അബുദാബിയിലെ പബ്ലിക് ബസുകളിലെ നിരക്ക് ഏകീകരിച്ചു; ഇനി മുതൽ പുതിയ നിരക്ക് ബാധകം
അബുദാബിയിലെ പബ്ലിക് ബസുകളിലെ നിരക്ക് ഏകീകരിച്ചു; ഇനി മുതൽ പുതിയ നിരക്ക് ബാധകം
അബുദാബി: അബുദാബിയിലെ എല്ലാ പബ്ലിക് ബസുകളുടെയും നിരക്കുകൾ ഏകീകരിച്ചതായി ഗതാഗത അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു. നഗരത്തിലെയും സബർബൻ പ്രദേശങ്ങളിലെയും അടിസ്ഥാന ബസ് നിരക്ക് ഇപ്പോൾ 2 ദിർഹവും, കൂടാതെ കിലോമീറ്ററിന് 5 ഫിൽസും ആയിരിക്കും ചാർജെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഒരു യാത്രയ്ക്ക് പരമാവധി 5 ദിർഹം എന്ന പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നതായും ഐ.ടി.സി അറിയിച്ചു.
ഒരു യാത്രക്കാരൻ തന്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്താൻ ഒന്നിൽ കൂടുതൽ ബസുകളിൽ കയറുമ്പോൾ അയാൾക്ക് 2 ദിർഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നൽകേണ്ടതില്ല. നഗരത്തിൽ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കോ തിരിച്ചോ ഉള്ള യാത്ര ആയാലും പണം ഒരു തവണ നൽകിയാൽ മതി. യാത്രയുടെ അവസാനം 'ഹഫലത്ത്' സ്മാർട്ട് കാർഡ് വഴി പണമടച്ചാൽ, യാത്രക്കാരുടെ ബോർഡിംഗ് ഡെസ്റ്റിനേഷൻ മുതൽ അവന്റെ/അവളുടെ അവസാന ഡ്രോപ്പ് ഓഫ് വരെയുള്ള ചെലവ് കണക്കാക്കി പണം ഈടാക്കുമെന്ന് ഐടിസി പറഞ്ഞു.
എന്നിരുന്നാലും, 'ബസുകളുടെ സൗജന്യ മാറ്റം' മൂന്ന് നിബന്ധനകൾക്ക് വിധേയമാണ് അനുവദിക്കുക:
- യാത്രക്കാരൻ ന്യായമായ സമയത്തിനുള്ളിൽ ബസ് മാറി കയറണം.
- യാത്രയിലെ മാറ്റങ്ങളുടെ എണ്ണം രണ്ട് തവണയിൽ കൂടരുത്. അതായത് പരമാവധി മൂന്ന് ബസുകൾ ഉപയോഗിച്ച് യാത്ര പൂർത്തിയാക്കണം.
- യാത്രയുടെ വിപരീത ദിശയിൽ ഒരു മാറ്റവും ഉണ്ടാകരുത്.
യാത്രയുടെ ചെലവ് കണക്കാക്കാൻ യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുന്നതിന് മുമ്പും അവരുടെ കാർഡുകൾ സ്വൈപ്പ് ചെയ്യണം. യാത്രയുടെ അവസാനം കാർഡുകൾ സ്വൈപ്പ് ചെയ്യുന്നതിൽ പരാജയപ്പെടുന്നവരിൽ നിന്ന് പരമാവധി ഫീസ് ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."