'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ഈഴവര്‍ക്ക് പരിശീലനം' വര്‍ഗീയ വിഷംചീറ്റി വീണ്ടും വൈദികന്‍
തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലഹരി നല്‍കി മുസ്‌ലിംകള്‍ നാര്‍കോട്ടിക് ജിഹാദ് നടത്തുകയാണെന്ന പാലാ ബിഷപ്പിന്റെ തീവ്രവര്‍ഗീയ പ്രചാരണം ഉയര്‍ത്തിയ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഈഴവ വിഭാഗത്തെ ലക്ഷ്യംവച്ച് വിദ്വേഷംനിറഞ്ഞ പ്രസംഗവുമായി കത്തോലിക്ക വൈദികന്‍.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് കൊണ്ടുപോവാന്‍ ലൗ ജിഹാദ് മാതൃകയില്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാദര്‍ റോയ് കണ്ണഞ്ചിറയാണ് ആരോപിച്ചത്.
ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇതരവിഭാഗങ്ങളിലുള്ളവര്‍ തട്ടിയെടുക്കുന്നത് ചെറുക്കാന്‍ വൈദികരില്‍ നിന്നോ മതാധ്യാപകരില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ശ്രമം ഉണ്ടാകുന്നില്ലെന്നും കണ്ണഞ്ചിറ പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ചു ഫെറോനകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിനിടെയാണ് വൈദികന്റെ വിവാദ പ്രസംഗം. കത്തോലിക്ക സഭയിലെ വൈദികപ്രഭാഷകരില്‍ പ്രമുഖനായ ഫാ. കണ്ണഞ്ചിറ ദീപിക ബാലസഖ്യം ഡയറക്ടറാണ്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവര്‍ വഴിതെറ്റിക്കുകയാണെന്ന് 2015ല്‍ ഇടുക്കി ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും ആരോപിച്ചിരുന്നു.
എന്നാല്‍ വിദ്വേഷ പ്രചാരണത്തിന് പിന്നാലെ ഈഴവ സമുദായത്തോട് മാപ്പ് ചോദിച്ച് ഫാ. റോയ് കണ്ണഞ്ചിറ. 'എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു, മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."