പൊലിസില്‍ സംഭവിക്കുന്നത് സംവിധാനത്തകര്‍ച്ച
എടാ, എടീ വിളികള്‍ പൊലിസിന്റെ ഭാഗത്തുനിന്നു വേണ്ടെന്നും പൊലിസ് ജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടിന് പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെ മറ്റൊരു ശ്രദ്ധേയമായ നിര്‍ദേശവുംകൂടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുകയാണ്. പൊലിസ് ഉദ്യോഗസ്ഥര്‍ പൊതുസേവകരാണെന്നും അവരെ സര്‍, എന്നു പോലും വിളിക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചേര്‍പ് പൊലിസിന്റെ വാഹന പരിശോധനക്കിടെ പതിനഞ്ചുകാരിയോട് മോശമായി സംസാരിച്ചതിനെതിരേ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലിസ് മേധാവിക്ക് 'എടാ, പോടീ'യെന്ന് വിളിക്കരുതെന്ന നിര്‍ദേശം നല്‍കിയത്. നിര്‍ദേശം സര്‍ക്കുലറായി ഡി.ജി.പി ഇറക്കുകയും ചെയ്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെയാണ് പൊലിസിനെ സാറെന്ന് പോലും വിളിക്കേണ്ടതില്ലെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നല്‍കിയത്.
പൊലിസ് പൊതുസേവകരാണെന്ന് ഹൈക്കോടതി പൊലിസിനെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ യജമാനന്മാരാണെന്ന ഭാവത്തിലാണ് സാധാരണക്കാരോടുള്ള അവരുടെ പെരുമാറ്റം. കൊളോണിയല്‍ ഭരണം ഉപേക്ഷിച്ചുപോയ ഈ വൈകൃതം നമ്മുടെ പൊലിസ് സേനയില്‍നിന്ന് ഇതുവരെ തുടച്ചുമാറ്റിയിട്ടില്ല. പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മനുഷ്യത്തോചിതമല്ലാത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പലപ്പോഴും കോടതികള്‍ക്ക് ഇടപെടേണ്ടിവരുന്നു എന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനു ഭൂഷണമല്ല. പല നിയമങ്ങളും ദുരുപയോഗപ്പെടുത്തുന്നുമുണ്ട്. പൊതുസ്ഥലങ്ങളില്‍ സാധാരണക്കാരെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കാനും അവരെ പൊതുമധ്യത്തില്‍ കുറ്റവാളികളായി ചിത്രീകരിക്കാനും പൊലിസിന് യാതൊരു മടിയുമില്ല.
അച്ഛന്റെ കൂടെ നില്‍ക്കുകയായിരുന്ന കൊച്ചുബാലികയെ പൊലിസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് പരസ്യമായി അപമാനിച്ചു. ഫോണ്‍ പൊലിസ് ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്നു കിട്ടി. അതൊന്ന് പരിശോധിക്കാന്‍ പോലും മെനക്കെടാതെയാണ് പൊലിസ് ഉദ്യോഗസ്ഥ പാവം പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചത്. ഇതിനെതിരേ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മേലുദ്യോഗസ്ഥര്‍ ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തതിനാലാണ് സാധാരണക്കാര്‍ക്ക് നേരെയുള്ള പൊലിസ് അതിക്രമം വര്‍ധിക്കുന്നത്. ഇതേ പൊലിസ് തന്നെയാണ് മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുവീരന്റെ വസ്തുക്കള്‍ക്ക് കാവല്‍ കിടന്നത്. പൊലിസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ കാവല്‍.
അഭിമാനവും അന്തസും പണക്കാര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും മോന്‍സണ്‍ മാവുങ്കലിനെപ്പോലുള്ള ഫ്രോഡുകള്‍ക്കുമാണ് പൊലിസിലെ ഒരു വിഭാഗം ചാര്‍ത്തിക്കൊടുക്കുന്നത്. ഭാര്യമാരെ ഇത്തരം തട്ടിപ്പുകാര്‍ക്കൊപ്പം നൃത്തം ചെയ്യിക്കാന്‍ പോലും ഈ തരത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ഉത്സുകരാണ്. ഏതെങ്കിലും സത്യസന്ധനായ പൊലിസ് ഓഫിസര്‍ പൊലിസ് സേനയിലെ ഇത്തരം കളകള്‍ പറിച്ചിടാന്‍ ശ്രമിച്ചാല്‍ സംഘടനാ ബലത്തിന്റെ ഹുങ്ക് കാണിച്ച് ഐ.പി.എസുകാരും പൊലിസ് അസോസിയേഷനുകളും അവരെ ഭീഷണിപ്പെടുത്തുന്നു.
പൊലിസില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കുത്തഴിച്ചിലിനെതിരേ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ച് ഉഗ്രശാസന നല്‍കിയതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കരുതാനാവില്ല. പൊലിസ് സേനയുടെ അന്തസ് കെടുത്തുന്നവര്‍ക്കെതിരേ സ്ഥലമാറ്റമല്ല വേണ്ടത് നടപടികളാണ്.
പൊലിസില്‍ ഒരു പരാതി കൊടുത്താല്‍ അതിന്റെ രശീത് കൊടുത്തു കൊള്ളണമെന്നത് സാധാരണ നടപടിക്രമമാണ്. ഒരു പരാതിക്കാരന്‍ തെന്മല പൊലിസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ രശീത് ചോദിച്ചത് പൊറുക്കാന്‍ പറ്റാത്ത അപരാധമായാണ് പൊലിസിനു തോന്നിയത്. തുടര്‍ന്ന് പരാതിക്കാരന്റെ കൈകളില്‍ വിലങ്ങ് വച്ച് കൈവരിയില്‍ പൂട്ടിയിട്ടു. ഒന്നിലേറെ കള്ളക്കേസുകള്‍ അയാള്‍ക്ക് മേല്‍ ചുമത്തി. ഈ കുറ്റകൃത്യം ചെയ്ത രണ്ട് പൊലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തിയതിനുശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നിട്ടു എന്തു നടപടിയാണ് ഇവര്‍ക്കെതിരേ എടുത്തതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പൊലിസ് മേധാവിക്ക് എന്ത് ഉത്തരമാണുള്ളത്. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടിയുണ്ടാകാത്തത് പൊലിസ് സംവിധാനത്തിന്റെ തകര്‍ച്ചയെയാണ് എടുത്തുകാണിക്കുന്നത് എന്നുവരെ ഹൈക്കോടതിക്ക് പറയേണ്ടിവന്നു.
പല നിയമങ്ങളും പൊലിസ് ദുരുപയോഗപ്പെടുത്തുകയാണ്. അത്തരത്തില്‍പെട്ടതാണ് 117-ാം വകുപ്പെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വകുപ്പിന്റെ ദുരുപയോഗം കാരണം നിരവധി പൊലിസ് പീഡന പരാതികളാണ് കോടതിക്ക് മുമ്പാകെ വരുന്നത്. ഈ വകുപ്പ് എടുത്തുമാറ്റണമെന്ന് കോടതിക്ക് വാക്കാല്‍ നിര്‍ദേശിക്കേണ്ടിയും വന്നു. പൊലിസില്‍ നിന്നുണ്ടാകുന്ന പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ഹൈക്കോടതി പല കേസുകളും പരിഗണിച്ചപ്പോള്‍, നല്‍കിയ നിര്‍ദേശങ്ങളൊന്നും പൊലിസ് പാലിച്ചിട്ടില്ല. ഇതിലൊന്നും നടപടി എടുക്കാതിരുന്ന മുഖ്യമന്ത്രി ഒരു ദിനം പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാല്‍ പൊലിസ് ശുദ്ധമാകുമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. സി.പി.ഐ ദേശീയ നേതാവ് ആനി രാജ കേരള പൊലിസില്‍ ആര്‍.എസ്.എസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതിരുന്ന മുഖ്യമന്ത്രി ഒരു യോഗം വിളിച്ചതുകൊണ്ട് പൊലിസിനെ അപ്പാടെ മാറ്റിക്കളയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഭരണഘടന നല്‍കുന്ന നിയമ സംവിധാനങ്ങളുടെ ആനുകൂല്യം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ലഭിക്കണം. അതല്ലാതെ പൊലിസ് ഓഫിസര്‍മാരെ എത്ര തവണ വിളിച്ചുകൂട്ടിയാലും നീതി സാധാരണക്കാരന് ഇന്നത്തെ അവസ്ഥയില്‍ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് കിട്ടുകയില്ല. അതിനവന്‍ കോടതികളെ തന്നെ സമീപിക്കേണ്ടിവരുന്നു. എല്ലാവര്‍ക്കും ഇതിനും സാധ്യമാകണമെന്നില്ല. പൊലിസ് സംവിധാനത്തിന്റെ തകര്‍ച്ചയാണ് പൊലിസ് സേനയില്‍ കാണുന്നത്. അത് പുനഃസ്ഥാപിക്കാതെ പൊലിസ് നന്നാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. ഏമാന്‍ വിളിയില്‍ തന്നെ പൂര്‍ണ തൃപ്തരാകാത്ത പൊലിസിനെ 'സര്‍' എന്ന് വിളിക്കേണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ എന്തെങ്കിലും കള്ളക്കേസ് ചുമത്തപ്പെടുമോ എന്നാണ് ഇനി പേടിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."