സമസ്ത : പൂര്‍വിക നിലപാടുകള്‍തന്നെയാണ് ശരി
ബഹാവുദ്ദീന്‍ മുഹമ്മദ് നദവി
മലബാര്‍ കലാപാനന്തരം മതരാഷ്ട്രീ സാമൂഹിക സാമ്പത്തിക മേഖലകളില്‍ വന്നുഭവിച്ച നിസ്സഹായവും നിഷ്‌ക്രിയവുമായ സാഹചര്യം മുതലെടുത്ത് മത പരിഷ്‌കരണത്തിന്റെയും സാമുദായിക നവീകരണത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ രംഗത്തുവന്നപ്പോഴാണ് അതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിലെ മഹാന്മാരായ പണ്ഡിത മഹാത്മാക്കൾ 'സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ' എന്ന പരമോന്നത സഭക്ക് രൂപം നല്‍കിയത്.
പാരമ്പര്യ നിഷേധവും മതപരിഷ്‌കരണവും മുഖ്യ അജന്‍ഡയായി സ്വീകരിച്ച ഒരു വിഭാഗം ഉല്‍പതിഷ്ണുക്കള്‍ പുത്തന്‍വാദങ്ങളുടെ വിഷവിത്തുകള്‍ സാധാരണക്കാര്‍ക്കിടയില്‍ വിതക്കാന്‍ തുടങ്ങിയതോടെ പൊതു യോഗങ്ങളിലൂടെ ബഹു ജനങ്ങളെ ഉല്‍ബുദ്ധരാക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ സ്ഥിരം സംവിധാനം രൂപപ്പെടുത്താനും വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദം സ്വീകരിച്ച് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന നിതാന്ത ശ്രമങ്ങളാണ് 1926ല്‍ സമസ്തയുടെ രൂപവത്കരണത്തില്‍ കലാശിച്ചത്. സമുദായത്തില്‍ അലിഞ്ഞുചേര്‍ന്ന അനാചാര പ്രവണതകള്‍ക്കെതിരേയും ഹതാശരായ മുസ് ലിംകളുടെ പുരോഗമന മേഖലകളിലും സമസ്ത സക്രിയമായി രംഗത്തിറങ്ങി. അജയ്യമായ നേതൃത്വമായിരുന്നു സമസ്തയുടെ എക്കാലത്തെയും ചാലക ശക്തി. ഭൗതികതയുടെ അര്‍ത്ഥ ശൂന്യമായ മാസ്മരികതക്കു മുന്നില്‍ പാണ്ഡിത്യം പണയം വയ്ക്കാത്ത സൂക്ഷ്മതയാര്‍ന്ന ജീവിതവും ജ്ഞാനത്തിന്റെ സപ്ത സാഗരങ്ങളും ഹൃദയത്തില്‍ ചേര്‍ത്തു വച്ച പണ്ഡിത വരേണ്യരായിരുന്നു സമസ്തയെ ജനമധ്യത്തിലെത്തിച്ചത്.
എന്നാല്‍, അടുത്തിടെയായി ചിലര്‍ സമസ്തയുടെ പാരമ്പര്യത്തെ ഇകഴ്ത്തുകയും പ്രവര്‍ത്തനങ്ങളെ നിരാകരിക്കുകയും മുന്‍കാല പണ്ഡിത പന്ഥാവുകളെ വിസ്മരിച്ച് അപഹസിക്കുകയും ചെയ്യുന്ന പ്രചാരണങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.രൂപവത്കരണ കാലം മുതല്‍ ആശയാദര്‍ശ പ്രചാരണങ്ങളില്‍ നിത്യസാന്നിധ്യമായി മാറിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഒരു നൂറ്റാണ്ട് കാലം ആരുടെ മുന്നിലും നിലപാട് പണയം വച്ചിട്ടില്ല. സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ മറപറ്റി അപക്വമായ നിലപാടുകളാണ് 1965കള്‍ക്കു ശേഷം സംഘടന സ്വീകരിക്കുന്നത് എന്ന രീതിയില്‍ ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ യുക്തിരഹിതവും ചരിത്ര യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കുന്നതുമാണ്. മതാവബോധവും സാമുദായിക പരിരക്ഷയും കാത്തുസൂക്ഷിച്ച സംഘടന സ്ഥാപിത കാലം മുതലേ വിദ്യാഭ്യാസ ജാഗരണ മേഖലയില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന വിപ്ലവം തീര്‍ത്തിട്ടുണ്ട്.
കേരളത്തിലെ പാരമ്പര്യ മുസ് ലിം സമുദായത്തിന്റെ മത സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ നേതൃപരമായി ഇടപെടുലകള്‍ നടത്തുന്ന പണ്ഡിത സഭയാണ് സമസ്ത. മുസ് ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക, മത വിദ്യാഭ്യാസത്തോടൊപ്പം മതേതര വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന സമുദായത്തിന്റെ നാനോന്മുഖ ഉത്കര്‍ഷമായിരുന്നു സമസ്ത ഉദ്‌ഘോഷിച്ചത്. പക്ഷേ, സമീപകാലത്ത് ചിലര്‍ അതിനെ ദുര്‍വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ആദര്‍ശ പ്രചാരണം മാത്രമാണ് സമസ്തയുടെ ലക്ഷ്യം എന്ന് വാദിക്കുകയും ചെയ്യുമ്പോള്‍, മറ്റൊരു വിഭാഗത്തിന്റെ പ്രധാന മുറവിളി അവകാശ സംരക്ഷണത്തിന് സമസ്തയെ ചിലര്‍ തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്തുന്നുവെന്നും സമസ്ത അവരുടെ ഇംഗിതത്തിന് വഴങ്ങുന്നുവെന്നുമാണ്. യഥാര്‍ഥത്തില്‍ രൂപവത്കൃതമായത് മുതല്‍ ഇന്നുവരെ സ്വന്തം നിലപാടുകളിലും സമുദായത്തിന്റെ സര്‍വതോന്മുഖ മേഖലകളിലും പ്രവര്‍ത്തിച്ച സംഘടനയാണ് സമസ്ത.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേരള മുസ് ലിംകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1951 മാര്‍ച്ച് 25നാണ് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കൃതമായത്. പ്രാഥമിക പഠനരംഗത്ത് സമസ്ത ലോകത്തിന് സമര്‍പ്പിച്ച പ്രധാന നേട്ടങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസ ബോര്‍ഡ്. ആദ്യ യോഗത്തില്‍ ഏഴ് മദ്റസകള്‍ക്ക് അംഗീകാരം നല്‍കിയ സംഘടന കഴിഞ്ഞ മാസം അംഗീകാരം കൊടുത്ത അവസാന മദ്റസയുടെ ക്രമ നമ്പര്‍ 10,759 ആണ്. ഇങ്ങനെ നവോഥാന മേഖലയില്‍ അതിശീഘ്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. മദ്‌റസകള്‍, പള്ളിദര്‍സുകള്‍, ബോര്‍ഡിങ് മദ്‌റസകള്‍, സമന്വയ സ്ഥാപനങ്ങള്‍, എൻജിനീയറിങ് കോളജുകള്‍, വനിതാ കോളജുകള്‍ തുടങ്ങിയ സമുദായത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് സമസ്തയാണ് നെടുനായകത്വം വഹിച്ചത്. ഒരു സമുദായത്തിന്റെ മതഭൗതിക വിദ്യാഭ്യാസ മണ്ഡലത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു സംഘടനയെ ആഗോളതലത്തില്‍ കണ്ടെത്തുക പ്രയാസകരമാണ്. പ്രവര്‍ത്തന ഗോദയില്‍ സമസ്തയെ ശ്രദ്ധേയമാക്കുന്നതും ഇത്തരം വൈജ്ഞാനിക സംരംഭങ്ങള്‍ തന്നെ. ആണ്‍ പെണ്‍ വിദ്യാഭ്യാസത്തെ സന്തുലിതമായി സമീപിക്കാനും സമസ്തക്ക് സാധിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടു മുമ്പ് വഹാബിസം തലയുയര്‍ത്താന്‍ തുടങ്ങിയിരുന്ന കേരളീയ പശ്ചാത്തലത്തില്‍ ആദര്‍ശ വിശദീകരണ യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചാണ് സമസ്ത സമൂഹത്തിന് ദിശാബോധം നല്‍കിയത്. വൈജ്ഞാനിക യജ്ഞവും ആദര്‍ശ പ്രചാരണവും മുതല്‍ക്കൂട്ടാക്കിയ സംഘടനയെ തളര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമായിരുന്നില്ല.സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് രാഷ്ട്രീയമില്ല. എന്നാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യഥാര്‍ഥ വിശ്വാസിയായി ജീവിക്കുന്നതിനു തടസം നില്‍ക്കാത്ത ഏതു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം എന്നതാണ് നിലപാട്. കേരളീയ മുസ്‌ലിംകളില്‍, വിശിഷ്യ മലബാറില്‍ ബഹുഭൂരിപക്ഷവും അംഗങ്ങളായ മുസ്‌ലിം ലീഗുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിലപാടാണ് ഏക്കാലത്തും സമസ്തക്കുള്ളത്. വിയോജിപ്പുകളുണ്ടാവുമ്പോഴൊക്കെ ഇരു സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ ഇല്ലാതിരിക്കാന്‍ ഇരു നേതൃത്വവും ശ്രമിക്കാറുമുണ്ട്. എന്നാല്‍, സമസ്ത ഈ ബന്ധത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടുമില്ല.
സമുദായത്തിന്റെ ഉല്‍ക്കര്‍ഷം ലക്ഷ്യം വച്ചുകൊണ്ടും പുരോഗതികാംക്ഷിച്ചുകൊണ്ടും ഈ രണ്ടു സംഘടനകളും കേരളത്തില്‍ സാധ്യമാക്കിയ നവോഥാന സംരംഭങ്ങളുടെ ചരിത്രം ആര്‍ക്കും വിസ്മരിക്കാനാവില്ല. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മുസ്‌ലിം ലീഗിന്റെ സമുന്നതരായ നേതാക്കളെല്ലാം ഒരേസമയം സമസ്തയുടേയും ലീഗിന്റേയും അംഗങ്ങളായിരുന്നു. 1945ല്‍ കാര്യവട്ടം സമ്മേളനത്തില്‍ വച്ച് ബാഫഖി തങ്ങള്‍ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി: 'നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍ പോവുകയാണ്. അതുകൊണ്ട് ഒരു മതനിരപേക്ഷ രാജ്യത്ത് മദ്‌റസകള്‍ സ്‌കൂളില്‍ നിന്ന് മാറ്റിപ്പണിയേണ്ടി വരും. നമുക്ക് സ്വന്തമായി മദ്‌റസകള്‍ ഉണ്ടാക്കണം. അതിനു പണം ആവശ്യമാണ്'. ബാഫഖി തങ്ങളുടെ ഈ പ്രഖ്യാപനത്തോടെ ജനങ്ങളെല്ലാം സമസ്തയെ അകമഴിഞ്ഞ് സഹായിക്കുകയും മദ്‌റസകള്‍ സ്ഥാപിക്കുകയും ചെയ്തു.
സമസ്തയെ രാഷ്ട്രീയവത്കരിച്ച് അതിലൂടെ സ്വന്തം തീരുമാനങ്ങളും താത്പര്യങ്ങളും ഒളിച്ചു കടത്താനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴാണ് ഒരു വിഭാഗത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ശരീഅത്ത് പോലുള്ള പൊതു വിഷയത്തില്‍ വിവിധ മുസ് ലിം സംഘടനാ നേതാക്കളുമായി വേദി പങ്കിട്ടതിനെ കുറിച്ച്, പുത്തനാശയക്കാരുമായി സമസ്തയുടെ നേതാക്കള്‍ വേദി പങ്കിടുന്നു, സമസ്തയെ സമുദായ പാര്‍ട്ടി അട്ടിമറിക്കുന്നു തുടങ്ങിയ അടിസ്ഥാനരഹിത വാദങ്ങളാണ് ഈ വിഭാഗത്തിനുണ്ടായിരുന്നത്.
മുശാവറയെ അറിയിക്കാതെ എസ്.വൈ.എസ് സമ്മേളനം എറണാകുളത്ത് പ്രഖ്യാപിക്കുകയും അത് നിര്‍ത്തിവയ്ക്കാനുള്ള ആഹ്വാനത്തിനെതിരേ സമസ്ത പണ്ഡിതര്‍ക്കെതിരേ കേസ് കൊടുക്കുകയും ചെയ്തു.1989ല്‍ വിഘടിത വിഭാഗം ഉയര്‍ത്തിയ ആരോപണങ്ങളും സ്വീകരിച്ച നിലപാടുകളും ശരിയായിരുന്നുവെന്ന തരത്തില്‍ ഈയിടെ ചില എഴുത്തുകള്‍ കാണാനിടയായി. 1985ലെ ശരീഅത്ത് വിവാദത്തില്‍ പ്രധാനമന്ത്രിയെ സമീപിക്കാനുള്ള തീരുമാനത്തെ സമുദായ രാഷ്ട്രീയ പാര്‍ട്ടി അട്ടിമറിക്കുകയും ശംസുല്‍ ഉലമയെ പ്രലോഭിപ്പിക്കുകയും ചെയ്തുവന്ന തരത്തില്‍ പൊള്ളയായ ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. വാസ്തവത്തില്‍, ശരീരത്ത് വിവാദം മുസ്‌ലിം ലീഗുകളെ ഐക്യപ്പെടുത്തിയപ്പോള്‍ മറ്റുചിലര്‍ ഛിദ്രതയുണ്ടാക്കാനാണ് ശ്രമിച്ചത്. ശരീഅത്ത് വിവാദത്തിനെതിരേ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യത്തുടനീളം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. സമസ്ത നേതൃത്വവുമായി കാര്യങ്ങള്‍ ആലോചിക്കുകയും ഇബ്രാഹിം സുലൈമാന്‍ സേട്ട്, കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലും പരിപാടി സംഘടിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍, പുത്തനാശയക്കാരുമായി സമസ്ത വേദി പങ്കിട്ടെന്ന അര്‍ത്ഥരഹിതമായ ആരോപണമുന്നയിച്ച് ഈ പരിപാടിയെയും വിവാദമാക്കുകയായിരുന്നു ഒരുവിഭാഗം.പാഠപുസ്തകങ്ങളെ മുസ് ലിം ലീഗ് വഹാബി വല്‍ക്കരിച്ചുവന്നും അതിനെതിരേ സമസ്തയ്ക്ക് പ്രതികരിക്കാനായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 1989-90 അധ്യയന വര്‍ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്ന പുസ്തകത്തില്‍ നാലു മദ്ഹബുകളെയും നിരാകരിക്കുന്ന പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, എസ്.കെ.എസ്.എസ്.എഫ് അടക്കമുള്ള സമസ്ത പോഷകഘടങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം തൊട്ടടുത്ത വര്‍ഷം അത് പിന്‍വലിക്കുകയുമുണ്ടായി.
കേരളത്തിലെ ഉലമാ ഉമറാ കൂട്ടുകെട്ട് മത സാമൂഹിക വിദ്യാഭ്യാസ സൗഹാര്‍ദ രംഗത്ത് ഏറെ മുന്നേറ്റങ്ങളുണ്ടാക്കീട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ദുര്യോഗത്തില്‍ നിന്ന് കേരളം വ്യത്യസ്തമാകുന്നതും ഈ ചേര്‍ന്നുനില്‍ക്കലിന്റെയും പാരസ്പര്യത്തിന്റെയും അടിത്തറമൂലമാണ്. ദീര്‍ഘകാലം നമ്മുടെ സമുദായത്തിന്റെ പുരോഗമന പ്രവര്‍ത്തികള്‍ക്ക് ഈ ഐക്യം അനിവാര്യമാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."