HOME
DETAILS
MAL
തര്‍ക്കം തീര്‍ക്കാന്‍ രാഹുല്‍ സെമി കേഡര്‍ വേണ്ടെന്ന് നിര്‍ദേശം
backup
September 29 2021 | 05:09 AM
ഇ.പി മുഹമ്മദ്
കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കായി ഇന്നെത്തുന്ന രാഹുല്‍ കെ.പി.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നേതൃമാറ്റംകൊണ്ട് ലക്ഷ്യമിട്ട ഗുണമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ തന്നെ പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങുന്നത്.
പുതുനേതൃത്വം പ്രഖ്യാപിച്ച സെമി കേഡര്‍ രീതി നടപ്പിലാക്കുന്നത് തല്‍കാലത്തേക്കു വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനരീതികള്‍ ഒറ്റയടിക്കു മാറുന്നത് ഗുണത്തേക്കാള്‍ ദോഷമാകുമെന്ന് ചില നേതാക്കള്‍ രാഹുലിനെ അറിയിച്ചിരുന്നു. രാവിലെ ഒന്‍പതിന് കടവ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച. കെപി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവരും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
കെ.പി.സി.സി മുന്‍ അധ്യക്ഷരായ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത നിലപാടെടുത്തത് കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയായി കേരളത്തിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരിട്ട് അനുരഞ്ജന നീക്കം നടത്തിയിട്ടും മുതിര്‍ന്ന നേതാക്കള്‍ വഴങ്ങാത്തതോടെ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രനേതൃത്തിന് ബോധ്യപ്പെട്ടു.
ഡി.സി.സി അധ്യക്ഷരുടെ നിയമനത്തെ തുടര്‍ന്ന് പരസ്യപ്രതിഷേധമുയര്‍ത്തിയ എ, ഐ ഗ്രൂപ്പുകള്‍ക്ക് പിന്നാലെ ഗ്രൂപ്പില്ലാത്ത നേതാക്കളും നേതൃത്വത്തിനെതിരേ രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ അന്തരീക്ഷം അനുദിനം കലുഷിതമാകുകയാണെന്ന റിപ്പോര്‍ട്ടാണ് താരിഖ് ഹൈക്കമാന്‍ഡിനു നല്‍കിയത്. സെമി കേഡര്‍ ശൈലിയെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശിച്ചതും ഹൈക്കമാന്‍ഡിന്റെ പെട്ടെന്നുള്ള ഇടപെടലിനു കാരണമായി. പുനഃസംഘടനയെക്കുറിച്ച് കൂടിയാലോചന നടത്തിയില്ലെന്ന പരാതി ഉന്നയിച്ച ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധാകരനും സതീശനും സന്ദര്‍ശിച്ചെങ്കിലും അവരെ അനുനയിപ്പിക്കാനായില്ല. ഇതിനിടെയാണ് രണ്ടു മുതിര്‍ന്ന നേതാക്കള്‍ പരസ്യമായ എതിര്‍പ്പുയര്‍ത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പുതിയ നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലല്ല. ഇവരെയെല്ലാം അനുനയിപ്പിച്ച് പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കാനാണ് രാഹുലിന്റെ നീക്കം.
ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ കെ.പി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് സമര്‍പ്പിക്കാവൂ എന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയോടും സുധീരനോടും ചര്‍ച്ച നടത്തിയിരുന്നില്ല. ഇതാണ് അവരെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."