ഷെയ്ഖ് നവാഫ് അൽ അഹ്മദ് ഇനി ഓർമ; മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിട പറഞ്ഞ് കുവൈത്ത്
ഷെയ്ഖ് നവാഫ് അൽ അഹ്മദ് ഇനി ഓർമ; മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിട പറഞ്ഞ് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി രാജ്യം. കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ ഇനി അന്ത്യവിശ്രമം കൊള്ളും. ഇന്ന് 10മണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കിയത്. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്.
ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. ഇവിടെ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പുതിയ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മന്ത്രിമാര്‍, മക്കള്‍, സഹോദരങ്ങള്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ തുടങ്ങിയവരും നിസ്കാരത്തിൽ പങ്കാളികളായി.
ഇതിനു ശേഷമാണ് അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും ചേർന്ന് അദ്ദേഹത്തിന്റെ മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിൽ എത്തിച്ചത്. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അമീറിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയാണ് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചത്. 86 വയസായിരുന്നു. ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."