ഗസ്സയിലെ മസ്ജിദുല്‍ ഉമറുല്‍ കബീര്‍ സയണിസ്റ്റ് സൈന്യം ബോംബിട്ട് തകര്‍ത്തു
ഗസ്സ: വിശ്വപ്രശസ്തമായ ഗസ്സയിലെ മസ്ജിദുല്‍ ഉമറുല്‍ കബീര്‍ (ഗ്രേറ്റ് മൊസ്‌ക് ഓഫ് ഗസ്സ) ഇസ്‌റാഈല്‍ സൈന്യം ബോബിട്ട് തകര്‍ത്തു. ആക്രമണത്തില്‍ പള്ളിയുടെ പകുതിയോളം തകര്‍ന്നു. പള്ളിയുടെ മിനാരം തകര്‍ന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രവാചകന്റെ അനുയായികളുടെ കാലത്ത് ഏഴാംനൂറ്റാണ്ടില്‍ സ്ഥാപിക്കുകയും പൗരാണിക നിര്‍മിതിയായി നിലനിര്‍ത്തുകയും ചെയ്ത പള്ളിക്ക് നേരെ മുമ്പും സയണിസ്റ്റ് സൈന്യം ആക്രണം നടത്തിയിരുന്നു.
ആക്രമണം 63 ദിവസം പിന്നിടുമ്പോള്‍ ഗസ്സയില്‍നിന്ന് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് പുറത്തുവരുന്നത്. ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപ് സ്ഥിതിചെയ്യുന്ന ഖാന്‍ യൂനുസില്‍ കുടിവെള്ളം ശേഖരിക്കാനായി വരിനിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. നാസര്‍ ഹോസ്പിറ്റലിന് തൊട്ടുസമീപത്തെ ക്യാംപില്‍ താമസിക്കുന്നവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെയും സ്ത്രീകളുടെയും ഉള്‍പ്പെടെ രക്തംവാര്‍ന്ന നിലയില്‍ ചിതറിത്തെറിച്ച മൃതദേഹങ്ങളായിരുന്നു എവിടെയുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. അത്യാവശ്യ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്ന കുട്ടികളടക്കമുള്ളവരെ പോലും ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യംവയ്ക്കുകയാണെന്ന് ഖാന്‍യൂനുസിലെ അല്‍ജസീറ പ്രതിനിധി ഹനി മഹ് മൂദ് പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. എന്നാല്‍ ഡസന്‍ കണക്കിന് പേര്‍ മരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 17,500 പേരാണ് കൊല്ലപ്പെട്ടത്. 46,000 പേര്‍ക്ക് പരുക്കേറ്റു.
24 മണിക്കൂറിനുള്ളില്‍ 450 ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. വെസ്റ്റ് ബാങ്കില്‍ ഇന്നലെയും വ്യാപക ആക്രമണങ്ങളും അറസ്റ്റും നടത്തി. ആറു ഫല്‌സതീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് പ്രത്യാക്രമണത്തില്‍ വടക്കന്‍ ഗസ്സയില്‍ രണ്ട് അധിനിവേശ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 420 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."