ചെല്‍സിക്കും ആഴ്‌സണലിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് വിജയം. നിലവിലെ ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്വാന്‍സിയെയും ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളിന് ബേണ്‍ലിയെയും ആഴ്‌സണല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് വാട്‌ഫോര്‍ഡിനെയും പരാജയപ്പെടുത്തി.
സ്വാന്‍സിക്കെതിരേ സീസണിലെ ആദ്യ ജയമാണ് ലെയ്‌സ്റ്റെര്‍ സ്വന്തമാക്കിയത്. തുടക്കം മുതല്‍ മികച്ച പാസിങ് ഗെയിം പുറത്തെടുത്ത ടീം സ്വാന്‍സിയെ പ്രതിരോധത്തിലാക്കി. 32ാം മിനുട്ടില്‍ ലെയ്‌സ്റ്റെര്‍ ആദ്യ ഗോള്‍ നേടി. ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടര്‍ നല്‍കിയ പാസുമായി മുന്നേറിയ മഹറസ് പന്ത് വാര്‍ഡിക്ക് നല്‍കി. താരം മികച്ചൊരു ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ വാര്‍ഡിയുടെ 50ാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെയ്‌സ്റ്റെര്‍ ലീഡ് ഉയര്‍ത്തി. മഹറസിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. 56ാം മിനുട്ടില്‍ ലെയ്‌സ്റ്റെറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ മഹറസിന്റെ കിക്ക് സ്വാന്‍സി ഗോള്‍ കീപ്പര്‍ ലൂക്കാസ് ഫാബിയാന്‍സ്‌കി സേവ് ചെയ്തു. പിന്നീട് ലഭിച്ച ഒന്നിലധികം അവസരങ്ങള്‍ ഗോളാക്കാന്‍ മഹറസിന് സാധിച്ചില്ല. 80ാം മിനുട്ടില്‍ ലെറോയ് ഫെര്‍ സ്വാന്‍സിക്ക് വേണ്ടി ഗോള്‍ മടക്കിയെങ്കിലും സമനില നേടാന്‍ സാധിച്ചില്ല.
ബേണ്‍ലിക്കെതിരേ അനായാസമായിരുന്നു ചെല്‍സിയുടെ ജയം. ഏദന്‍ ഹസാര്‍ദ്, വില്യന്‍, വിക്ടര്‍ മോസസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. പുതിയ സീസണില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജയത്തോടെ ചെല്‍സി ഒന്നാം സ്ഥാനത്തെത്തി.
വാട്‌ഫോര്‍ഡിനെതിരേ ആഴ്‌സണലിനായി കസോര്‍ള, അലക്‌സിസ് സാഞ്ചസ്, മെസുറ്റ് ഓസില്‍ എന്നിവര്‍ ഗോള്‍ നേടി. മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. വാട്‌ഫോര്‍ഡിനായി റോബര്‍ട്ടോ പെരെയ്‌ര ഗോള്‍ മടക്കി.
ലിവര്‍പൂള്‍-ടോട്ടനം, ക്രിസ്റ്റല്‍ പാലസ്-ബേണ്‍മൗത്ത്, സതാംപ്ടന്‍-സണ്ടര്‍ലാന്‍ഡ് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ എവര്‍ട്ടന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി.
ഗോളില്‍ ആറാടി ബയേണ്‍
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വിജയത്തുടക്കം. വെര്‍ഡര്‍ ബ്രമനെ എതിരില്ലാത്ത ആറു ഗോളിന് മുക്കിയാണ് ബയേണ്‍ തുടക്കം ഗംഭീരമാക്കിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ടീമിനായി ഹാട്രിക്ക് ഗോള്‍ സ്വന്തമാക്കി. ശേഷിച്ച ഗോളുകള്‍ സാബി അലോണ്‍സോ, ഫിലിപ്പ് ലാം, ഫ്രാങ്ക് റിബറി എന്നിവര്‍ നേടി.
പുതിയ കോച്ച് കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ വമ്പന്‍ താരനിരയെ അണിനിരത്തിയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. തുടക്കം തൊട്ട് മത്സരത്തില്‍ ആധിപത്യം പുലര്‍ത്താനും ബയേണിന് സാധിച്ചു. മുള്ളറുടെ മുന്നേറ്റത്തോടെയാണ് ബയേണ്‍ ആരംഭിച്ചത്. ഒന്‍പതാം മിനുട്ടില്‍ ബയേണ്‍ ആദ്യ ഗോള്‍ നേടി. ലാമിന്റെ കോര്‍ണറില്‍ തകര്‍പ്പനൊരു വോളിയിലൂടെ സാബി അലോണ്‍സോയാണ് സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ മുള്ളറുടെ ഷോട്ട് വെര്‍ഡര്‍ ഗോള്‍കീപ്പര്‍ ഫെലിക്‌സ് വീഡ്‌വാള്‍ഡ് സേവ് ചെയ്തു.
പിന്നീടങ്ങോട്ട് ബയേണ്‍ നിരന്തരം ആക്രമണം നടത്തി. 13ാം മിനുട്ടില്‍ റിബറി നല്‍കിയ പന്തുമായി മുന്നേറിയ ലെവന്‍ഡോസ്‌കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബയേണിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ഈ രണ്ടു ഗോളുകള്‍ക്കും ശേഷം നിരവധി അവസരങ്ങളും ബയേണ്‍ പാഴാക്കി. ലെവന്‍ഡോവ്‌സ്‌കിയുടെയും മുള്ളറുടെയും ഷോട്ടുകള്‍ വീഡ്‌വാള്‍ഡ് തടുത്തിട്ടു. ഇതില്‍ മുള്ളറുടെ തകര്‍പ്പനൊരു ഷോട്ട് ബാറില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ ലെവന്‍ഡോസ്‌കി ഷോട്ടുതിര്‍ത്തെങ്കില്‍ പുറത്തേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബയേണ്‍ സ്‌കോര്‍ ഉയര്‍ത്തി. മുള്ളറുടെ പാസില്‍ നിന്നു ലെവന്‍ഡോസ്‌കി തന്നെയാണ് ഗോള്‍ നേടിയത്. 20 മിനുട്ടുകള്‍ക്ക് ശേഷം ലാമും സ്‌കോര്‍ ചെയ്തതോടെ അഞ്ചു ഗോളിന് ബയേണ്‍ മുന്നിലെത്തി. നാലു മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു ലെവന്‍ഡോവ്‌സ്‌കി തന്റെ മൂന്നാം ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ വോള്‍വ്‌സ്ബര്‍ഗ് എതിരില്ലാത്ത രണ്ടു ഗോളിന് ഓഗ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മെയ്ന്‍സിനെ പരാജയപ്പെടുത്തി. ഐന്‍ത്രാഷ് ഫ്രാങ്ക്ഫര്‍ട്ട് എതിരില്ലാത്ത ഒരു ഗോളിന് ഷാല്‍ക്കെയെയും കൊളോണ്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഡാംസ്റ്റഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഹാംബര്‍ഗര്‍-ഇന്‍ഗ്ലോസ്റ്റഡ് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."