പാണ്ടിക്കാടൻ പെരുമ
നവാസ് കെ
മലബാറിലെ സ്വാതന്ത്ര്യ സമരത്തിലും കാലങ്ങളായി നിലനിന്ന അധിനിവേശ ചരിത്രത്തിലും അതിപ്രധാനമായി നിന്ന ദേശമായിരുന്നു മലപ്പുറം മഞ്ചേരിയിലെ പാണ്ടിക്കാട്. എ.ഡി പതിനൊന്നാം നൂറ്റാണ്ടു മുതൽ ആദിചേരൻമാരുടെയും പിന്നീട് വള്ളുവകോനാതിരിയുടെയും (വള്ളുവനാട്ടു രാജാവ്) കീഴിലായിരുന്നു ഈ പ്രദേശം. ഏറനാട് ഭരിച്ചിരുന്ന സാമൂതിരി പാണ്ടിക്കാട് ദേശത്തെ പിടിച്ചെടുക്കാൻ വള്ളുവകോനാതിരിയുമായി നിരന്തരം പേരാട്ടത്തിൽ ഏർപ്പെട്ടിരുന്നുവെന്നത് ചരിത്രം. പുഴകളാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു ഇവിടം. അതുകൊണ്ടുതന്നെ ജനങ്ങൾ പാണ്ടിയിൽ, അഥവാ ചങ്ങാടത്തിൽ യാത്ര ചെയ്താണ് ഇവിടെ എത്തിയിരുന്നത്. അങ്ങനെ പ്രദേശം പാണ്ടിക്കടവ് എന്നറിയപ്പെടുകയും പിന്നീട് പാണ്ടിക്കാടായി പരിണമിക്കുകയും ചെയ്തെന്ന് പറയുന്നു. പാണ്ടികളായ (തമിഴ്നാട്ടിൽ നിന്നുള്ളവർ) ആളുകൾ ഇവിടെ കാലങ്ങളായി വിപണനം ചെയ്യുകയും വാക്പ്രയോഗത്തിൽപിന്നീടത് പാണ്ടിക്കാടായി മാറിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
തിരുവിതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിലാണ് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾ മാറുമറയ്ക്കാനുള്ള അവകാശങ്ങൾക്കു വേണ്ടി പോരാട്ടം നടത്തുന്നത്. അതിനും എത്രയോ വർഷം മുമ്പുതന്നെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ സാമൂഹിക ഭരണ പരിഷ്കരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള നിയമം കൊണ്ടുവന്നു. ഈ നിയമം ഉപയോഗപ്പെടുത്തി പാണ്ടിക്കാടിന്റെ പരിസരപ്രദേശമായ വള്ളുവങ്ങാടിൽ സ്ത്രീകൾ മാറുമറച്ച് നടക്കുകയും ചെയ്തു. എന്നാൽ പുതിയ മാറ്റത്തെ മേൽജാതിക്കാർ എതിർക്കുകയും അതു സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ അവകാശ പോരാട്ടം ‘ചേലകലാപം’ എന്നപേരിൽ ചരിത്രത്തിൽ അറിയപ്പെട്ടു.
പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങിയ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായി പാണ്ടിക്കാട് പരിസരം ഏറെ ഇതിഹാസങ്ങൾ രചിച്ചിട്ടുണ്ട്. 1836ൽ പന്തലൂരും 1894ൽ ജന്മിമാരുടെ കുടിയൊഴിപ്പിക്കലിനെതിരേ പാണ്ടിക്കാട്ടും കൊളോണിയൽ ജന്മിത്തത്തിനെതിരേ പോരാട്ടം ശക്തിപ്പെട്ടു. മഞ്ചേരി കോവിലകം വകയായുള്ള ഭൂമിയിൽനിന്ന് കുടിയാന്മാരെ ജന്മിമാർ
ഒഴിപ്പിച്ചപ്പോൾ അതിനെതിരേ പടനയിച്ച 94 മാപ്പിള പോരാളികൾ മഞ്ചേരിയിൽവച്ച് ബ്രിട്ടനുമായി ഏറ്റുമുട്ടി രക്തസാക്ഷികളായി.
സമരം നയിച്ച പോരാളികൾ
ബ്രിട്ടിഷ് അധിനിവേശത്തിനെതിരേ ആദ്യഘട്ടങ്ങളിൽ വീറോടെ പോരാടിയ നേതാക്കളിൽ പ്രമുഖരായിരുന്നു പന്തലൂരിൽ ജനിച്ച ഉണ്ണിമൂസ മൂപ്പൻ. സ്വന്തമായി സൈന്യവും ഗറില്ല പോരാളികളുമടങ്ങുന്ന അദ്ദേഹത്തിന്റെ വൻശക്തി പലഘട്ടങ്ങളിലായി ബ്രിട്ടനെതിരേ പോരാടി. ബ്രിട്ടനെതിരേയുള്ള പോരിന് പഴശ്ശിരാജയും ഉണ്ണിമൂസയുടെ സഹായം തേടി. അവരൊന്നിച്ചു ബ്രിട്ടീഷുകാർക്കെതിരേ സമരം നയിച്ചു. കൂടാതെ ചമ്പ്രൻ പോക്കരും അത്തൻ കുരുക്കളുമെല്ലാം ആദ്യകാല പോരാട്ട നായകന്മാരായി പാണ്ടിക്കാട് മണ്ണിനെ ചരിത്രത്തിൽ രേഖപ്പെടുത്തി.
1921 ഓഗസ്റ്റ് 22ന് പാണ്ടിക്കാട്ടു നടന്ന സായുധസമര പ്രഖ്യാപനത്തിനു നേതൃത്വം നൽകിയത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. ബ്രിട്ടനെതിരേ പരസ്യമായി രംഗത്തിറങ്ങാൻ നാലായിരത്തോളം വരുന്ന മാപ്പിളമാരും പാണ്ടിക്കാട്ടെ നിരവധി സ്വാതന്ത്ര്യസമര സേനാനികളും മുന്നോട്ടുവന്നിരുന്നു. പാണ്ട്യാട്ട് നാരായണൻ നമ്പീശൻ, ചെമ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ, പൂക്കുന്നുമ്മൽ ആലി ഹാജി, പാണ്ട്യാട്ട് ഉണ്ണികൃഷ്ണൻ നമ്പീശൻ, പൂന്താനം രാമൻ നമ്പൂതിരി, മുക്രി അഹമ്മദ്, കാപ്പാട്ട് കൃഷ്ണൻ നായർ തുടങ്ങിയ സമര പോരാളികൾ ഈ ചരിത്ര പ്രഖ്യാപനത്തിൽ സന്നിഹിതരായിരുന്നു.
മലബാർ സമരത്തിന്റെ ഇതിഹാസ മുഖമായിരുന്നു പാണ്ടിക്കാടിനടുത്ത് നെല്ലിക്കുത്ത് ജീവിച്ച ആലി മുസ്ലിയാർ. മതപണ്ഡിതനും ബ്രിട്ടിഷ് വിരുദ്ധ സേനയിലെ പ്രമുഖനും ജീവിതാവസാനം വരെ സ്വന്തം നാടിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും മറക്കാൻ പറ്റാത്ത ഏടാണ്.
ഗറില്ല യുദ്ധവും
പാണ്ടിക്കാട്ടെ പോരാട്ടവും
പാണ്ടിക്കാടിനെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായ പേരാട്ടമായിരുന്നു ബ്രിട്ടനെതിരേ മാപ്പിളമാർ ആസൂത്രണം ചെയ്ത ഗറില്ല യുദ്ധം. 1921 സെപ്റ്റംബർ ഇരുപത്തിമൂന്നിനു പാണ്ടിക്കാട് ഒറവംപുറത്ത് മാപ്പിളമാരെ അടിച്ചമർത്താൻ ബ്രിട്ടിഷ് സൈന്യമായ റോയൽ ആർമി ഡേർസെറ്റ് റെജിമെന്റും ഗൂർഖ സേനയും പ്രാദേശിക പൊലിസിന്റെ പിൻബലത്തോടെ പാണ്ടിക്കാട്ടെത്തി. മാപ്പിളമാരുടെ നീക്കങ്ങൾ മനസിലാക്കാൻ കളത്തിൽ കുഞ്ഞാലിയെന്ന വഞ്ചിക്കാരനെയുംകൂട്ടി ബ്രിട്ടിഷ് സൈന്യം നിരീക്ഷണത്തിനിറങ്ങി. എന്നാൽ കളത്തിൽ കുഞ്ഞാലി തന്ത്രപൂർവം വഞ്ചി വഴിതിരിച്ചുവിടുകയും ഒളിഞ്ഞിരുന്ന മാപ്പിളമാർക്ക് അനുകൂലമായി പ്രവർത്തിക്കാനും തുടങ്ങി. ഈ അവസരം ഉപയോഗപ്പെടുത്തി അവർ ബ്രിട്ടനെതിരേ ശക്തമായ പോരാട്ടം നടത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ ശവക്കല്ലറ ഇന്നും മലപ്പുറത്തെ സെമിത്തേരിയിൽ കാണാം. മാപ്പിളമാരുടെ പക്ഷത്തുനിന്ന് ഒരാളും കൊല്ലപ്പെട്ടു. കളത്തിൽ കുഞ്ഞാലിയടക്കമുള്ള 13 പേരെ ബ്രിട്ടിഷ് പട്ടാളം അറസ്റ്റും ചെയ്തു.
1921 നവംബർ 14, റബീഉൽ അവ്വൽ 12നാണ് പാണ്ടിക്കാട് യുദ്ധം നടക്കുന്നത്. മലബാർ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടിഷ് പട്ടാളം പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിൽ സ്ഥിതി ചെയ്യുന്ന മൊയ്തുണ്ണി പാടത്താണ് ഗൂർഖ പട്ടാള ക്യാമ്പ് സ്ഥാപിച്ചത്. ആ പ്രദേശത്തെ മാപ്പിളമാരെ അടിച്ചമർത്തി സമരരംഗത്തുനിന്ന് മാറ്റിനിർത്തുക എന്നതുകൂടി അവർ ലക്ഷ്യമാക്കി. പാണ്ടിക്കാട് പ്രദേശം ഖിലാഫത്ത് പ്രസ്ഥാനത്തിനു നല്ല സ്വാധീനം ഉണ്ടായിരുന്ന ഇടമായിരുന്നതുകൊണ്ടും ജനതയുടെ പോരാട്ടമുഖത്തെ ഊർജവുംകണ്ടാണ് അവിടെത്തന്നെ ക്യാമ്പ് ചെയ്യാൻ ബ്രിട്ടിഷ് പട്ടാളം തയാറായത്. എന്നാൽ, പട്ടാളത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും അവരുടെ ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു മാപ്പിളമാരുടെ ലക്ഷ്യം. പാണ്ടിക്കാട് പരിസര പ്രദേശങ്ങളായ ചമ്പ്രശ്ശേരി, മേലാറ്റൂർ, വണ്ടൂർ, കരുവാരകുണ്ട്, കീഴാറ്റൂർ, നെന്മിനി, ആനക്കയം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് രണ്ടായിരത്തോളം വരുന്ന പോരാളികൾ സംഘത്തിലുണ്ടായിരുന്നു. ഈ പോരാട്ടത്തിന് മുന്നിൽനിന്ന് ചെരടുവലികൾ നടത്തിയത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും ആയിരുന്നു.
നവംബർ 13ന് ഇശാഅ് നിസ്കാരത്തിനു ശേഷം മാപ്പിളമാരെല്ലാം പാണ്ടിക്കാട്ട് ഒത്തുകൂടുകയും പുലർച്ചെ 14നു കൂട്ട ബാങ്കുകൊടുത്ത് ബ്രിട്ടിഷ് ഗൂർഖ ക്യാമ്പിനു തൊട്ടടുത്തുള്ള മതിൽ പൊളിച്ച് അകത്തു കടക്കുകയും തങ്ങളുടെ കൈയിലുള്ള ആയുധങ്ങൾ കൊണ്ട് ബ്രിട്ടിഷ് പട്ടാളത്തിനെതിരേ പോരാടുകയും ചെയ്തു. ബ്രിട്ടന്റെ ഉയർന്ന പട്ടാള ഉദ്യോഗസ്ഥനായ അവറൈൽ ഉൾപ്പെടെ അഞ്ചിൽ താഴെ ഗൂർഖകൾ അന്ന് കൊല്ലപ്പെട്ടു.
മാപ്പിളമാരുടെ പക്ഷത്തുനിന്ന് 260 ആളുകൾ രക്തസാക്ഷികളായിയെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു. എന്നാൽ നവംബർ 17ന് ഇറക്കിയ ന്യൂയോർക്ക് ട്രിബ്യൂണിൽ 700 മാപ്പിളമാർ രക്തസാക്ഷികളായെന്നും 44ഓളം ബ്രിട്ടിഷ് സൈനികർക്ക് പരുക്കേറ്റെന്നും കാണാം. രക്തസാക്ഷികളായ മാപ്പിളമാരെ ബ്രിട്ടൻ യാതൊരു ദയാദാക്ഷ്യണ്യവും ഇല്ലാതെ മെയ്തുണ്ണി പാടത്ത് കിടങ്ങു കുഴിച്ച് കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."