തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഒക്ടോബര്‍ 14 മുതല്‍ അദാനിക്ക്
പകുതി ജീവനക്കാരെ നിലനിര്‍ത്തും
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഒക്ടോബര്‍ 14 മുതല്‍ അദാനി ഗ്രൂപ്പിനായിരിക്കും വിമാനത്താവള നടത്തിപ്പ് ചുമതല. നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലംമാറ്റും. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് തുടരും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു.
കരാര്‍പ്രകാരം ആറുമാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നിയമനടപടിയും കൊവിഡ് വ്യാപനവും ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി. അതേസമയം, വിമാനത്താവളത്തിന്റെ സ്വകാര്യവല്‍കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരേ കേരളം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രിംകോടതിയില്‍ നിലവിലുണ്ട്. അതിനിടെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്. വിമാനത്താവള കൈമാറ്റം സ്ഥിരീകരിച്ചും ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."