HOME
DETAILS
MAL
പുറംവൈദ്യുതി ഗണ്യമായി കുറഞ്ഞു; ബദല്‍ മാര്‍ഗം തേടി കെ.എസ്.ഇ.ബി
backup
September 26 2021 | 03:09 AM
ബാസിത് ഹസന്‍
തൊടുപുഴ: ദീര്‍ഘകാല കരാര്‍പ്രകാരം ലഭിക്കേണ്ട വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു കൂടുതല്‍ വൈദ്യുതി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കല്‍ക്കരിക്ഷാമം മൂലം ഉത്തരേന്ത്യന്‍ താപവൈദ്യുതി നിലയങ്ങളിലടക്കം ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ പുറംവൈദ്യുതിയില്‍ 200-250 മെഗാവാട്ടിന്റെ കുറവാണ് വന്നത്. പ്രതിസന്ധി തരണം ചെയ്യാന്‍ കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ഊര്‍ജിതശ്രമം നടത്തുന്നുണ്ട്. ആഭ്യന്തര ഉല്‍പ്പാദനവും ഉയര്‍ത്തിയിട്ടുണ്ട്.
പ്രധാന താപവൈദ്യുതി നിലയങ്ങളായ 2600 മെഗാവാട്ട് വീതം ശേഷിയുള്ള തെലങ്കാനയിലെ രാമഗുണ്ഡം, ചത്തീസ്ഗഡിലെ ജിന്‍ഡാല്‍, കോര്‍ബ, 1320 മെഗാവാട്ടിന്റെ മഹാരാഷ്ട്രയിലെ സോലാപുര്‍ എന്നിവിടങ്ങളില്‍ അടക്കം കല്‍ക്കരിക്ഷാമം മൂലം ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ഇതാണ് കേരളത്തിന് വിനയായത്. മഴ കുറയുകയും ചൂടുകൂടുകയും ചെയ്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കൂടുന്നതും പ്രശ്‌നമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 78.4105 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. ഇതില്‍ 47.0163 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചപ്പോള്‍ 31.3941 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം.
ഇടുക്കി പദ്ധതിയിലാണ് ഇന്നലെ കൂടുതല്‍ ഉല്‍പ്പാദനം നടന്നത്, 10.211 ദശലക്ഷം യൂനിറ്റ്. മറ്റ് പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം ഇങ്ങനെയാണ്. ശബരിഗിരി 5.4, കുറ്റ്യാടി 3.0612, ഇടമലയാര്‍ 1.3899, ലോവര്‍ പെരിയാര്‍ 2.396, നേര്യമംഗലം 1.2046, ഷോളയാര്‍ 1.0956, പള്ളിവാസല്‍ 0.4088, പന്നിയാര്‍ 0.6321, ചെങ്കുളം 0.6824, പെരിങ്ങല്‍കുത്ത് 1.2351, കക്കാട് 0.7612, കല്ലട 0.1744, മലങ്കര 0.0561 ദശലക്ഷം യൂനിറ്റ്. സംഭരണികളില്‍ 78 ശതമാനത്തോളം ജലശേഖരമുള്ളതാണ് സംസ്ഥാനത്തിന് ആശ്വാസം.
3245.42 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവിലുണ്ട്. ഇന്ന് പൊതുഅവധിയും നാളെ ഹര്‍ത്താലുമായതിനാല്‍ രണ്ടു ദിവസം കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെങ്കിലും കല്‍ക്കരിക്ഷാമം തുടര്‍ന്നാല്‍ അത് വൈദ്യുതി ക്ഷാമത്തിലേക്ക് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."