പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഖനനത്തിന് അനുമതി തേടി എം.എസ്.പി.എല്‍ കേന്ദ്ര സര്‍ക്കാരിനെയും ട്രിബ്യൂണലിനെയും സമീപിക്കും
കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം നടത്താനുള്ള ശ്രമത്തിനെതിരേ വ്യാപക പ്രക്ഷോഭം നടക്കുമ്പോഴും കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ കമ്പനി ഖനനാനുമതി നേടിയെടുക്കാന്‍ ശ്രമം തുടരുന്നു. അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെയും ദേശീയ മൈന്‍സ് ട്രിബ്യൂണലിനെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ എം.എസ്.പി.എല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും എം.എസ്.പി.എല്‍ ഉന്നയിക്കുന്നുണ്ട്. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിയ്ക്ക് അനുകൂലമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചക്കിട്ടപ്പാറയില്‍ ഖനനാനുമതി തേടി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എം.എസ്.പി.എല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മേധ വെങ്കിട്ട അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുമ്പയിര് ഖനനം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി കാര്യങ്ങള്‍ മനസിലാക്കാതെ വീണ്ടും തള്ളുകയായിരുന്നുവെന്നും ഖനനം നടത്തണമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയായതിനാല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി നല്‍കിയ വിശദീകരണമെങ്കിലും ഇതു സംബന്ധിച്ച ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയുള്‍പ്പെടെ കമ്പനിയ്ക്ക് അനുകൂലമാണ്. ആയിരം ഏക്കറോളം സ്ഥലം ഏറ്റെടുത്തതില്‍ ചക്കിട്ടപ്പാറയില്‍ 406.4 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താനുള്ള അനുമതിയാണ് കമ്പനി തേടിയത്. ഖനനത്തിന് ക്ലിയറന്‍സും കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും കമ്പനിയ്ക്ക് ലഭിച്ചതാണ്. ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി തേടി ഇപ്പോഴത്തെ സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രിയെയും അന്നത്തെ വ്യവസായ മന്ത്രിയെയുമെല്ലാം സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭ്യമായില്ല. മുന്‍സര്‍ക്കാര്‍ ഓണ്‍ലൈന്‍ സബ്മിഷന്റെ സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയായിരുന്നു. 2017 ജനുവരിയ്ക്കകം ഖനനം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്ന തരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് കര്‍ണാടക ബെല്ലാരിയിലെ എം.എസ്.പി.എല്‍ കമ്പനിക്ക് ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ 30 വര്‍ഷത്തേക്ക് ഖനനത്തിനും അനുബന്ധ സര്‍വേക്കും വ്യവസായ മന്ത്രി എളമരം കരീം അനുമതി നല്‍കിയത്. എന്നാല്‍ ഇതിനു പിന്നില്‍ അഞ്ചുകോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കരീമിന്റെ ബന്ധു ടി.പി നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈര്‍ വെളിപ്പെടുത്തുകയും വിജിലന്‍സ് ഇതിനെതിരേ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മുന്‍ വ്യവസായ മന്ത്രി എളമരം കരീം നല്‍കിയ അനുമതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയെങ്കിലും അതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നതില്‍ വന്ന കാലതാമസവും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2015 മാര്‍ച്ച് മാസത്തില്‍ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അന്നത്തെ വ്യവസായ വകുപ്പ് പുറത്തിറക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ എം.എസ്.പി.എല്‍ കമ്പനി അനുമതിയ്ക്കായി സജീവമായി രംഗത്തിറങ്ങിയെങ്കിലും നിര്‍ദിഷ്ട ഖനന മേഖല ഉള്‍പ്പെടുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സാങ്കേതിക അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനിടയിലും അനുമതിക്കു ശ്രമിക്കുന്ന സ്വകാര്യ കമ്പനിക്കെതിരേ പ്രദേശത്ത് വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരേ സംഘടിതമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഡോ. എം.ജി.എസ് നാരായണനെപ്പോലുള്ളവര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം യൂത്ത് ലീഗ്, ജെ.ഡി.യു, ബി.ജെ.പി തുടങ്ങിയ കക്ഷികളും ഖനനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."