മണിപ്പൂരില്‍ ശാശ്വത സമാധാനമുണ്ടാവണം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ വീണ്ടും അശാന്തി പടരുകയാണ്. അല്‍പനാളത്തെ ഇടവേളയ്ക്കുശേഷം മണിപ്പൂരില്‍ 13 പേരെ കൂട്ടക്കൊല നടത്തിയെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം രാജ്യം കേട്ടത്. അരുംകൊലകളാലും കൊടിയ പീഡനങ്ങളാലും കൂട്ടപ്പലായനത്താലും രാജ്യത്തിന്റെ ശിരസ്സുകുനിക്കേണ്ടിവന്ന മണിപ്പൂരില്‍നിന്ന് വീണ്ടും കുരുതിയുടെ ചോരമണം പടരുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവുന്നതല്ല. മണിപ്പൂരിലെ തെങ്‌നോപാല്‍ ജില്ലയിലെ മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശമായ സെയ്‌ബോലിനടുത്ത് ലെയ്തു എന്ന കുക്കി ഭൂരിപക്ഷ ഗ്രാമത്തില്‍ സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 13 പേരാണ് കൊല്ലപ്പെട്ടത്
ഒരു മാസത്തിലേറെ നീണ്ടുനിന്ന അക്രമാവധിക്കുശേഷമാണ് വീണ്ടും മണിപ്പൂര്‍ വംശീയ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മണിപ്പൂര്‍ സമാധാനത്തിലേക്ക് നീങ്ങുന്നതായി ഏവരും പ്രത്യാശിച്ചിരുന്നു. ഇതിനിടയില്‍ ചില സായുധ ഗ്രൂപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചിലര്‍ സര്‍ക്കാരുമായി സഹകരിച്ച് സമാധാനത്തിന്റെ വഴി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതും വളരെയേറെ ആശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് മണിക്കൂറുകളുടെ ആയുസുമാത്രമേ ഉള്ളൂ എന്ന് മണിപ്പൂര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
മെയ് 3ന് തുടങ്ങിയ കലാപത്തെ തുടര്‍ന്ന് മണിപ്പൂരിലെ ജനങ്ങള്‍ തീര്‍ത്തും അരക്ഷിത സാഹചര്യത്തിലാണ് കഴിയുന്നത്. തുടരെയുണ്ടാകുന്ന കലാപവും കൊള്ളയും അവിടുത്തെ സാധുമനുഷ്യരുടെ സാമൂഹിക ജീവിതം തകിടംമറിച്ചിരിക്കുകയാണ്. വംശീയ വിരോധത്തിന്റെ പക മനസിലൊതുക്കി കഴിയുന്നവര്‍ അവസരം കിട്ടുമ്പോള്‍ എതിര്‍വിഭാഗത്തിലുള്ളവരെ പല്ലും നഖവുമുപയോഗിച്ച് അക്രമിക്കുന്നത് സര്‍വസാധാരണമായിരിക്കുന്നു. മെയിൽ തുടങ്ങിയ മെയ്‌തി -കുക്കി കലാപത്തില്‍ ഇതുവരെ 190 ലേറെ പേര്‍ മരിച്ചു. എന്നാല്‍ പൊലിസ് ഔദ്യോഗിക കണക്കനുസരിച്ച് സെപ്റ്റംബര്‍ മാസം വരെ 175 പേരാണ് ഇരുവിഭാഗത്തിലുമായി കൊല്ലപ്പെട്ടത്. കാണാതായവര്‍ 46. 4,786 വീടുകളും 386 ആരാധനാലയങ്ങളും പൂര്‍ണമായി തകര്‍ക്കപ്പെട്ടു. അരലക്ഷത്തിലേറെ പേര്‍ വീടും നാടും വിട്ട് ഓടിപ്പോകേണ്ടിവന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കലാപബാധിതരെക്കുറിച്ച് ഗൗരവമായ ഒരു സമീപനവും ഇതുവരെ സ്വീകരിച്ചില്ല. ഈ ഘട്ടത്തിലാണ് വീണ്ടും അരുംകൊലകളുമായി സംസ്ഥാനം നീങ്ങിയത്.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ അത്യന്തം ആശങ്കാജനകമാണെന്നും ഭരണകൂടം ഉത്തരവാദിത്വം നിറവേറ്റണമെന്നും സുപ്രിംകോടതി പലതവണ ആവര്‍ത്തിച്ചതാണ്. ഓരോ തവണയും വ്യത്യസ്ത ഹരജികള്‍ പരിഗണിക്കുന്ന വേളയില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടതിക്ക് നല്‍കിയത്. എന്നാല്‍ അത്തരം ഉറപ്പുകളുടെ മഷിയുണങ്ങും മുമ്പ് മണിപ്പൂര്‍ വീണ്ടും കലാപകലുഷിതമാകുന്നതിനും രാജ്യം സാക്ഷിയായി.
ഒരു വലിയ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിട്ടും മണിപ്പൂരിലെ സ്ഥിതിഗതികള്‍ ഗൗരവത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതെ പോകുന്നത് ഗുരുതര വീഴ്ച്ചയാണ്. മെയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മണിപ്പൂരിലെ കുക്കി വിഭാഗവും അവരെ പിന്തുണക്കുന്ന സംഘടനകളും ബിരേന്‍ സിങ് സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടികളെ വിമര്‍ശിക്കുകയും പരസ്യമായി എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്തതാണ്. ഇത് കേവലം അവരുടെ മാത്രം പരാതിയായിരുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരായ എം.എല്‍.എമാര്‍ പോലും പരസ്യമായി, സര്‍ക്കാരിന്റെ പക്ഷാപത ഇടപെടലുകളെയും നിസംഗതയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാനോ മണിപ്പൂരിലെ അശാന്തി അവസാനിപ്പിക്കാനായി രാഷ്ട്രീയ പരിഹാരത്തിനോ കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധത്തിലുള്ള ഉത്സാഹം കാട്ടിയില്ല.
അതിന്റെകൂടി പരിണിതഫലമാണ് കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയും സംസ്ഥാനത്ത് വീണ്ടും ഉരുണ്ടുകൂടിയ സംഘര്‍ഷ സാഹചര്യവും.
മണിപ്പൂരില്‍ വംശവെറിയും വിദ്വേഷവും മാത്രമാണ് വിളയുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഇനിയും മനസിലാക്കാത്തതാണോ? മണിപ്പൂരിന്റെ മക്കളെ തൊട്ടവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കലാപകാരികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബിരേന്‍ സിങ്ങും പറഞ്ഞത് ആത്മാര്‍ഥമായിട്ടാണോ?
കലാപം തുടങ്ങി, രാജ്യം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൊടുംക്രൂരതകള്‍ അരങ്ങേറി എണ്‍പത് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അതേക്കുറിച്ച് പ്രതികരിച്ചത്. അതും ലോക്സഭയില്‍ ചട്ടപ്രകാരം നിര്‍ബന്ധിതനായ വേളയില്‍ മാത്രം. അതിനു മുമ്പും ശേഷവും മണിപ്പൂരിലെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരു ശ്രമവും മോദിയില്‍ നിന്നുണ്ടായില്ല. രണ്ടുവട്ടം ആഭ്യന്തര മന്ത്രി അമിത്ഷാ ഇംഫാലിലെത്തി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. എന്നാല്‍ പ്രധാനമന്ത്രി അവരെയെല്ലാം വിളിച്ചിരുത്തി സംസാരിക്കാന്‍ തയാറായിരുന്നെങ്കില്‍ ഫലം മറിച്ചാവുമായിരുന്നു.
സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരടക്കം മോദിയോട് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മൗനത്തിലായിരുന്നു. ഈ സമീപനം മണിപ്പൂരിന്റെ സുരക്ഷിത ഭാവിക്ക് നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം.
ഏത് യുദ്ധത്തിലും കലാപങ്ങളിലും ബലിയാടാവുന്നവരില്‍ ഏറിയപങ്കും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ഏഴുമാസമായി മണിപ്പൂരിലും അതുതന്നെയാണ് കാണപ്പെടുന്നത്. കലാപത്തിനിടെ അക്രമിക്കപ്പെട്ടും മാനം പിച്ചിച്ചീന്തി തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടും മണിപ്പൂരി സ്ത്രീകള്‍ ചോര വാര്‍ക്കുമ്പോള്‍ അവര്‍ ഇന്ത്യയുടെ മക്കളാണ് എന്ന് ദന്തഗോപുരങ്ങളിലിരുന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ.
അവര്‍ക്കരികിലെത്താന്‍, അശാന്ത അന്തരീക്ഷം മാറ്റിയെടുക്കാന്‍, പരസ്പരം വെട്ടിയും കുത്തിയും കൊന്നുതീര്‍ക്കാന്‍ ഒരുമ്പെട്ടവരെ തിരുത്തിക്കാന്‍ അല്ലെങ്കില്‍ തുരത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഭരണകൂടം കേവലം നോക്കുകുത്തി എന്ന പദപ്രയോഗത്തിന് തീര്‍ത്തും യോഗ്യരാവും. അതാവട്ടെ കൊടിയ പാതകങ്ങളേക്കാള്‍ വലിയ വഞ്ചനയുമാണ്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും മണിപ്പൂരില്‍ ശാശ്വത സമാധാനത്തിനുള്ള വഴിതേടണം.
Content Highlights:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."