HOME
DETAILS
MAL
ഭൗതികശാസ്ത്ര നൊബേല്‍ കാലാവസ്ഥാ മാറ്റം സംബന്ധിച്ച പഠനങ്ങള്‍ക്ക് പങ്കിട്ടത് മൂന്നുപേര്‍
backup
October 06 2021 | 03:10 AM
സ്റ്റോക്‌ഹോം: ഈവര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം കാലാവസ്ഥാ വ്യതിയാനം പോലുള്ള അതിസങ്കീര്‍ണ പ്രക്രിയകള്‍ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. സുക്കൂറോ മനാബ(ജപ്പാന്‍), ക്ലോസ് ഹാസില്‍മാന്‍(ജര്‍മനി), ജോര്‍ജോ പരീസി(ഇറ്റലി) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ പകുതി പരീസിക്കാണ്. ബാക്കി മറ്റു രണ്ടുപേര്‍ക്കുമായി തുല്യമായി വീതിക്കും.
കാലാവസ്ഥയെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാനുള്ള പഠനങ്ങള്‍ക്ക് അടിത്തറയിട്ട ഗവേഷകരാണ് മനാബയും ഹാസില്‍മാനും. പരമാണുക്കള്‍ മുതല്‍ ഗ്രഹങ്ങള്‍ വരെ വിവിധ വലുപ്പങ്ങളിലുള്ള ഭൗതിക സംവിധാനങ്ങളിലെ ക്രമരാഹിത്യവും ചാഞ്ചാട്ടവും തമ്മിലെ പാരസ്പര്യം കണ്ടെത്തിയതിനാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ പരീസി ആദരിക്കപ്പെട്ടത്.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുതലായി വ്യാപിക്കുമ്പോള്‍ ഭൂമിയുടെ താപനില വര്‍ധിക്കുന്നത് എങ്ങനെയെന്ന് മനാബ കണ്ടുപിടിച്ചു. മനാബയുടെ 1960കളിലെ പഠനത്തെ മുന്നോട്ടുകൊണ്ടുപോയ ഹാസില്‍മാന്‍ 1970കളില്‍ അന്തരീക്ഷ താപനില ഉയരുന്നതിനു പിന്നില്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാണെന്ന് സമര്‍ഥിച്ചു. പരീസി ക്രമരഹിതമായ സങ്കീര്‍ണ പദാര്‍ഥങ്ങളില്‍ മറഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തി. 1980കളില്‍ സങ്കീര്‍ണ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരു സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. ഇത് ഭൗതികശാസ്ത്രത്തിനു പുറമെ ഗണിതം, ജീവശാസ്ത്രം, ന്യൂറോസയന്‍സ്, മെഷിന്‍ ലേണിങ് തുടങ്ങി വിവിധ മേഖലകളില്‍ ആണ് പ്രയോജനപ്പെട്ടത്. ജപ്പാനില്‍ ജനിച്ച മനാബ യു.എസിലെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലും ഹാസില്‍മാന്‍ ഹാംബര്‍ഗിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലും കാലാവസ്ഥാ ഗവേഷകരാണ്. പരീസി റോമിലെ സാപിയന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."