അഫ്ഗാന്‍ പട്ടിണിയുടെ വക്കിലെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: ശൈത്യകാലം ആസന്നമാവുകയും സര്‍ക്കാര്‍ സര്‍വിസുകള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ വക്കിലാണെന്ന് യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ഡയരക്ടര്‍ നതാലിയ കാനെം. ജനസംഖ്യയുടെ മൂന്നിലൊന്നും ഏതു നിമിഷവും ഭക്ഷണം ലഭിക്കാത്ത അവസ്ഥയിലെത്തുമെന്ന് എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
കൊടും തണുപ്പും പര്‍വതങ്ങള്‍ നിറഞ്ഞ രാജ്യത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാനുള്ള പ്രയാസവും കൊവിഡ് മഹാമാരിയും അവിടുത്ത അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. മരുന്നുകളും മെഡിക്കല്‍ സൗകര്യങ്ങളും അവര്‍ക്ക് എങ്ങനെ എത്തിക്കുമെന്നതും ഓരോ നേരത്തെയും ഭക്ഷണം എവിടെനിന്ന് ലഭിക്കുമെന്നതും ചോദ്യമായി അവശേഷിക്കുകയാണ്. രാജ്യത്തെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇതിന്റെ എല്ലാ പ്രയാസവും കൂടുതലായി അനുഭവിക്കേണ്ടിവരുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ശിശുമരണത്തിലും പ്രസവത്തിനിടെയുള്ള മരണത്തിലും മുന്നിലുള്ള രാജ്യമാണ് അഫ്ഗാന്‍. മുന്‍ ഭരണത്തില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും അവസരം നല്‍കുമെന്ന് താലിബാന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പ്രവിശ്യാ ഭരണകൂടങ്ങളിലൊന്നും വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. അതേസമയം അഫ്ഗാനിലെ യു.എന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളെല്ലാം തുറന്നിരിക്കുകയാണെന്നും നതാലിയ പറഞ്ഞു. കഴിഞ്ഞദിവസം അഫ്ഗാന്‍ ആരോഗ്യമേഖലയ്ക്ക് യു.എന്‍ 4.5 കോടി ഡോളറിന്റെ അടിയന്തരസഹായം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."