ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്, രണ്ട് ദിവസം പൊതു അവധി
റഹ്മാന്‍ നെല്ലാങ്കണ്ടി
മസ്‌കത്ത്: അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ തീരങ്ങളില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ അകലെയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 116 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത.
ഞായറാഴ്ച്ച മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഷഹീന്‍ ചുഴലിക്കാറ്റ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
ശനിയാഴ്ച്ച ഉച്ചമുതല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം തുടങ്ങി. രാജ്യത്തിന്റെ പലഭാഗങ്ങളിലും ചെറിയ രീതിയിലുള്ള മഴ പെയ്യാന്‍ തുടങ്ങി.ജനജീവിതം ദുസ്സഹമാവാതിരിക്കാന്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്. ഞായറാഴ്ച്ച മുതലുള്ള ബസ്, ഫെറി സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചതായി മുവാസലാത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."