കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദത്തിന് ചേരണോ..? സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും എഴുതിനല്‍കണം
ജാഫര്‍ കല്ലട
നിലമ്പൂര്‍: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നുമുള്ള ഉറപ്പ് രേഖാമൂലം എഴുതിനല്‍കണം. വിദ്യാര്‍ഥിയും രക്ഷിതാവുമാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ഒന്നും രണ്ടും അലോട്ട്‌മെന്റ് പ്രവേശനം പൂര്‍ത്തിയായ ശേഷമാണ് സ്ത്രീധനവിരുദ്ധ പ്രസ്താവനയുടെ ഫോര്‍മാറ്റ് പല കോളജുകള്‍ക്കും ഇ-മെയിലായി ലഭിച്ചത്. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവരും മൂന്നാം അലോട്ട്‌മെന്റ് മുതല്‍ പ്രവേശനം നേടുന്നവരും സത്യവാങ്മൂലം നല്‍കണം. എങ്കില്‍ മാത്രമേ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകൂ. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ സംസ്ഥാനത്ത് കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശമെന്നും സത്യവാങ്മൂലം ഓരോ വിദ്യാര്‍ഥിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കോളജ് പ്രിന്‍സിപ്പല്‍മാര്‍ എഴുതിവാങ്ങണമെന്നുമാണ് സര്‍വകലാശാലാ പഠന വിഭാഗം മേധാവികള്‍ക്കും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.കെ അബ്ദുല്‍ റഷീദ് അയച്ച സര്‍ക്കുലറിലുള്ളത്.പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണം. വിവരം തെറ്റാണെന്ന് കണ്ടാല്‍ ബിരുദപ്രവേശനം അസാധുവാക്കാമെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണം. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും പ്രവേശനസമയത്ത് വിദ്യാര്‍ഥികള്‍ക്ക് സ്ത്രീധനത്തിനെതിരായ ബോധവല്‍കരണം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."