിനുള്ള ചുമതല നൽകുന്ന സന്ദർഭത്തിൽ തുടങ്ങുന്ന ലാപിയറുടെ സ്വാതന്ത്ര്യം അർധരാത്രിയിൽ അവസാനിക്കുന്നത് ഗാന്ധിയുടെ കൊലപാതകത്തോടെയാണ്. മൗണ്ട്ബാറ്റണും മഹാത്മാവുമാണ് ഈ പോപ്പുലർ ചരിത്രകൃതിയിലെ രണ്ടു മുഖ്യ കഥാപാത്രങ്ങൾ. ഗാന്ധിക്ക് നായകത്വസ്ഥാനം തന്നെയാണ്. മാത്രമല്ല ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ ഭിന്നവശങ്ങളിലേക്കും സർഗതകാത്മക കൃതിയുടെ രചയിതാവിനെ പോലെ ഡൊമിനിക് ലാപിയർ വെളിച്ചം വീശുന്ന. ക്രൈസ്തവമായ സഹനത്തിന്റെ ഏറ്റവും ഉത്തമമായ മാതൃകയായും ഗാന്ധിയുടെ വ്യക്തിത്വത്തെ ലാപിയർ ആവിഷ്ക്കരിച്ചിരിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ച വേളയിൽ ഇന്ത്യയുടെ പലഭാഗങ്ങളിലും വർഗീയ കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയായിരുന്നു. വർഗീയ കലാപം നടന്ന നവഖാലിയിലേക്കാണ് ഗാന്ധി യാത്ര തിരിച്ചത്. കൽക്കത്തയിൽവച്ച് മുസ് ലിം ലീഗ് നേതാവ് സുഹ്രവർധി ഗാന്ധിയെ കാണുന്നുണ്ട്. സുഹ്രവർധി ഗാന്ധിയോട് അഭ്യർഥിക്കാൻ വന്നതാണ്. നവഖാലിയിൽ പോകാതെ കൽക്കത്തയിൽ തന്നെ താമസിക്കണമെന്ന്. ഈ അഭ്യർഥനയെ ഇങ്ങനെയാണ് ലാപിയർ രേഖപ്പെടുത്തിയിരിക്കുന്നത്: ‘എന്തൊക്കെ തന്നെയായാലും ഹിന്ദുക്കൾക്കുള്ളിടത്തോളം അവകാശം അങ്ങയുടെ മേൽ മുസ് ലിംകൾക്കുമുണ്ട്. ഇത് അങ്ങേപ്പോഴും പറയാറുള്ള കാര്യമാണല്ലോ’. എന്നാൽ ഈ പുസ്തകത്തിന്റെ ആരംഭത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാരംഭഘട്ടത്തിൽ നിലന്നിരുന്ന ഹിന്ദു-മുസ് ലിം ഐക്യത്തിൽ ശിഥിലമാക്കുന്നതിൽ, വിരോധാഭാസമെന്നുതന്നെ പറയാം ഗാന്ധിക്ക് പങ്കുണ്ടെന്നും ലാപിയറും കോളിൻസും നീരിക്ഷിക്കുന്നുണ്ട്. ഗാന്ധി സർവാത്മനാ ഹിന്ദു-മുസ് ലിം ഐക്യത്തിന് വേണ്ടി നിലക്കൊണ്ടിരുന്നപ്പോഴും. രാഷ്ട്രീയത്തെ ആധ്യാത്മികമായി പരിചരിക്കുക വഴി സംശയത്തിന്റെ വിത്തുകൾ വിതച്ചുവെന്നാണ് ലാപിയർ നീരിക്ഷിക്കുന്നത്. എങ്കിൽ തന്നെയും, ഗാന്ധി എന്നും ഉയർത്തിപിടിച്ചിരുന്ന ആത്മീയ സ്പർശമുള്ള മതേതര മൂല്യത്തിന്റെ സവിശേഷതയാണ് സുഹ്രവർധിയുടെ ഗാന്ധിയോടുള്ള അഭ്യർഥനയിൽ ആവിഷ്കൃതമാകുന്നത്. ഗാന്ധി എപ്രകാരമാണ് സുഹ്രവർദ്ധിയുടെ അഭ്യർഥനയോട് പ്രതികരിച്ചതെന്നും ലാപിയറും കോളിൻസും കുറിച്ചിട്ടുണ്ട്. എതിർക്കുന്നവരുടെ ഏറ്റവും നല്ല അംശം ഏതെന്നു കണ്ടെത്തുകയും അതിനെ തൊട്ടുണർത്തി അതിനോട് ന്യായവാദം ചെയ്യുന്ന അസാധാരണ രീതിയായിരുന്നു ഗാന്ധിയുടേത്. സുഹ്രവർധിയുടെ മനസ്സിൽ മുസ് ലിം അനുയായികളുടെ ഭാവിയെ സംബന്ധിച്ചു യഥാർഥ ആശങ്കയുണ്ടെന്ന് ഗാന്ധിക്ക് ബോധ്യമാവുകയും ഇതിനോട് താദാത്മ്യപ്പെട്ടുകൊണ്ടാണ് തന്റെ വ്യവസ്ഥകൾ ഗാന്ധി മുന്നോട്ടുവച്ചത്. നവഖാലി ചേരിപ്രദേശത്തു ഒരുമിച്ചു താമസിക്കാനുള്ള ഗാന്ധിയുടെ നിർദേശം സുഹ്രവർധി അംഗീകരിക്കുന്നു. പട്ടാളത്തിനോ പൊലിസിനോ അസാധ്യമായിരുന്ന കാര്യമാണ് വർഗീയ കലാപത്തെ ശമിപ്പിക്കാനായി ഗാന്ധി നിർവഹിച്ചതെന്നും ലാപിയർ എഴുതുന്നുണ്ട്.
ബഹുസ്വരതയിൽ ഊന്നികൊണ്ടുള്ള രാഷ്ട്രസങ്കൽപത്തെ പുരസ്കരിച്ചാണ് ലാപിയ ആധുനിക ഇന്ത്യയുടെ ആദ്യഘട്ട രൂപീകരണത്തെക്കുറിച്ചുഴുതുന്നത്. ഇന്ത്യൻ ജനതയോടുള്ള സഹഭാവം ഓരോ വാക്കിലും പ്രകടമാണ്. അക്കാദമിക ചരിത്രമല്ല ലാപിയറും കോളിൻസും എഴുതിയത്. അതുകൊണ്ടുതന്നെ വസ്തുതാപരമല്ല എന്ന നിഗമനത്താൽ അക്കാദമിക ചരിത്രകാരന്മാർ തള്ളിക്കളയാവുന്ന ചില കാര്യങ്ങളും സ്വാതന്ത്ര്യം അർധരാത്രിയിൽ കടന്നുവരുന്നുണ്ട്. ഉദാഹരണത്തിന്, ഒാഗസ്റ്റ് പതിനഞ്ച് അധികാര കൈമാറ്റത്തിന് ഏറ്റവും ചീത്ത സമയമാണെന്ന് ജ്യോതിഷികൾ പ്രമാണം നോക്കി പ്രഖ്യാപിച്ചുവെത്രെ. പ്രസ്തുത ദിവസം സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത് എന്നവർ ആവശ്യപ്പെട്ടു. എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം ‘ആസാദി ക അമൃത് മഹോത്സവ് ’ ആഘോഷിക്കുന്ന വേളയിൽ ജ്യോതിഷികളുടെ അലമുറയും അർധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവും വിചിത്രമായി തോന്നാം. സ്വാതന്ത്ര്യത്തോടൊപ്പം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് ഉദ്ഗ്രഥിക്കുന്ന വിവരണങ്ങളുടെ കൂട്ടത്തിൽ തിരുവതാംകൂർ രാജ്യത്തിന്റെ കഥയും ഒറ്റവരിയിൽ പരാമർശിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയും ലോകവുമാണ് ലാപിയറുടെ അന്വേഷണ വിഷയങ്ങൾ. ഓരോ പുസ്തകവും ഇരുപതാം നൂറ്റാണ്ടിലെ വിവിധ ദേശിയ ജനത അവരുടെ ലോകം എപ്രകാരമാണ് പണിതുയർത്തിയതും അതിൽ അവർ അനുഭവിച്ചതുമായ ക്ലേശങ്ങളും ആഹ്ലാങ്ങളും സ്നേഹോദാരമായ ഭാവനയോടെയാണ് തന്റെ പുസ്തകങ്ങളിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഉത്തര കൊളോണിയൽ ഇന്ത്യയുടെ സവിശേഷ പ്രധാനമായ മൂന്ന് ഘട്ടങ്ങളിലെ അനുഭവ യാഥാർഥ്യത്തെയാണ് ലാപിയർ തന്റെ പ്രസിദ്ധ മൂന്നു രചനകളിലൂടെ പ്രതിപാദിക്കുന്നത്. സ്വാതന്ത്യ്രം അർധ രാത്രിയിൽ (1975), സിറ്റി ഓഫ് ജോയ് (1985) ഭോപ്പാലിൽ അന്ന് സംഭവിച്ചത് (1997). ആദ്യ പുസ്തകം ലാറി കോളിൻസുമായി ചേർന്നെഴുതിയതാണെങ്കിൽ ഭോപ്പാലിന്റെ സഹഗ്രന്ഥകാരൻ ഷാവിയർ മൊറോയാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ കെമിക്കൽ പ്ലാന്റുകളിലൊന്നാണ് ഭോപ്പാലിൽ സ്ഥാപിച്ചതും അത് സൃഷ്ടിച്ചതു ലോകത്തെ ഏറ്റവും മാരകമായ വ്യവസായിക ദുരന്തവും. ഈ ദുരന്തത്തിലേക്ക് നയിച്ച കാര്യകാരണങ്ങളാണ് പക്ഷപാതരഹിതമായി തന്നെ ‘ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ’ എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ തന്നെ ചെയ്തികളാൽ സൃഷ്ടിച്ച വൻദുരന്തങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടും മനുഷ്യരുടെ തന്നെ നാശോന്മുഖമാകാത്ത അതിജീവനത്തിന്റെ ശേഷിയുടെയും കൂട്ടായ ജീവിത പ്രയത്നങ്ങളുടെയും തലം കൂടി ഇതിൽ പ്രതിപാദ്യമാകുന്നു. ലാപിയയുടെ ഇതര രചനകളിലും അനുഭവവേദ്യമാകുന്നതാണ് ഈയൊരു തലം. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടന്നുപോകാനുള്ള നിസ്വരായ മനുഷ്യരുടെ അതിജീവനശേഷിയെ വാക്കുകളിലേക്ക് ഡൊമിനിക് ലാപിയർ പകർത്തുമ്പോൾ ഇതിൽ ടോൾസ്റ്റോയൻ ദാർശനികമായ തലം വായനക്കാർക്ക് അനുഭവപ്പെടാതിരിക്കില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."