യുദ്ധവും സമാധാനവും
കഥ
വി.പി ചെല്ലൂര്‍
രാവിലെ പോകുമ്പോള്‍ കുഴപ്പമൊന്നുമില്ലായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഞെട്ടിപ്പോയി.
അടുക്കളയില്‍ അമ്മയും ഭാര്യയും തമ്മില്‍ യുദ്ധം നടക്കുകയാണ്. പകലിന്റെ പരവേശം ഉള്ളിലടക്കി അങ്കലാപ്പോടെ എത്തിനോക്കി. പടക്കോപ്പുകളുടെ നീണ്ട നിരതന്നെയുണ്ട് രണ്ടുപേരുടെയും കൈയില്‍. തവി, ചിരവ, ഓട്ടുകിണ്ടി മുതല്‍ വെട്ടിയുണക്കിയ വിറകുകൊള്ളിയും തേങ്ങപൊതിക്കുന്ന ഇരുമ്പുദണ്ഡും വരെ. ഇരുവശത്തും ചേരിതിരിഞ്ഞുനിന്ന് പോര്‍വിളിക്കുന്നു.
'കുഴഞ്ഞല്ലോ, ന്റെ ഭഗോതീ...'
എന്റെ കണ്ഠത്തില്‍ കിടന്ന് ഞെരിഞ്ഞമര്‍ന്ന ശബ്ദം പുറത്തേക്കെത്താന്‍ കഴിയാതെ ഞെളിപിരികൊണ്ടു.
ആയോധന കലകള്‍ക്കിടയിലും നീണ്ട വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ അണുബോംബ് അമ്മ അവള്‍ക്കു നേരെ വര്‍ഷിച്ചതുകേട്ട് എന്റെ ബോധമണ്ഡലങ്ങളില്‍ ആ വാക്കുകളുടെ അര്‍ഥം ഞാന്‍ തിരഞ്ഞു. കാശി, രാമേശ്വരം, ഗംഗ, യമുന തുടങ്ങി ഏതൊക്കെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചാലും ഏതൊക്കെ പുണ്യനദികളില്‍ സ്‌നാനം ചെയ്താലും അവള്‍ക്കിതിന്റെ നാറ്റം പോവില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴാണ് പുരോഗമനവാസന കൂടുതലുള്ള എന്റെ ഭാര്യ അമ്മയുടേതിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ളതും എല്ലാ വീര്യത്തോടും കൂടിയ അതിമാരകമായ മറ്റൊരു ബോംബ് അമ്മക്കു നേരെ പ്രയോഗിച്ചത്.
നിരക്ഷരയും അല്‍പം പഴഞ്ചനുമായ അമ്മക്ക് അതൊന്നും ഏശിയതു പോലുമില്ല. ന്യൂജന്‍ തെറിയുടെ ഉത്ഭവം എന്റെ ഭാര്യയുടെ നാവിന്‍തുമ്പില്‍ നിന്നാണെന്നും അതെന്റെ പെറ്റമ്മയുടെ നേര്‍ക്കാണെന്നും കൂടി മനസിലായതോടെ കുമ്പസാരക്കൂട്ടില്‍ കിടന്ന് എന്റെ മനസു തേങ്ങി. 'ഹയ്യോ...'
എന്താണു ചെയ്യേണ്ടതെന്ന് ചിന്തിച്ചുവന്നപ്പോഴേക്കും ഭാര്യ തലയില്‍ കൈവച്ചു നിലവിളിച്ച് നിലത്തിരുന്നു. ഭാര്യയുടെ ന്യൂജന്‍ തെറികളില്‍നിന്ന് ഏതോ ഒരു ചീളുതെറിച്ച് അമ്മയുടെ ഹൃദയത്തില്‍ കൊണ്ടപ്പോള്‍ കൈയിലിരുന്ന പത്തലുകൊണ്ട് അമ്മ ഭാര്യയുടെ തലക്കടിച്ചിരിക്കുന്നു. കലശമായ പോരാട്ടം.
എല്ലാം കണ്ടും കേട്ടും നോക്കുകുത്തിപോലെ നില്‍ക്കുന്നതല്ലാതെ എന്റെ കൈയോ കാലോ നാവോ ചലിക്കുന്നുമില്ല.
യുദ്ധകാഹളം കേട്ടിട്ടാവണം, അയല്‍രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ സേനകളെ വിന്യസിച്ചിരിക്കുന്നു. അവര്‍ അതിസൂക്ഷ്മം ഇവിടുത്തെ കൊടിയ പരാക്രമണങ്ങള്‍ വിലയിരുത്തുന്നത് ഞാന്‍ കണ്ടു. അയല്‍രാജ്യങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചക്കു വന്നെങ്കിലും വിട്ടുവീഴ്ചകള്‍ക്കു തയാറല്ലാത്ത അമ്മയും ഭാര്യയും പൂര്‍വാധികം ശക്തിയോടെ യുദ്ധം തുടര്‍ന്നു.
ചിരവ കൊണ്ടടിച്ച് തലപൊളിച്ച പിഞ്ഞാണങ്ങള്‍ അടുക്കളയില്‍ ചിന്നിച്ചിതറി കിടക്കുന്നു. അടുപ്പില്‍ പാതിവെന്ത കഞ്ഞി ശോകരാഗം പാടി ഉറക്കത്തിലാണ്ടിരിക്കുന്നു.
സവാളയും തക്കാളിയും തട്ടില്‍നിന്നിറങ്ങി സ്വയരക്ഷാര്‍ഥം പലായനം ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ ചവിട്ടും തൊഴിയുംകൊണ്ട് പലരുടെയും ദേഹങ്ങള്‍ ചതഞ്ഞരഞ്ഞ് കിടക്കുന്നുമുണ്ട്.
അമ്മയുടെ തവികൊണ്ടുള്ള ഏറിനെ ചെറുക്കാന്‍ ഫൈബര്‍ കസേരക്ക് കഴിയാത്തതിന്റെ കലിപ്പ് ഭാര്യ തീര്‍ത്തത് അതേ കസേരയെ ചുവരിലടിച്ച് കാലൊടിച്ചിട്ടായിരുന്നു. അവളെ കുറ്റം പറയാനുംവയ്യ, ആ തവി അവളുടെ നെറ്റിയില്‍ വലിയൊരു 'ബള്‍ബ്' കത്തിച്ചിട്ടുണ്ടായിരുന്നു.
അതിന്റെ പ്രകാശത്തില്‍ അമ്മയുടെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്ന നേരത്താണ് അവളെന്നെ കണ്ടത്. അതോടെ ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ മാറില്‍വന്ന് ചാഞ്ഞു. അവളെ ചേര്‍ത്തുപിടിച്ചു നില്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ രണ്ടു തീഗോളങ്ങള്‍ പോലെ കത്തുന്നതും വായില്‍നിന്ന് എണ്ണമറ്റ അണുബോംബുകള്‍ വര്‍ഷിക്കുന്നതും ഞാനറിഞ്ഞു.
അവളെ ഒരുഭാഗത്തിരുത്തി അമ്മയെ സമീപിച്ചപ്പോള്‍ അടുത്ത യുദ്ധം തന്നോടാണെന്നും അതു കിടപ്പറയില്‍ വച്ചുണ്ടാവുമെന്നും അവളൊരു നോട്ടം കൊണ്ടെന്നെ മനസിലാക്കിത്തന്നു. എങ്കിലും ഒട്ടുംപതറാതെ ഞാന്‍ സമാധാന ചര്‍ച്ചകള്‍ക്കു വഴിയൊരുക്കി. രണ്ടുപേരുടെയും കൈയില്‍ ശേഷിച്ചിരുന്ന ആണവായുധങ്ങള്‍ക്ക് ഞാന്‍ ഇരയായെങ്കിലും എന്റെ ശ്രമം വിജയിച്ചു.
അതുവരെ അട്ടഹാസങ്ങള്‍ കേട്ട് ഹരംപിടിച്ച അയല്‍രാജ്യങ്ങള്‍ തെല്ലു നിരാശയോടെ അതിര്‍ത്തികളില്‍നിന്ന് സേനയെ പിന്‍വലിച്ചു. ചര്‍ച്ചയ്ക്കു വന്ന പ്രമുഖ വ്യക്തിത്വങ്ങളും അരങ്ങൊഴിഞ്ഞു.
ശാന്തസുന്ദരമായ രാത്രിയില്‍ ക്ഷീണിച്ച് പരവശയായി ബെഡില്‍ കിടക്കുന്ന ഭാര്യയോട് ഞാന്‍ ചോദിച്ചു.
'എന്തിനായിരുന്നു യുദ്ധം.?'
'സമാധാനത്തിനു വേണ്ടി'- ഒട്ടും ആലോചിക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു.
പിന്നെയവള്‍ തിരിഞ്ഞുകിടന്ന് വളരെപ്പെട്ടെന്ന് തന്നെ ഉറക്കത്തിലാണ്ടു.
ഞാന്‍ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അമ്മയുടെ മുറിയുടെ മുന്നിലെത്തിയപ്പോള്‍ ഉച്ചത്തിലുള്ള കൂര്‍ക്കംവലിയുടെ താളം. ഇത്ര നേരത്തെ അധ്വാനത്തിന്റെ ക്ഷീണമാണ് രണ്ടുപേര്‍ക്കും. ഉറങ്ങട്ടെ!
അടുക്കളയില്‍, യുദ്ധഭൂമിയില്‍ചെന്ന് പൊട്ടിയ പാത്രങ്ങള്‍ കാലില്‍ കൊള്ളാതെ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് വായിലേക്കു കമഴ്ത്തി. ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു. കാലൊടിഞ്ഞ കസേര, പിടിമുറിഞ്ഞ തവി, ചിറി കോടി വാ തുറക്കാനാവാത്ത പരുവത്തില്‍ കഞ്ഞിക്കലം, തുടരെത്തുടരെയുള്ള പ്രഹരങ്ങള്‍ താങ്ങാനാവാതെ തകര്‍ന്നുപോയ ടൈലുകള്‍... എല്ലാവരും ഇപ്പോള്‍ സമാധാനത്തിലാണ്. എല്ലാ യുദ്ധങ്ങളും സമാധാനത്തിനു വേണ്ടിയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."