തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; കൊവിഡ് പോസിറ്റീവ് സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കണമെന്നും കേന്ദ്രം
ന്യൂഡല്‍ഹി: ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സംസ്ഥാനങ്ങള്‍ രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ നിര്‍ബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കോവിഡ് വകഭേദങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തേ കണ്ടെത്തുന്നതിന് രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ നിര്‍ബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.30നാണ് യോഗം ആരംഭിച്ചത്. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രതിവാര യോഗം ചേരും.
നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും വിലയിരുത്തല്‍. എന്നാല്‍ ജാഗ്രത ശക്തമാക്കാന്‍ മുഴുവന്‍ പോസിറ്റീവ് കേസുകളിലും സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചു. ആഗോളതലത്തില്‍ ഓരോ ആഴ്ചയും 35 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 129 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 3,490 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണം രേഖപ്പെടുത്തി.
പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ നിതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. അന്താരാഷ്ട്ര വിമാന യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും പോള്‍ പറഞ്ഞു.
വിദേശത്തു നിന്നെത്തുന്നവരിലൂടെ രോഗവ്യാപനം ഉണ്ടാവുന്നത് എങ്ങനെ തടയാം എന്നതുള്‍പ്പെടെ പ്രാഥമികമായി ആറ് പ്രധാന കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ചചെയ്തത്. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍, വരാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ പ്രോട്ടോക്കോളുകള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
ചൈനയില്‍ കര്‍ശനമായ ലോക്ക്ഡൗണുകളും കൂട്ട പരിശോധനകളും ഏര്‍പ്പെടുത്തിയ സീറോ കോവിഡ് നയം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയതോടെയാണ് കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചത്. ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ഫാര്‍മസികളില്‍ മരുന്ന് തീരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."