ടൂറിസം സീസണിനു മുന്‍പ് കുമരകത്തെ സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കുമെന്ന്
കോട്ടയം: ടൂറിസം സീസണിന് മുന്‍പ് കുമരകത്തിന്റെ സമഗ്ര വികസനത്തിനു കര്‍മപദ്ധതി തയ്യാറാക്കാന്‍ ടൂറിസം ഉപഭോക്താക്കളുടെ യോഗത്തില്‍ ധാരണ. അടിസ്ഥാന സൗകര്യ വികസനം, കായല്‍ സംരംക്ഷണം, മാലിന്യ സംസ്‌ക്കരണം, തോടുകള്‍, നടപ്പാതകള്‍, തുടങ്ങിയവയുടെ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ വിവിധ സമിതികള്‍ക്കും യോഗം രൂപം നല്‍കി.
സുരേഷ് കുറുപ്പ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നയോഗത്തില്‍ ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതികള്‍ സെപ്റ്റംബര്‍ മൂന്നിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. ഹ്രസ്വകാല നടപടികളും ദീര്‍ഘകാല നടപടികളും ചര്‍ച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീ യു വി ജോസ് പറഞ്ഞു. നവംബര്‍ ഒന്നിനകം കുമരകം, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളടങ്ങുന്ന കുമരകം ടൂറിസം മേഖലയെ സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാക്കും. വേമ്പനാട്ട് കായലിനെ മാലിന്യ മുക്തമാക്കുകയെന്നതാണ് ഏറെ പ്രധാനമെന്നു യോഗത്തില്‍ പങ്കെടുത്ത സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച കുമരകത്തെ ഉത്തരവാദിത്ത ടൂറിസം നയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി.
മാലിന്യസംസ്‌കരണത്തിലും കനാലിന്റെ സംരക്ഷണത്തിലും കൂടുതല്‍ നടപടികള്‍ ഉണ്ടാകും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ സാമ്പത്തികം തടസമല്ലെന്നു ജോസ് പറഞ്ഞു. ലണ്ടനിലടക്കം കേരള ടൂറിസത്തിന്റെ പ്രചരണത്തില്‍ ഏറ്റവുമധികം ശ്രദ്ധേയമായതു കുമരകത്തെ ഉത്തരവാദിത്ത ടൂറിസമായിരുന്നു. ഫണ്ടില്ലാത്തതാണ് പഞ്ചായത്തിന്റെ പ്രധാന പരിമിതിയെന്ന് പ്രസിഡന്റ് എ.പി സലിമോന്‍ പറഞ്ഞു. കെ.ടി.ഡി.സി എം.ഡി ഡി.ബാലമുരളി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു രവികുമാര്‍ തുടങ്ങിയവരടക്കം കുമരകം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ടൂറിസം മേഖലയിലെ വിവിധ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."