പൂവ് ചോദിച്ചു പൂക്കാലം നല്‍കി; മകന്റെ വിശപ്പടക്കാന്‍ ടീച്ചറോട് 500 രൂപ കടം ചോദിച്ച വീട്ടമ്മക്ക് ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ
കൂറ്റനാട് (പാലക്കാട്): ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മക്ക് ദിവസങ്ങള്‍ക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 55 ലക്ഷം രൂപ. കൂറ്റനാട് സ്വദേശി സുഭദ്രക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്. ഇവരുടെ ദുരിതത്തെക്കുറിച്ച് കൂടല്ലൂര്‍ സ്വദേശിനിയായ വട്ടേനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താല്‍ക്കാലിക അധ്യാപിക ഗിരിജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകള്‍ സഹായവുമായി എത്തിയത്.
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തീര്‍ത്തും കിടപ്പിലായ 17 വയസുള്ള മകന്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച, പാള കൊണ്ട് ചോര്‍ച്ച അടച്ച പഴകിയ വീട്ടിലാണ് താമസം. അഞ്ച് മാസം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തീര്‍ത്തും ദുരിതത്തിലായി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാന്‍ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി. മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ചറെ വിളിച്ചു.
സുഭദ്രയ്ക്ക് 1000 രൂപ അയച്ചു കൊടുത്തതിനൊപ്പം ടീച്ചര്‍ അവരുടെ വീട് സന്ദര്‍ശിച്ച് ദുരിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.പോസ്റ്റിടുമ്പോള്‍ ടീച്ചറുടെ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ആ കുഞ്ഞുങ്ങളെ പണി തീരാത്ത വീട് പൂര്‍ത്തിയാക്കി മാറ്റി താമസിപ്പിക്കണം. രണ്ടാമത് മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിക്കേണ്ട അവസ്ഥ വരരുത്.ഫേസ്ബുക്ക് പോസ്റ്റിട്ട് 48 മണിക്കൂറിനുള്ളില്‍ 55 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലെത്തിയത്.
ആവശ്യത്തിലധികം സംഖ്യയായപ്പോള്‍ വിവരം ടീച്ചര്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കിയവരോട് ഗിരിജ ടീച്ചര്‍ നന്ദി അറിയിച്ചു. ഈ പണം കൊണ്ട് പാതി വഴിയില്‍ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂര്‍ത്തിയാക്കണം. മകന്റെ തുടര്‍ ചികിത്സ നടത്തണം. ബാക്കി സംഖ്യ നാല് പേരുടെയും പേരില്‍ കൂറ്റനാട് എസ്ബിഐ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യണം. ഇതിനെല്ലാം,നിമിത്തമായ ടീച്ചര്‍ തന്നെ എന്നും കൂടെയുണ്ടാകും. എല്ലാവിധ സഹായങ്ങളുമായി ചാലിശ്ശേരി ജനമൈത്രി പൊലിസും രംഗത്തെ ത്തി.
അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളില്‍ നിന്ന് സഹായമെത്തി.ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരില്‍ നിന്നെത്തിയ കൈത്താങ്ങിന്റെ കരുതലില്‍ സുഭദ്ര ജീവിതത്തില്‍ പുതിയ ചുവടുകള്‍ വെക്കുകയാണ്. ഗിരിജ ഹരികുമാര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ടീച്ചര്‍.ഭര്‍ത്താവ് ഹരികുമാര്‍ സൗദി അറേബ്യയിലെ ജിസാനിലാണ്. കൂടല്ലൂര്‍ കൂട്ടക്കടവ് പുതുക്കോടത്ത് മാധവിക്കുട്ടി അമ്മയുടെ മകളാണ്.സഹോദരിമാര്‍ പ്രിയ, പ്രസീത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."