ഊതിപ്പെരുപ്പിച്ച ബി.ജെ.പി വിജയം
യോഗേന്ദ്ര യാദവ്
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഹാട്രിക് വിജയമെന്നാണ്. ഇതോടെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം കൂടുതലായൊന്നും അളന്നുമുറിച്ചു നോക്കാതെ എല്ലാവരും ഹാട്രിക് വിജയമെന്ന പ്രസ്താവനയെ ഏറ്റെടുത്തു പ്രചാരണമാരംഭിച്ചു. അടുത്ത ദിവസം തൊട്ട് രാജ്യമാകെ പരന്ന വാർത്ത മൂന്നാംതവണയും ബി.ജെ.പി അധികാരത്തിൽ വരുമെന്നും ആർക്കും ഭാരതീയ ജനതാ പാർട്ടിയുടെ ജൈത്രയാത്രയ്ക്ക് തടയിടാനാവില്ലെന്നുമായിരുന്നു. ബി.ജെ.പിയുടെ വിജയത്തിൽ എതിരാളികൾ വിഷണ്ണരായിരിക്കുമ്പോൾ അനുകൂലികൾ വിജയാഘോഷങ്ങളിലാണ്.
എന്നാൽ, ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ഏവരും എത്തിച്ചേർന്ന നിഗമനം യഥാർഥത്തിൽ ശരിയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ആശയക്കുഴപ്പത്തിലാക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ച് അതിൽ വിജയിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തമോദാഹരണമാണ് തെരഞ്ഞെടുപ്പ് ഫലത്തോടെ വന്ന പ്രചാരണങ്ങൾ. സത്യത്തിന്റെ ചെറിയൊരു കുമിളയെ പെരുപ്പിച്ചുകാണിക്കുകയും അതിനു വിരുദ്ധമായ മറ്റെല്ലാ സത്യങ്ങളേയും ഈ കുമിളക്കു പിന്നിൽ പൂഴ്ത്തിവെക്കുന്നതുമാണ് നാമിവിടെ കണ്ടത്. മത്സരം ആരംഭിക്കുന്നതിനു മുമ്പുതന്നെ എതിരാളിയുടെ മനോവീര്യത്തെ കെടുത്താനായാൽ മത്സരം എളുപ്പമായിത്തീരുമെന്നു തീർച്ച.
അതുതന്നെയാണ് ബി.ജെ.പി ഇവിടെ പ്രയോഗിക്കുന്നതും. അതിനാൽതന്നെ വളരെ സമചിത്തതയോടുകൂടി ഈ തെരഞ്ഞെടുപ്പ് ഫലത്തെ പരിശോധിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്നാരംഭിക്കാം. ഡിസംബർ മൂന്നിനു പുറത്തുവന്ന ഫലത്തിന്റെ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു രാഷ്ട്രീയപാർട്ടികൾക്കും ആകെ കിട്ടിയ വോട്ടുകൾ കൂട്ടി എത്രയെന്നു കാണേണ്ടതുണ്ട്. വിജയഘോഷം മുഴക്കുന്ന ബി.ജെ.പിക്ക് ആകെ കിട്ടിയത് 4,81,33,463 വോട്ടുകളാണ്.
പരാജിതരെന്നു വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസിനു കിട്ടിയതാവട്ടെ 4,90,77907 വോട്ടുകളുമാണ്. അഥവാ ജയിച്ച ബി.ജെ.പിയെക്കാൾ 9.5 ലക്ഷം വോട്ടുകൾ അധികം ലഭിച്ചിരിക്കുന്നത് കോൺഗ്രസിനാണ്. എന്നാൽ നിലവിലെ വാർത്തകൾ കാണുന്ന ഒരാൾക്ക് തോന്നുക ബി.ജെ.പി പൂർണമായും കോൺഗ്രസിനെ നിലംപരിശാക്കിയെന്നാണ്. ബി.ജെ.പി വിജയിച്ചു വന്ന മൂന്നു ഹിന്ദി സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസും ബി.ജെ.പിയും നേടിയ വോട്ടുകളിൽ വലിയൊരു വ്യത്യാസം കാണാനാവില്ല. രാജസ്ഥാനിൽ ബി.ജെ.പിക്ക് ലഭിച്ചത് 41.7 ശതമാനം വോട്ടുകളാണെങ്കിൽ കോൺഗ്രസിനു ലഭിച്ചത് 39.6 ശതമാനം വോട്ടുകളാണ്.
വോട്ടുശതമാനത്തിലെ വ്യത്യാസം കഷ്ടിച്ച് രണ്ടു ശതമാനം മാത്രമാണ്. ചത്തിസ്ഗഡിൽ നാലു ശതമാനം മാത്രമാണ് ഇരുകക്ഷികളുടെയും വോട്ടുകൾ തമ്മിലുള്ള അന്തരം. ബി.ജെ.പിക്ക് 46.3 ശതമാനം വോട്ടു ലഭിച്ചപ്പോൾ കോൺഗ്രസിനു ലഭിച്ചത് 42.2 ശതമാനം വോട്ടുകളാണ്. മധ്യപ്രദേശിൽ മാത്രമാണ് വോട്ടുശതമാനങ്ങൾ തമ്മിലുള്ള വ്യത്യാസം കുറച്ചെങ്കിലും ഗണ്യമായുള്ളത്. ഇവിടെയിത് എട്ടു ശതമാനമാണ്. മൂന്നു സംസ്ഥാനങ്ങളിലും പരാജിതരായെങ്കിൽപോലും കോൺഗ്രസിനു 40 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനർഥം കോൺഗ്രസിനെ സംബന്ധിച്ച് ശക്തമായൊരു മടങ്ങിവരവ് ദുർഘടം പിടിച്ചതല്ലെന്നു സാരം.
ഹിന്ദി മേഖലയിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനു കുറവുതീർക്കാൻ സാധിച്ചത് തെലങ്കാനയിലൂടെ മാത്രമാണ്. 92 ലക്ഷം വോട്ടുകൾ നേടിക്കൊണ്ട് 39.4 ശതമാനം വോട്ടുകളാണ് കോൺഗ്രസിനു തെലങ്കാനയിൽ ലഭിച്ചത്. എന്നാൽ 32 ലക്ഷം വോട്ടുകൾ നേടിയ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം 13.9 ശതമാനം മാത്രമാണ്. 2018ൽ തെരഞ്ഞെടുപ്പ് രംഗത്തുനിന്നുപോലും കോൺഗ്രസ് പിന്തള്ളപ്പെട്ടു പോയേക്കാമോ എന്നു സംശയം ജനിപ്പിച്ച സംസ്ഥാനത്തുനിന്നാണ് കോൺഗ്രസിനു ഈ ഫലം ലഭിച്ചതെന്നോർക്കണം. തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ഊർജത്തെ തന്നെയാണ്.
ബി.ജെ.പി കൊട്ടിഘോഷിക്കുന്ന ഹാട്രിക് പുരാണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നു പരിശോധിക്കുന്നതിന് കഴിഞ്ഞ ഇരുപതുവർഷത്തെ ചരിത്രമൊന്നു നോക്കാം. കഴിഞ്ഞ ഇരുപതു വർഷമായി മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ചുമാസങ്ങൾക്കകമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുത്. 2018ൽ ഈ മൂന്നു സംസ്ഥാനങ്ങളിൽനിന്ന് പരാജയം രുചിച്ചവരാണ് ബി.ജെ.പി. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാണെന്ന് പ്രധാനമന്ത്രിയോ മാധ്യമങ്ങളോ അവകാശപ്പെട്ടിരുന്നില്ല.
പാർലമെന്ററി തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ മൂന്നു സംസ്ഥാനങ്ങളിലും ഹിന്ദിഭാഷാ സംസ്ഥാനങ്ങളിലും വലിയൊരു വിജയവും ബി.ജെ.പിക്കു നേടാനായി. സമാനമായി, 2003ൽ ഈ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. എന്നാൽ കുറച്ചുമാസങ്ങൾക്കുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമായിരുന്നു കോൺഗ്രസിനെ കാത്തിരുന്നത്. ഇതു സൂചിപ്പിക്കുന്നത് അസംബ്ലി തെരഞ്ഞെടുപ്പിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും സ്വഭാവം രണ്ടാണെന്നാണ്. അതിനാൽ, അസംബ്ലി തെരഞ്ഞെടുപ്പിനെ മുൻനിർത്തിക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് നിഗമനങ്ങളിലെത്തുന്നത് ശരിയായ നടപടിയല്ല. ബി.ജെ.പിക്ക് ഇത്തരമൊരു പ്രവണതയെ തിരിച്ചുവിടാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് കോൺഗ്രസിനു സാധിച്ചൂകൂടാ?
2024ലെ അധികാരമാറ്റ സമവാക്യവും പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. ഹിന്ദി ബെൽറ്റിലെ ഈ മൂന്ന് സംസ്ഥാനങ്ങളെയാണ് ബി.ജെ.പി പ്രധാനമായും ആശ്രയിക്കുന്നത്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ ഈ മൂന്നു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചല്ല. കർണാടക, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സീറ്റുകൾ എങ്ങനെ കുറയ്ക്കാം എന്നതാണ് ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സൂത്രവാക്യം. മധ്യപ്രദേശ്, ചത്തിസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായുള്ള 65 സീറ്റുകളിൽ നിന്ന് 61 സീറ്റുകൾ ഇതിനകം തന്നെ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്.
കോൺഗ്രസിനാവട്ടെ മൂന്ന് സീറ്റുകളാണുള്ളത്. എന്നാൽ, ഈ മൂന്നു സംസ്ഥാനങ്ങളിലെയും സീറ്റുകൾ നിലനിർത്തുക എന്നതും തെലങ്കാനയിൽ നിന്ന് നേടിയ നാലു സീറ്റുകളിൽ കൂടുതൽ സീറ്റുകൾ നേടുക എന്നതും ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. അതേസമയം, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ സംസ്ഥാനങ്ങളിൽ നിന്ന് ഒന്നും നഷ്ടപ്പെടാനില്ല. അപ്പോൾ, ദേശീയ തെരഞ്ഞെടുപ്പിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഈ ഫലം വന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പുതിയതായി ഒന്നും നേടിയിട്ടില്ല എന്നു സാരം.
ലോക്സഭയെ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ എത്രത്തോളം പ്രധാനമാണെന്നും പരിശോധിക്കണം. യഥാർഥത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഈ തെരഞ്ഞെടുപ്പ് ഫലത്തെ തകിടം മറിക്കേണ്ട കാര്യമൊന്നും കോൺഗ്രസിനില്ല. മധ്യപ്രദേശ്, ചത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ നിന്നായി 83 ലോക്സഭാ സീറ്റുകളാണുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആറെണ്ണം മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്.
ബാക്കി സീറ്റുകൾ ഭാരത് രാഷ്ട്ര സമിതി, മിസോ നാഷണൽ ഫ്രന്റ്, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നീ സംഘടനകൾക്കായാണ് കിട്ടിയത്. ബി.ജെ.പിക്കും കോൺഗ്രസിനും 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച അതേ വോട്ടുകൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി ലഭിക്കുകയാണെങ്കിൽ, ആ കണക്കുകൾ ഇങ്ങനെയായിരിക്കും. രാജസ്ഥാൻ: ബി.ജെ.പി-14, കോൺഗ്രസ്-11, ചത്തിസ്ഗഡ്: ബി.ജെ.പി- 8, കോൺഗ്രസ്- 3, മധ്യപ്രദേശ്: ബി.ജെ.പി- 25, കോൺഗ്രസ്-4, തെലങ്കാന: കോൺഗ്രസ്-9 ബി.ജെ.പി- 0, മിസോറം: ജെ.എം.പി- 1.
അഥവാ, ഈ അസംബ്ലി തെരഞ്ഞെടുപ്പിനെ ആശ്രയിച്ചു പരിശോധിക്കുമ്പോൾ 83 ലോക്സഭാ സീറ്റുകളിൽ നിന്ന് ബി.ജെ.പിക്ക് 46 സീറ്റുകളും കോൺഗ്രസിനു 28 സീറ്റുകളുമാണ് ലഭിക്കുക. ഇതിനർഥം, ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ നേട്ടത്തെക്കാൾ കൂടുതൽ നഷ്ടമാണ് ബി.ജെ.പിക്കുണ്ടാവുക. 19 സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടപ്പെടുമ്പോൾ 22 സീറ്റുകൾ കോൺഗ്രസിനു ലഭിക്കുന്നുണ്ട്. കോൺഗ്രസ് ചെയ്യേണ്ട ഒരേയോരു കാര്യം തങ്ങൾക്ക് അസംബ്ലി തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കുക എന്നതുമാത്രമാണ്.
ഇത് ലളിതമായൊരു കണക്കുകൂട്ടലാണെന്ന് ചിലരെങ്കിലും വാദിച്ചേക്കാം. ‘മോദി മാജിക്’ എന്ന പ്രഭാവത്തെ പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ടായേക്കാം. എന്നാൽ അത്തരമൊരു ഇന്ദ്രജാലം ഉണ്ടായിരുന്നെങ്കിൽ ഈ മൂന്നു സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് പൂർണമായും ഇല്ലാതായേനെ. എന്നാൽ, അത്തരമൊരു മാജികിൽ വിശ്വാസമുള്ളവർ അതിൽ പൂർണമായും വിശ്വസിക്കുകയാണ് വേണ്ടത് അല്ലാതെ എന്തിനാണ് അസംബ്ലി ഫലത്തിന്റെ മറപിടിച്ചിരിക്കുന്നത്?
(രാഷ്ട്രീയപ്രവർത്തകനും തെരഞ്ഞെടുപ്പ് വിഷയ വിദഗ്ധനുമായ ലേഖകൻ ദ വയറിൽ എഴുതിയത്)
Content Highlights:Inflated BJP victory
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."