HOME
DETAILS

വിദ്യാലയ മണികള്‍ മുഴങ്ങണം, സൂക്ഷിച്ചും കണ്ടും

ADVERTISEMENT
  
backup
September 19 2021 | 20:09 PM

456353-2

 


കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒന്നര വര്‍ഷക്കാലം അടച്ചിട്ട വിദ്യാലയങ്ങളെല്ലാം തന്നെ തുറക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍ തുറക്കും. കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളും തുറന്നുതുടങ്ങും. കുട്ടികളെ ഇനിയും വിദ്യാലയങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനാവാത്ത അവസ്ഥയായതിനാല്‍ അവയൊക്കെ തുറക്കുക തന്നെ വേണം.


ഒട്ടും സ്വാഭാവികമല്ലാത്തതും ഏറെ പരിമിതികളുള്ളതുമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് ഈ കാലയളവില്‍ നടന്നത്. ഗുരുമുഖത്തുനിന്ന് നേരിട്ട് വിദ്യ നേടുന്ന, അധ്യാപകര്‍ ഓരോ കുട്ടിയെയും കണ്ടറിഞ്ഞ് പഠിപ്പിക്കുന്ന രീതിയുടെ ഏഴയലത്തു പോലുമെത്തില്ല ഗുരുശിഷ്യര്‍ നേരിട്ടു കാണാതെ നടക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം. കൂടാതെ പരീക്ഷകള്‍ക്കും മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ പരിമിതികള്‍ ഏറെയുമാണ്. അതിനേക്കാളൊക്കെയേറെ ദയനീയമാണ് കുട്ടികളുടെ സ്വാഭാവിക വ്യക്തിത്വ വളര്‍ച്ചയ്ക്കു നേരിടുന്ന തടസ്സം. പാഠപുസ്തകങ്ങളില്‍നിന്ന് പഠിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദ്യാലയ വളപ്പില്‍നിന്ന് പഠിക്കുന്ന, പഠിക്കേണ്ട സാമൂഹ്യജീവിത പാഠങ്ങള്‍. കുട്ടികള്‍ക്ക് അതെല്ലാം മുടങ്ങിക്കിടക്കുകയാണ്.


അതുകൊണ്ട് വിദ്യാലയ മണികള്‍ മുഴങ്ങേണ്ടത് അനിവാര്യമാണെങ്കിലും അത് അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. കുട്ടികളില്‍ പ്രതിരോധശേഷി കൂടുതലാണെന്ന വിലയിരുത്തലോടെയാണ് വിദ്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനമെങ്കിലും ആ വിശ്വാസത്തിന്റെ മാത്രം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല അതിന്റെ നടത്തിപ്പു കാര്യങ്ങള്‍. കുട്ടികളില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവായിരുന്നെങ്കിലും അതിനര്‍ഥം അവര്‍ തീര്‍ത്തും സുരക്ഷിതരാണെന്നല്ല. ക്വാറന്റൈന്‍ കാലയളവുകളിലും മറ്റും മുതിര്‍ന്നവര്‍ കരുതലോടെ സംരക്ഷിച്ചതിന്റെ കൂടി ഫലമായിരിക്കും നിലവിലെ അവരുടെ സുരക്ഷിതത്വം. 18 വയസിനു താഴെയുള്ളവര്‍ക്കു നല്‍കേണ്ട വാക്‌സിന്റെ കാര്യത്തില്‍ ആരോഗ്യാധികൃതര്‍ക്ക് ഇതുവരെ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കത് നല്‍കിയിട്ടില്ലെന്നുമോര്‍ക്കണം.


മുതിര്‍ന്നവരെപ്പോലെ കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കാനാവുന്ന അവസ്ഥയിലുള്ളവരല്ല കുട്ടികള്‍. ഓടിച്ചാടിക്കളിച്ചും ഉന്തിയും തള്ളിയുമൊക്കെ വളരുന്ന, അങ്ങനെ തന്നെ വളരേണ്ട പ്രായക്കാരാണവര്‍. ഭീഷണിപ്പെടുത്തിയോ ഭയപ്പെടുത്തിയോ നിയന്ത്രണങ്ങള്‍ പാലിപ്പിക്കുന്നതിന് വേറെ വലിയ ദോഷങ്ങളുമുണ്ട്. അതുകൊണ്ട് തികച്ചും സൗഹാര്‍ദപരമായി കൂട്ടികളെ കൂടെ നടന്നു തന്നെ അതിജീവനപാഠങ്ങള്‍ കൂടി പഠിപ്പിക്കേണ്ടതുണ്ട്. പിന്നെ നീണ്ടകാലം വിദ്യാലയവളപ്പ് അന്യമായി, വീടുകളിലൊതുങ്ങിപ്പോയ കുട്ടികളില്‍ ചിലരുടെയെങ്കിലും മാനസികാവസ്ഥയില്‍ ചില സവിശേഷതകള്‍ വളര്‍ന്നുവന്നിരിക്കാനുമിടയുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയല്ലാതെ അതു കണ്ടെത്താനാവില്ല. അതു കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ കൗണ്‍സിലിങ് അടക്കമുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനും സാധിക്കേണ്ടതുണ്ട്.


ക്ലാസുകളുടെ ക്രമീകരണവും വളരെ പ്രധാനമാണ്. 3,000 കുട്ടികള്‍ വരെ പഠിക്കുന്ന ചില വിദ്യാലയങ്ങളെങ്കിലുമുണ്ട് കേരളത്തില്‍. അവയടക്കം പല സ്‌കൂളുകളിലും കോളജുകളിലും കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കാന്‍ പ്രയാസങ്ങളുണ്ടാകുമെന്നുറപ്പാണ്. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ശാരീരിക സമ്പര്‍ക്കം കുറയ്ക്കാന്‍ അതുമാത്രം മതിയാവില്ല. വേണമെങ്കില്‍ നിലവിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു പുറത്തും ക്ലാസുകള്‍ സജ്ജീകരിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തേണ്ടിയും വരും. അതൊന്നും അത്ര എളുപ്പമാവണമെന്നില്ല. അതുകൊണ്ട് അതിനൊക്കെയുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങേണ്ടതുണ്ട്. ഗതാഗത സൗകര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴയതുപോലെ ഓട്ടോറിക്ഷകളിലും ബസ്സുകളിലുമൊക്കെ കുട്ടികള്‍ക്ക് തിങ്ങിനിറഞ്ഞ് യാത്ര ചെയ്യാവുന്ന കാലമല്ല ഇത്. അതു തിരിച്ചറിഞ്ഞ് കുട്ടികള്‍ക്കായി കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
അധ്യാപകരോ മറ്റ് സ്‌കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ മാത്രം വിചാരിച്ചാല്‍ ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങളല്ല ഇതത്രയും. വിദ്യാഭ്യാസ വകുപ്പിനു പുറത്തും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പി.ടി.എ അടക്കമുള്ള നാട്ടുകാരുടെ കൂട്ടായ്മകള്‍ എന്നിവരുടെയൊക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ഇതിനാവശ്യമായി വരും. അതൊക്കെ ഉറപ്പാക്കാന്‍ ഉടനടി തന്നെ നടപടികള്‍ തുടങ്ങേണ്ടതുണ്ട്.


ഇത്തരം കാര്യങ്ങളിലൊക്കെ സ്വാഭാവികമായി തന്നെ രക്ഷിതാക്കളില്‍ ആശങ്കകളുണ്ട്. അതകറ്റാന്‍ വെറും ആശ്വാസവാക്കുകള്‍ മാത്രം മതിയാകില്ല. എന്തൊക്കെ ചെയ്യുമെന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കല്‍ തീര്‍ത്തും ശ്രമകരം തന്നെയാണ്. എങ്കിലും ഭരണകൂടവും പൊതുസമൂഹവും അത് ഏറ്റെടുക്കുക തന്നെ വേണം. അങ്ങനെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കകളൊന്നുമില്ലാതെ തികച്ചും സുരക്ഷിതമായ സാഹചര്യത്തില്‍ തന്നെ വിദ്യാലയങ്ങളില്‍ ഇനിയും മണികള്‍ മുഴങ്ങട്ടെ. വിദ്യാലയ വളപ്പുകളില്‍ പിഞ്ചു ശബ്ദങ്ങള്‍ നിറയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  2 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  2 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  2 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  2 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  2 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  2 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  2 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  2 months ago