HOME
DETAILS

അന്തിയുറക്കിനും ചാപ്പകുത്തോ!

  
backup
November 20 2023 | 17:11 PM

centres-alleged-push-to-display-the-pmay-logo-on-state-housing


സ്വന്തമായി വീട് എന്നത് മനുഷ്യനായി പിറന്ന ആരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പരസഹായങ്ങളിലൂടെ ലഭിച്ചതാണെങ്കിലും അത്, എൻ്റെ വീട് എന്നു പറയാനാണ് അതിൻ്റെ ഉടമ ആഗ്രഹിക്കുക. എന്നാൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭവനരഹിതരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നിലപാടാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലൈഫ് പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന വീടിന്റെ മുമ്പിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോയും പ്രധാനമന്ത്രിയുടെ പടവും വയ്ക്കണമെന്ന കേന്ദ്രനിർദേശം പാവപ്പെട്ടവന്റെ അഭിമാനത്തിന് ചാപ്പ കുത്തുക തന്നെയാണ്.

അങ്ങനെ ചെയ്തില്ലെങ്കിൽ കേന്ദ്രവിഹിതം തടയുമെന്ന ഭീഷണിയെ മനുഷ്യാവകാശ ലംഘനമായേ കാണാനാവൂ. ചെലവിന്റെ 18 ശതമാനം തുക മാത്രം നൽകിയിട്ട് ഈ വീടുകൾക്ക് മുമ്പിൽ കേന്ദ്രസർക്കാരിന്റെ പണം കൊണ്ടാണ് നിർമിച്ചതെന്ന ബോർഡും പ്രധാനമന്ത്രിയുടെ പടവും വയ്ക്കണമെന്ന തിട്ടൂരത്തെക്കാൾ നാണംകെട്ടതായി മറ്റെന്തുണ്ട്. പൊറുത്തുപോരുന്ന വീട് ദാനം കിട്ടിയതെന്ന് എഴുതിവച്ച് അതിനുള്ളിൽ ആർക്കെങ്കിലും ആത്മാഭിമാനത്തോടെ അന്തിയുറങ്ങാനാകുമോ?

മനുഷ്യന്റെ ദാരിദ്ര്യത്തേയും നിസ്സഹായതയേയും ചൂഷണം ചെയ്യാനുള്ള ഈ കൗശലം ആരിൽനിന്ന് ഉദിച്ചതാണെങ്കിലും അത് പരിഷ്‌കൃത സമൂഹം വാഗ്ദാനം ചെയ്യുന്ന മാനവികതയുടെ ലംഘനമാണ്. ഈ ചാപ്പ കുത്തൽ കേരളത്തിൽ സാധ്യമല്ലെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഇൗ ആർജവത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ഇതിനോട് പ്രതികാര നടപടികളുമായി കേന്ദ്രം നീങ്ങുന്നുവെന്നാണ് വാർത്തകൾ.


സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ലൈഫ് ഭവന പദ്ധതിയും ഉൾപ്പെടുത്താനുള്ള കേന്ദ്രനീക്കം ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. പദ്ധതിയെ കുരുക്കാൻ ലൈഫ് പദ്ധതിയിൽ എ.ജി ഓഡിറ്റിങ് ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കുവേണ്ടി എടുത്ത വായ്പയും ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ ആകെ വായ്പ വെട്ടിക്കുറച്ചാൽ അത് അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഈ വർഷം സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം 41 ശതമാനത്തിൽനിന്ന് 27 ശതമാനമായി കുറഞ്ഞു.

ഇനി ലൈഫിന്റെ പേരിലും സാമ്പത്തിക നിയന്ത്രണമുണ്ടായാൽ അത് കടുത്ത വറുതിക്കാലമാകും കേരളത്തിന് സമ്മാനിക്കുക. അതിനാൽ കേന്ദ്രത്തിൻ്റെ ഇൗ നീക്കത്തെ ആശങ്കയോടെ മാത്രമേ കാണാനാകൂ.
പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) ഫണ്ടിന്റെ മൂന്നിരട്ടിയോളം സംസ്ഥാന വിഹിതവും ചേർത്താണ് ലൈഫ് പദ്ധതിയിൽ വീടുകൾ പൂർത്തിയാക്കുന്നത്. ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നര ലക്ഷവുമാണ് പി.എം.എ.വൈ ഫണ്ട്. ഇതടക്കം നാലു ലക്ഷമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

ഇത്രയും തുക സംസ്ഥാനം വഹിക്കുന്നതിനാൽ കേന്ദ്ര ബ്രാൻഡിങ് സാധ്യമല്ലെന്ന കേരളത്തിന്റെ നിലപാടിൽ ന്യായമുണ്ട്. സൗജന്യം അടയാളപ്പെടുത്തുന്നത് നിർധനരായ ഗുണഭോക്താക്കളെ അപമാനിക്കുന്നത് തന്നെയാണ്.
ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീട് നൽകുന്നത് ഔദാര്യമല്ല, ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് ആരാണ് ഇവരെ ബോധ്യപ്പെടുത്തുക. ഇത് തങ്ങളുടെ ദയയും ദാക്ഷിണ്യവുമാണെന്ന് വരുത്തിത്തീർക്കാനുള്ള ഭരണകൂടത്തിന്റെ നിലപാടിനെതിരേ പ്രതിഷേധമുയരുക തന്നെ വേണം. അതിനുവേണ്ടി സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം.


സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയെന്ന് കൊട്ടിഘോഷിച്ച ലൈഫ് ഭവന പദ്ധതിയുടെ ജീവൻ നിലയ്ക്കുകയാണോ എന്ന ആശങ്ക ഉയരുന്നതും കാണാതിരുന്നുകൂടാ. പണമില്ലാത്തതിന്റെ പേരിൽ ലൈഫ് ഭവന പദ്ധതി നിലച്ച മട്ടാണിപ്പോൾ. ഫണ്ടിന്റെ അപര്യാപ്തത കാരണം പല പഞ്ചായത്തുകളിലും വീടുകളുടെ നിർമാണം പാതിവഴിയിലാണ്. ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടിന്റെ നിർമാണം പൂർത്തിയാക്കാൻ പണം കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ ഗോപി എന്ന ലോട്ടറി വിൽപനക്കാരൻ ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്.


പണി തുടങ്ങിക്കോളൂ പണം പിറകേ തരാമെന്ന തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ വാക്കുകൾ കേട്ട് വീടുപണി തുടങ്ങിയവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും ഫണ്ടില്ലാത്തതിനാൽ പണം നൽകുന്നില്ല. ഇവിടെയൊക്കെ പണി ഇഴയുകയാണ്. പലരും പലിശക്ക് പണം എടുത്താണ് വീടുകൾ പണിയുന്നത്. ഇവരെ കടക്കെണിയിൽ കുരുക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.


ലൈഫ് ഭവന പദ്ധതിയിലൂടെ ഇക്കഴിഞ്ഞ മെയ് വരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമാണം പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മാർച്ച് 31 വരെ 54,648 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 67,000 ലധികം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കണക്കായ മൂന്നര ലക്ഷത്തോളം പേർക്ക് വീട് നൽകിയെന്നത് സമ്മതിച്ചാലും ഇനിയും രണ്ടു ലക്ഷം പേർക്ക് വീടൊരുക്കണം.


നവകേരള സദസിൽ എത്തുന്ന ആയിരങ്ങൾ കൈയിൽ പിടിച്ചിരിക്കുന്നത് സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തിലേക്കുള്ള അപേക്ഷയാണ്. ലഭിച്ച അപേക്ഷയിൽ ഏറെയും അന്തിയുറങ്ങാനുള്ള വീടിനാണ്. അതിനാൽ അർഹപ്പെട്ടവർക്കു വീടും ആത്മാഭിമാനത്തോടെ അന്തിയുറങ്ങാനുള്ള സാഹചര്യവും ഒരുക്കേണ്ടത് സർക്കാരിന്റെ ഒൗദാര്യമല്ല, ബാധ്യത തന്നെയാണ്.

Content Highlights:Centres alleged push to display the PMAY logo on state housing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago