മാവേലിക്കരയില്‍ വോട്ടുതേടി മുന്നണികള്‍
ആലപ്പുഴ: ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും പ്രത്യേകതകളുള്ള ലോക്‌സഭാ മണ്ഡലമായ മാവേലിക്കരയില്‍ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂര്‍ധന്യത്തിലാണ്. ആലപ്പുഴ, കോട്ടയം, കൊല്ലം എന്നീ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങളുണ്ട്. കൃഷി മുതല്‍ വോട്ടിനെ നേരിട്ട് ബാധിക്കുന്ന വിധത്തിലുള്ള സാമുദായിക ചേരുവകളും ധാരാളം. ഇതൊക്കെ ചേരുംപടി ചേര്‍ന്നാല്‍ മാത്രമേ സ്ഥാനാര്‍ഥികള്‍ക്ക് മാവേലിക്കര കരകയറാനാകൂ. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും എത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്.
നെല്ലിന്റെ വിലയെ ചൊല്ലിയുള്ള കര്‍ഷക പ്രശ്നങ്ങള്‍, താറാവ് കര്‍ഷകരുടെ വിഷയങ്ങള്‍, കുടിവെള്ളപ്രശ്നം, കശുവണ്ടിമേഖല തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
സിറ്റിങ് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന്റെ പോരാളി. പുതുമുഖ സ്ഥാനാര്‍ഥിയായ സി.എ അരുണ്‍കുമാറിലൂടെ കൊടിക്കുന്നിലിനെ നേരിടാനാണ് സി.പി.ഐ തീരുമാനം. ബൈജു കലാശാലയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി.
ഇടുമുന്നണിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണെങ്കിലും കൊടിക്കുന്നില്‍ സുരേഷിന്റെ ഈ സംവരണ മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് എല്‍.ഡി.എഫിന് അത്ര എളുപ്പമല്ല. കൊടിക്കുന്നില്‍ സുരേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ കൈവെള്ള പോലെ പരിചിതമാണ് മാവേലിക്കര. എന്നാല്‍, ഏതുവിധേനയും പിടിച്ചെടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അരുണ്‍കുമാറിനെ സി.പി.ഐ രംഗത്തിറക്കിയത്.
മണ്ഡലം രൂപീകൃതമായ 1962 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണയും ജനഹിതം യു.ഡി.എഫിന് അനുകൂലമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും തൊട്ടടുത്ത വര്‍ഷം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്താനാപുരം എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി നീണ്ടുനിവര്‍ന്നു കിടക്കുകയാണ് മാവേലിക്കര.
മണ്ഡലത്തില്‍ സാമുദായിക സമവാക്യങ്ങളാണ് വിജയികളെ നിര്‍ണയിക്കുക. നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) ആസ്ഥാനം, കത്തോലിക്ക സഭയുടെ രൂപതകള്‍, വിവിധ ക്രൈസ്തവ സഭകളുടെ ഭദ്രാസനങ്ങള്‍, വിശ്വകര്‍മസഭയുടെ ആസ്ഥാനം, എസ്.എന്‍.ഡി.പി, കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) തുടങ്ങിയ സാമുദായിക അദൃശ്യവല മണ്ഡലത്തില്‍ നിര്‍ണായകമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യത്യസ്ത രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത മാവേലിക്കരയ്ക്കുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കിയ മാവേലിക്കരയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജനപ്രതിനിധികളാണ്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, പത്തനാപുരം അടക്കമുള്ള മേഖലയില്‍ വോട്ടുനിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
കൊട്ടാരക്കരയില്‍നിന്ന് കെ.എന്‍ ബാലഗോപാല്‍, പത്തനാപുരത്തുനിന്ന് കെ.ബി ഗണേഷ്‌കുമാര്‍, ചെങ്ങന്നൂരില്‍നിന്ന് സജി ചെറിയാന്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാന മന്ത്രിമാരുള്ള മണ്ഡലമാണ് മാവേലിക്കര. മണ്ഡലത്തില്‍ ഹിന്ദു വോട്ടര്‍മാരാണ് കൂടുതലും. ചില മണ്ഡലങ്ങളില്‍ പട്ടികജാതി, ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നിര്‍ണായകമാണ്. പത്തനാപുരം, ചങ്ങനാശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളില്‍ മുസ്ലിം വിഭാഗത്തിന് വലിയ സ്വാധീനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."