'പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല'; രാജിയില്‍ ഉറച്ച് വി.എം സുധീരന്‍
തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ അനുനയ നീക്കം വിഫലമായി, രാജിയിലുറച്ച് വി.എം സുധീരന്‍. എഐസിസിയില്‍ നിന്നും രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നുമുള്ള തന്റെ രാജികള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
താനുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് സുധീരന്‍ നന്ദിയറിയിച്ചു.
പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍ പ്രതികരിച്ചു. തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താരീഖ് അന്‍വറും ഇതര നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി റിസള്‍ട്ട് കാക്കുന്നു. തെറ്റുകള്‍ തിരുത്താതെ മുന്നോട്ടുപോയാല്‍ പാര്‍ട്ടിക്ക് തിരിച്ചടി മാത്രമേ ഉണ്ടാകൂ. ഇതിന് മാറ്റം വരാന്‍ എ.ഐ.സി.സി ഇടപെടണം. പാര്‍ട്ടിയില്‍ ഒരു കാലത്തും താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും പുനഃസംഘടനയില്‍ ഒരാളുടെ പേരും പറയില്ലെന്ന് താന്‍ പറഞ്ഞതാണെന്നും പക്ഷേ, ചര്‍ച്ച നടക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."