ഉക്രൈന്‍ യുദ്ധവുംറഷ്യൻ പ്രതിസന്ധികളും
സി.വി.എസ്
പത്തൊമ്പത് മാസമായുള്ള ഉക്രൈന്‍-റഷ്യ യുദ്ധം അനിശ്ചിതമായി നീളുമ്പോഴും സമാധാനപ്രതീക്ഷ പകരുന്ന നീക്കങ്ങള്‍ എവിടെയും കാണാത്തതില്‍ ലോകം തികഞ്ഞ ആശങ്കയിലാണ്. ഫലസ്തീനുമേല്‍ ഇസ്റാഇൗല്‍ നരമേധം തുടരുന്ന സാഹചര്യംകൂടി വന്നതോടെ ഉക്രൈന്‍-റഷ്യ യുദ്ധം വാര്‍ത്തകളിലും ഇടംപിടിക്കുന്നില്ല. ദിവസങ്ങളും മാസങ്ങളും യുദ്ധമുഖത്ത് ഭീതിയാല്‍ കഴിയേണ്ടിവന്ന ഉക്രൈന്‍ ജനത സ്വാഭാവിക പ്രതിരോധത്തിന് കരുത്തു നേടുകയും മറുഭാഗത്ത് ഒന്നരക്കൊല്ലത്തിലേറെ യുദ്ധഭൂമിയില്‍ കഴിയേണ്ടിവന്ന സമ്മര്‍ദത്തില്‍ റഷ്യന്‍ സൈനികര്‍ കടുത്ത നിരാശയിലുമാണ്.
അരികിലെ മനുഷ്യന്‍ പിടഞ്ഞുവീണ് മരിക്കുമ്പോഴും പിറന്നനാട് സംരക്ഷിക്കാനായി പൊരുതുകയാണ് ഉക്രൈന്‍ ജനത. യുദ്ധം എന്ന് അവസാനിക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രമല്ല, നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി എത്രകാലം ഈ വിധത്തില്‍ മുന്നോട്ടുപോകാനാകുമെന്ന ആകുലതകളിലാണ് ഇരു രാജ്യക്കാരും.
യുദ്ധത്തിന്റെ തുടക്കത്തില്‍ ഇരു രാജ്യങ്ങളുമായി നയതന്ത്രതലത്തിലും അല്ലാതെയും ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കാനുള്ള പല ശ്രമങ്ങളും ഐക്യരാഷ്ട്രസഭയും ചില രാജ്യങ്ങളും നടത്തിയിരുന്നു. എന്നാല്‍, റഷ്യ വഴങ്ങാതെവന്നതോടെ ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തി സമ്മര്‍ദത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇന്ത്യയും ചൈനയും പരസ്യമായും രഹസ്യമായും റഷ്യയുടെ പക്ഷത്ത് നിലയുറപ്പിച്ചതോടെ ഉപരോധശ്രമം ഫലവത്തായില്ല. ഒട്ടേറെ തവണ രക്ഷാസമിതിയും പൊതുസഭയും യുദ്ധം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ റഷ്യ തയാറായില്ല. പകരം ചൈനയുടേതുള്‍പ്പെടെ പുതിയ സഖ്യസാധ്യതകള്‍ തേടി തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുകയാണ് റഷ്യ ചെയ്തത്.
യൂറോപ്യന്‍ യൂനിയനുമായും യു.എസ് നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവുമായും ഉക്രൈന്‍ കൂടുതല്‍ അടുക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ രക്തച്ചൊരിച്ചിലിനിടയാക്കിയ പോരാട്ടത്തിലേക്കെത്തിച്ചത്. 2014ല്‍ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യുനോകോവിച്ചിനെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരം പിടിച്ചെടുത്തതോടെ റഷ്യയും ഉക്രൈനും തമ്മിലുള്ള സൗഹൃദം ഇല്ലാതായി.
റഷ്യയുമായുള്ള സഖ്യം മതിയാക്കി നാറ്റോയുമായി അടുക്കാനുള്ള ഉക്രൈന്‍ പ്രസിഡൻ്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ തീരുമാനമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ഉക്രൈന് പിന്തുണയുമായി യു.എസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളും നാറ്റോയുമെത്തിയതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം ശാക്തികചേരികള്‍ തമ്മിലുള്ള ബലപരീക്ഷണമായും അന്താരാഷ്ട്ര പ്രശ്‌നമായും മാറി. തങ്ങളുടെ അയല്‍രാജ്യം നാറ്റോയുടെ താവളമായി മാറുന്നതിലെ സുരക്ഷാ ആശങ്കയാണ് ഉക്രൈനെതിരായ കടന്നാക്രമണത്തിന് റഷ്യയെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളായി ചെറുതും വലുതുമായ ഒട്ടേറെ സംഘര്‍ഷങ്ങള്‍ നടന്നതിന് പിന്നാലെ 2022 ഫെബ്രുവരി 24ന് അത് യുദ്ധമായി മാറി.
തങ്ങളുടെ ആയുധശേഷിയും മേധാശക്തിയും ഉപയോഗിച്ച് ഉക്രൈനെ ഉന്മൂലനം ചെയ്യാമെന്ന റഷ്യയുടെ കണക്കൂകൂട്ടല്‍ പിഴയ്ക്കുന്നതിനാണ് പിന്നീട് ലോകം സാക്ഷിയായത്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ അതിര്‍ത്തികളിലൂടെ റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും ചീറിപ്പാഞ്ഞ് ഉക്രൈന്റെ ഹൃദയഭൂമി ഉഴുതുമറിച്ചിട്ടു. എന്നാല്‍ തുടക്കത്തില്‍ പകച്ചുപോയ ഉക്രൈന്‍ ദിവസങ്ങള്‍ കഴിയവെ റഷ്യയെ പ്രതിരോധിക്കാന്‍ തുടങ്ങി. സൈനികര്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളും അധിനിവേശത്തിന് എതിരായി യുദ്ധമുഖത്ത് അണിനിരന്നതോടെ റഷ്യയുടെ കണക്കൂകൂട്ടലുകള്‍ തെറ്റി. യുദ്ധം തുടങ്ങി മൂന്നുമാസം പിന്നിട്ടപ്പോള്‍ ഉക്രൈന് മാത്രമല്ല, റഷ്യയ്ക്കും കനത്ത ആള്‍നാശവും കെടുതിയുമുണ്ടായി.
റഷ്യ കൈവശപ്പെടുത്തിയ ഓരോ ഭുഭാഗങ്ങളും ഉക്രൈന്‍ പോരാട്ടത്തിലൂടെ തിരികെപിടിച്ചു. വലിയ നഷ്ടങ്ങള്‍ക്കിടയിലും തളരാതെ പൊരുതുന്ന ഉക്രൈന്‍ ജനതയുടെ ആത്മവീര്യത്തിന് മുന്നില്‍ റഷ്യക്ക് കാലിടറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഇരുഭാഗത്തും വലിയ നഷ്ടങ്ങള്‍ക്ക് ഹേതുവായ യുദ്ധം അനിശ്ചിതമായി നീളാന്‍ തുടങ്ങിയതോടെ റഷ്യന്‍ സൈനികരുടെ മനോവീര്യം നഷ്ടമായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇരുഭാഗത്തുനിന്നുമായി ആകെ 3,54,000 സൈനികര്‍ കൊല്ലപ്പെടുകയോ സാരമായി പരുക്കേല്‍ക്കപ്പെടുകയോ ചെയ്തതായി യു.എസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ ഭാഗത്ത് 43,000 സൈനികര്‍ കൊല്ലപ്പെടുകയും 1,80.000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉക്രൈനിലെ 17,500 സൈനികര്‍ കൊല്ലപ്പെടുകയും 1,13,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് പറയുന്നു. ഉക്രൈനില്‍ സൈനികര്‍ മാത്രമല്ല, അരലക്ഷത്തോളം സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
യുദ്ധത്തിനിടെ 72,00 പേര്‍ക്ക് പരുക്കുപറ്റുകയും ചെയ്തു. 44 ദശലക്ഷം ജനസംഖ്യയുള്ള ഉക്രൈനില്‍ 14 ദശലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. അധിനിവേശത്തിന്റെയും യുദ്ധക്കെടുതികളുടെയും ഭീകരമായ അവശേഷിപ്പുകള്‍ ഉക്രൈനില്‍ എങ്ങും കാണാനാകും. എന്നിട്ടും വെടിനിര്‍ത്താനോ, ശാശ്വത സമാധാനം കൈവരിക്കാനോ ഇരുരാജ്യങ്ങള്‍ക്കു സാധിക്കുന്നില്ല.
യുദ്ധം വിജയിക്കാനോ ഉക്രൈനെ സമ്പൂര്‍ണായി കീഴ്‌പ്പെടുത്താനോ റഷ്യയ്ക്ക് സാധിച്ചില്ല എന്നുമാത്രമല്ല, സാമ്പത്തിക, രാഷ്ട്രീയ, നയതന്ത്രമേഖലകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടിയും വന്നു. കൊവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് ലോക സാമ്പത്തിക രംഗം പതുക്കെ കരകയറാനുള്ള തീവ്ര ശ്രമങ്ങള്‍ക്കിടെയാണ് റഷ്യ ഉക്രൈനെ കടന്നാക്രമിച്ചത്. ഇതോടെ റഷ്യയുടെ സാമ്പത്തിക മേഖല തീര്‍ത്തും സ്തംഭനാവസ്ഥയിലും പിന്നാലെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തി.
യുദ്ധാനന്തരം ലോകരാജ്യങ്ങള്‍ വിശിഷ്യാ വന്‍കിട സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള കയറ്റുമതി നിലച്ചതോടെ റഷ്യയുടെ വിദേശനാണയ ശേഖരം സര്‍വകാല റെക്കോര്‍ഡില്‍ നിലംപൊത്തി. എണ്ണ, പ്രകൃതി വാതക മേഖലയിലെ കയറ്റുമതി നിലച്ചത് റഷ്യയുടെ ആഭ്യന്തരവരുമാനം രണ്ടക്കത്തില്‍ താഴെയെത്തിക്കാന്‍ കാരണമായി.
യുദ്ധത്തിലൂടെ റഷ്യയുടെ ആയുധശേഷി, യുദ്ധതന്ത്രങ്ങൾ എന്നിവയപ്പറ്റി പുറംലോകത്തിനുള്ള കാഴ്ചപ്പാടിലും മാറ്റമുണ്ടായി. സൈനികശേഷിയാലും ആധുനികവും മാരകവുമായ ആയുധശേഖരത്താലും മറ്റേതൊരു രാജ്യത്തെയും കിടപിടിക്കാന്‍ കഴിവുണ്ടെന്ന് ലോകം കരുതിയ റഷ്യയാണ് ഉക്രൈന്‍ എന്ന ഏറ്റവും ദുര്‍ബലനെന്ന് വിശേഷിപ്പിച്ച എതിരാളിക്ക് മുന്നില്‍ വിയര്‍ക്കുന്നത്. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഉക്രൈനെ കീഴ്‌പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കര, വ്യോമ യുദ്ധങ്ങള്‍ക്ക് തുടക്കമിട്ട റഷ്യ, ഒന്നരവര്‍ഷത്തിനിപ്പുറം നേട്ടമൊന്നും അവകാശപ്പെടാനാകാത്ത വിധം സ്വയം പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് ലോകം കണ്ടത്.
അതേസമയം, നാറ്റോ സഖ്യകക്ഷിയായേക്കുമെന്ന ഭീതിയില്‍ അധിനിവേശവും ആക്രമണവും തുടങ്ങിയ റഷ്യ, ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ ഉക്രൈന്‍ പൂര്‍ണമായും നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ ഭാഗമായി മാറുന്ന കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിയും വന്നു. ഔദ്യോഗിക പ്രവേശനം സാധ്യമായില്ലെങ്കിലും ഉക്രൈന് യൂറോപ്യന്‍ യൂനിയനുമായും നാറ്റോ സഖ്യകക്ഷികളുമായും ഏറെ അടുത്തം ബന്ധം പുലര്‍ത്താനും സഹകരണങ്ങളിലേര്‍പ്പെടാനും യുദ്ധംമൂലം സാധിച്ചു. ഇതാവട്ടെ റഷ്യയുടെ നയതന്ത്രതലത്തിലെ കനത്ത തിരിച്ചടി കൂടിയാണ്.
ഏഴുവര്‍ഷത്തോളം നീണ്ട റഷ്യ-അഫ്ഗാന്‍ യുദ്ധം ഓര്‍മിപ്പിച്ച് പല നയതന്ത്ര വിദഗ്ധരും ഉക്രൈന്‍ യുദ്ധത്തെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലം യുദ്ധം തുടര്‍ന്നാല്‍ പിടിച്ചുനില്‍ക്കാന്‍ റഷ്യയ്‌ക്കോ ഉക്രൈനോ കഴിയുകയില്ല. രാജ്യത്തെ സൈനിക-സാമ്പത്തിക-വികസന കാര്യങ്ങളില്‍ നേരിടുന്ന തകര്‍ച്ചയോടൊപ്പം ജനങ്ങളുടെ കടുത്ത രോഷവും ഭരണകൂടങ്ങള്‍ നേരിടേണ്ടിവരുന്നു. റഷ്യയില്‍ തുടക്കം മുതല്‍ യുദ്ധവിരുദ്ധ വികാരമുള്ളവരുടെ ഏകോപനം ശക്തമായിരുന്നു.
അധികാരത്തിന്റെ കരുത്തില്‍ ഇത്തരം വിമതസ്വരങ്ങളെയും പ്രതിഷേധങ്ങളെയും ഒതുക്കിത്തീര്‍ക്കാന്‍ പുടിന്‍ ഭരണകൂടത്തിന് താല്‍ക്കാലികമായി കഴിഞ്ഞെങ്കിലും ജനങ്ങള്‍ ഒരവസരം കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് റഷ്യയില്‍നിന്ന് കേള്‍ക്കുന്നത്. അശാന്തി വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടെന്നാണ് ഉക്രൈനിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. സമാധാനത്തിനുവേണ്ടി നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മര്‍ദം ചെലുത്താന്‍ ലോകരാജ്യങ്ങള്‍ക്കോ ഐക്യരാഷ്ട്രസഭയ്‌ക്കോ കഴിയുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.
Content Highlights:The Ukraine War and the Russian Crisis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."