ദീപിക ധരിച്ചാല്‍ പ്രശ്‌നം, സ്മൃതി ഇറാനി ധരിച്ചാല്‍ പ്രശ്‌നമില്ലേ?; മിസ് ഇന്ത്യ മത്സര വീഡിയോ പുറത്ത്; ട്വിറ്ററില്‍ തൃണമൂല്‍-ബി.ജെ.പി പോര്
കൊല്‍ക്കത്ത: പത്താന്‍ സിനിമയിലെ ഗാനരംഗത്തിനെതിരെ വിവാദം കത്തി പടരുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 1998 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോയെ ചൊല്ലി ട്വിറ്ററില്‍ തൃണമൂല്‍ - ബി.ജെ.പി നേതാക്കളുടെ പോര്.
പഠാനിലെ ഗാനരംഗത്ത് ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് പത്താന്‍ ബഹിഷ്‌കണത്തിന് പിന്നില്‍. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനി 1998 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിപ്പൊക്കിയത്.
ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായാണ് സ്മൃതി ഇറാനി കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ റിജു ദത്ത പങ്കുവെച്ചത്.
അതേസമയം, തൃണമൂല്‍ നേതാവ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ട്വീറ്റെന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടു.
മമത ബാനര്‍ജി ഇത്തരം സ്ത്രീവിരുദ്ധരായ ആളുകളെ ടി.എം.സിയുടെ ദേശീയ വക്താവായി നിയമിച്ചിരിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ചാറ്റര്‍ജിയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ഇദ്ദേഹത്തെപ്പോലുള്ളവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ ഈ ട്വീറ്റിന്2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ എങ്ങനെയാണ് ബിജെപി നേതാക്കള്‍ 'സംസ്‌കാരി ബ്രാഹ്മണര്‍' എന്ന് ന്യായീകരിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു.
''കാവിയെന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകള്‍ കാവി വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപടനാട്യക്കാര്‍!. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ 'സന്‍സ്‌കാരി ബ്രാഹ്മിന്‍സ്' എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരും'' - റിജു ദത്ത കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."