HOME
DETAILS

എയര്‍ ഇന്ത്യക്ക് നന്ദി

  
backup
October 11 2021 | 19:10 PM

4635653456-2

 

ജേക്കബ് ജോര്‍ജ്


മുമ്പൊരിക്കല്‍ ടാറ്റ സ്റ്റീലിന്റെ പരസ്യം വന്നതിങ്ങനെ; ഞങ്ങള്‍ കറിയുപ്പുണ്ടാക്കുന്നുണ്ട്. തേയിലയുണ്ടാക്കി വില്‍ക്കുന്നുണ്ട്. ഐ.ടി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഹോട്ടലുകള്‍ നടത്തുന്നുണ്ട്. കാറുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ സ്റ്റീലും ഉല്‍പാദിപ്പിക്കുന്നുണ്ട് '.
അയഡിന്‍ ചേര്‍ത്ത കറിയുപ്പു മുതല്‍ ടാറ്റ സ്റ്റീല്‍ എന്ന പ്രശസ്ത ബ്രാന്റില്‍ സ്റ്റീല്‍ വരെ ഉല്‍പാദിപ്പിക്കുന്ന ടാറ്റ ഇതാ എയര്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യയുടെ ദേശീയ എയര്‍ലൈന്‍. ഇന്ത്യയുടെ മൂവര്‍ണക്കൊടി പറപ്പിച്ചു ലോകത്തെ പ്രധാന വിമാനത്താവളങ്ങളിലൊക്കെയും പ്രത്യക്ഷപ്പെടുന്ന എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യക്ക് മലയാളികളോടുള്ള ബന്ധം ഓര്‍മിക്കാനുള്ള ഒരവസരം കൂടിയാണിത്. അറുപതുകളില്‍ ആരംഭിച്ച മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന് എയര്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ സ്ഥലങ്ങളില്‍നിന്ന് ആയിരക്കണക്കിനു മലയാളികള്‍ ദിവസേന ഭാഗ്യം തേടി ഗള്‍ഫ് നാടുകളിലേയ്ക്കു പറന്നു. ചെറുതും വലുതുമായ ജോലികളില്‍ കടന്ന അവര്‍ നാട്ടില്‍ കിട്ടാവുന്നതിനേക്കാള്‍ വളരെയേറെ സമ്പാദിച്ചു. അതിലെ പ്രഗത്ഭര്‍ ബിസിനസിലേയ്ക്കു കടന്നു. ബിസിനസ് നടത്താനാണെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കാനാണെങ്കിലും കേരളത്തിലേതിനേക്കാള്‍ ഏറെ മെച്ചപ്പെട്ട സാധ്യതകളാണ് മലയാളികള്‍ അവിടെ കണ്ടത്. പുതിയ സാധ്യതകളെ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്ന് പറയുന്നതാവും നല്ലത്. ഗള്‍ഫ് നാടുകള്‍ മലയാളികളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. മലയാളികളെ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും എപ്പോഴും എയര്‍ ഇന്ത്യയുണ്ടായിരുന്നു.


എയര്‍ ഇന്ത്യ ഗള്‍ഫ് തീരങ്ങളിലേയ്ക്കു പറന്നു തുടങ്ങുന്നതിനും എത്രയോ മുമ്പുതന്നെ ധീരരായ മലയാളികള്‍ ഗള്‍ഫിലെ സൗഭാഗ്യം തിരിച്ചറിഞ്ഞിരുന്നു. 60-കളിലായിരുന്നു ഗള്‍ഫ് കുടിയേറ്റത്തിന്റെ തുടക്കം. ആദ്യം ഉരു വഴിയായിരുന്നു യാത്ര. കാറ്റിന്റെ ഗതിക്കനുസരിച്ചു നീങ്ങുന്ന പായ്ക്കപ്പലുകള്‍. ദുബൈയാണെന്നു കരുതി ഒമാന്‍ തീരത്തും മറ്റും എത്തിപ്പെട്ടവരുണ്ട്. പിന്നെ പൊലിസിന്റെയും മറ്റും പിടിയിലായി അവസാനം ദുബൈയിലെത്തും. അവിടെ ചെന്നുകിട്ടിയാല്‍ മതി, രക്ഷപ്പെട്ടു. ദുബൈ അങ്ങനെ മലയാളികളുടെ വാഗ്ദത്തഭൂമിയായി. രാജ്യസഭാംഗം അബ്ദുല്‍ വഹാബ് മുമ്പൊരിക്കല്‍ പറഞ്ഞു, ദുബൈ കേരളത്തിന്റെ തലസ്ഥാനം തന്നെയാണെന്ന്. എത്ര ശരിയായ പ്രസ്താവനയാണത് !
ദുബൈ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലൊക്കെയും വലിയൊരു വികസന കുതിപ്പിലേയ്ക്കു കടന്നു കഴിഞ്ഞിരുന്നു. ബ്രിട്ടനില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം സ്ഥാപനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം. ഗള്‍ഫ് നാടുകളിലെ എണ്ണപ്പാടങ്ങളില്‍ സ്വര്‍ണം പൂത്തുലഞ്ഞ കാലം. തൊഴില്‍ തേടി എവിടേയ്ക്കും ചേക്കേറാന്‍ മടിയില്ലായിരുന്ന മലയാളിക്ക് ഗള്‍ഫ് നാടുകള്‍ പുതിയ കുടിയേറ്റ ഭൂമിയായി.


മലയാളികളെ സ്വീകരിക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങിയിരുന്നുവെങ്കിലും ഇന്ത്യ ഒട്ടും ഒരുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ദൗത്യം പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക എന്നതു തന്നെയായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഭക്രാനംഗല്‍ അണക്കെട്ടു പോലെ ഭീമന്‍ പദ്ധതികള്‍ക്കും തുടക്കമിട്ടു. വിമാനയാത്രാ സൗകര്യങ്ങള്‍ തീരെയില്ലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ കാലം മുമ്പു തന്നെ ടാറ്റ ഒരു വിമാനക്കമ്പനി തുടങ്ങിയിരുന്നു - ടാറ്റ എയര്‍ലൈന്‍സ്. ടാറ്റ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ജെ.ആര്‍.ഡി ടാറ്റയാണ് സംരംഭം തുടങ്ങിയത്. 1929ല്‍ ലൈസന്‍സെടുത്ത ജെ.ആര്‍.ഡിയുടെ മോഹമായിരുന്നു ഒരു വിമാനക്കമ്പനി. അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ വിമാനത്തിന്റെ ആദ്യരൂപമുണ്ടാക്കിയിട്ട് അന്ന് 25 വര്‍ഷം കഴിയുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നുമോര്‍ക്കണം. ടാറ്റ എയര്‍ലൈന്‍സ് രൂപവല്‍ക്കരിച്ചതോടെ വിമാനസര്‍വിസ് തുടങ്ങാനുള്ള ബദ്ധപ്പാടിലായി ജെ.ആര്‍.ഡി ടാറ്റ. 1932 ഒക്‌ടോബര്‍ 15ന് ആദ്യ സര്‍വിസ് നടത്തി. കറാച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്കായിരുന്നു ആദ്യ സര്‍വിസ്. തപാല്‍ ഉരുപ്പടികളുമായിട്ടായിരുന്നു ആദ്യയാത്ര. പൈലറ്റിനു പുറമേ ഒരു യാത്രക്കാരനു മാത്രം ഇരിക്കാനാവുന്ന ആ വിമാനത്തിന് 20,000- രൂപയായിരുന്നു വില. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വിദേശത്തേയ്ക്കു സര്‍വിസ് നടത്താന്‍ ടാറ്റ എയര്‍ലൈന്‍സ് തീരുമാനിച്ചു. അതിലേയ്ക്ക് എയര്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്ന കമ്പനി തുടങ്ങി. ആദ്യയാത്ര മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക്. എയര്‍ ഇന്ത്യാ ഇന്റര്‍നാഷണലില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ലോക്ക്ഹീഡ് കോണ്‍സ്റ്റലേഷന്‍ നിര്‍മിതമായ 40 സീറ്റുള്ള വിമാനമായിരുന്നു ആദ്യം വാങ്ങിയത്. മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്കായിരുന്നു ആദ്യ സര്‍വിസ്. മലബാര്‍ പ്രിന്‍സസ് എന്നായിരുന്നു വിമാനത്തിന്റെ പേര്.


1953ല്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റ എയര്‍ലൈന്‍സ് ഏറ്റെടുത്തു. അതിവേഗം വികസിച്ചുവരുന്ന ഇന്ത്യക്ക് സ്വന്തമായി ഒരു വിമാന സര്‍വിസ് വേണമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് തീരുമാനിച്ചത്. ജെ.ആര്‍.ഡി ടാറ്റയും ടാറ്റ മാനേജ്‌മെന്റും എതിര്‍ത്തെങ്കിലും നെഹ്‌റു വഴങ്ങിയില്ല. കേന്ദ്രം ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിക്കുക തന്നെ ചെയ്തു.


കേന്ദ്രസര്‍ക്കാരിന്റെ കീഴിലായതിനു ശേഷമാണ് വിദേശയാത്രകള്‍ക്കായി എയര്‍ ഇന്ത്യയും ആഭ്യന്തരയാത്രയ്ക്കായി ഇന്ത്യന്‍ എയര്‍ലൈന്‍സും രൂപീകരിച്ചത്. എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ജെ.ആര്‍.ഡി ടാറ്റയെത്തന്നെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. 1960ല്‍ എയര്‍ ഇന്ത്യ ആദ്യ ജെറ്റ് വിമാനം സ്വന്തമാക്കി - ബോയിങ് 707. 1971ല്‍ ആദ്യത്തെ ബോയിങ് 747 ജെറ്റും വാങ്ങി. ലോകമെങ്ങും വിമാനയാത്ര വളരെ വ്യാപിച്ചു. വലിയ വിമാനത്താവളങ്ങള്‍ ഉയര്‍ന്നു. വ്യോമയാന രംഗത്തെ മത്സരം കടുത്തു.


അറുപതുകളോടെയാണ് കേരളത്തില്‍നിന്നു ഗള്‍ഫ് കുടിയേറ്റം തുടങ്ങിയത്. യാത്ര കടുത്ത ബുദ്ധിമുട്ടു തന്നെയായിരുന്നു. ആദ്യം പായ്ക്കപ്പലുകളിലും പിന്നെ കപ്പലുകളിലുമായിരുന്നു യാത്ര. അതിനുശേഷം മുംബൈ വിമാനത്താവളത്തില്‍ സൗകര്യങ്ങളായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുംബൈയിലെത്തി അവിടെ നിന്നു വേണം പോകാന്‍. എയര്‍ ഇന്ത്യയാണ് ആശ്രയം. ടിക്കറ്റ് കിട്ടാന്‍ ദിവസങ്ങളോളമുള്ള കാത്തിരിപ്പും കഷ്ടപ്പാടുകളും പതിവ്. പിന്നെ എയര്‍ ഇന്ത്യ തിരുവനന്തപുരത്തുനിന്നു ദുബൈക്ക് സര്‍വിസ് നടത്തി എഴുപതുകളുടെ അവസാനത്തോടെ. ആദ്യം ദുബൈയിലേയ്ക്ക് ആഴ്ചയിലൊന്നു വീതം. പിന്നെ ആഴ്ചയില്‍ രണ്ട് സര്‍വിസ്. ക്രമേണ അതു കൂടി. അപ്പോഴും ടിക്കറ്റ് നിരക്ക് വളരെ ഉയര്‍ന്നതായിരുന്നു. എന്നിട്ടും മലയാളികള്‍ എയര്‍ ഇന്ത്യയില്‍ ദുബൈക്ക് പോയി. അവിടെ കിട്ടിയ അംഗീകാരം പഴയ പീഡനങ്ങളൊക്കെ മായ്ച്ചു. അവിടെ നിന്ന് വര്‍ഷം തോറും അവധിക്കു നാട്ടിലേയ്ക്കു വന്നതും കുടുംബമായി മടങ്ങി പോയതുമെല്ലാം എയര്‍ ഇന്ത്യയില്‍. മലയാളികള്‍ നല്‍കിയ ടിക്കറ്റ് കൂലികൊണ്ടു കൂടിയാണ് എയര്‍ ഇന്ത്യ വളര്‍ന്നു വലുതായത്. കെടുകാര്യസ്ഥതയും ജീവനക്കാരുടെ ആധിക്യവുമെല്ലാം എയര്‍ ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. എങ്കിലും ഒരു നീണ്ട കാലഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മലയാളികള്‍ക്കു യാത്രയൊരുക്കിയത് എയര്‍ ഇന്ത്യ ആയിരുന്നു.


എയര്‍ ഇന്ത്യ ഗള്‍ഫിലേയ്ക്കു കൊണ്ടുപോയ മലയാളികള്‍ അവിടെ കൊയ്‌തെടുത്തത് വലിയ സമ്പാദ്യം. അതു കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ചാവക്കാട്, തിരൂര്‍, മലപ്പുറം, കോഴിക്കോട്, വടകര, കാസര്‍കോട്, തിരുവല്ല, കുമ്പനാട് എന്നിങ്ങനെ കേരളത്തില്‍ എത്രയെത്ര പോക്കറ്റുകള്‍ വളര്‍ന്നു. മലബാറില്‍ പല ഭാഗങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു പിന്നില്‍ വേണ്ടത്ര ഗള്‍ഫ് പണമുണ്ട്. വിദ്യാഭ്യാസരംഗത്ത് വളരെ പിന്നിലായിരുന്ന മലബാര്‍ പ്രദേശത്ത് ഗള്‍ഫ് മലയാളികളുടെ ഉത്സാഹത്തില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ഇന്ന് മലബാര്‍ പ്രദേശം, പ്രത്യേകിച്ച് മലപ്പുറം, കേരള സംസ്ഥാനത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകള്‍ തുടങ്ങാനാണ് സംരംഭകര്‍ തയാറായതെങ്കില്‍ ഇപ്പോഴത് ഉന്നത വിദ്യാഭ്യാസ മേഖലയായിരിക്കുന്നു. എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പെടെ ധാരാളം പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലബാറില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നതോടെ ഈ പ്രദേശത്തെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരവും വളരെ ഉയര്‍ന്നു. ഇന്നിപ്പോള്‍ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനപരീക്ഷകളിലെ റാങ്കുകള്‍ നേടുന്നവരില്‍ മലപ്പുറത്തും മറ്റുമുള്ള കുട്ടികള്‍ മുന്‍നിരയിലെത്തിയിരിക്കുന്നു.


എഴുപതുകളിലും എണ്‍പതുകളിലുമൊക്കെയായി എണ്ണമറ്റ മലയാളികളെ ചുമന്ന് ഗള്‍ഫ് നാടുകളിലേയ്ക്കു പറന്ന എയര്‍ ഇന്ത്യയെ നമുക്കു നമിക്കാം. എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേയ്ക്കാണെത്തുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതു വേദനയുണ്ടാക്കുമെങ്കിലും അതു ടാറ്റയുടെ കൈയിലാണെന്നത് തീര്‍ച്ചയായും ആശ്വാസമുണ്ടാക്കുന്നു. കാരണം ടാറ്റ ഒരു കച്ചവട സ്ഥാപനമല്ല എന്നതുതന്നെ. ടാറ്റ എപ്പോഴും ഒരു വ്യവസായസ്ഥാപനമാണ്. വ്യവസായസ്ഥാപനത്തിന് സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടായിരിക്കണം. നല്ല വ്യവസായത്തിന് സമൂഹത്തില്‍ നല്ല പ്രതിച്ഛായ ഉണ്ടായിരിക്കണം. സ്വന്തം ചരിത്രത്തിലുടനീളം അവര്‍ ഇക്കാര്യം മനസില്‍വച്ചു കൊണ്ടുതന്നെയാണ് സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ളത്.


ഇനിയിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സ്വന്തമായി ഒരു വിമാനക്കമ്പനി ഇല്ലാതാവുന്നു. 1991-ല്‍ കുവൈത്ത് യുദ്ധക്കാലത്ത് എല്ലാം വിട്ടെറിഞ്ഞു മടങ്ങേണ്ടിവന്ന മലയാളികളെ കൈപിടിച്ചു നാട്ടിലെത്തിച്ചത് എയര്‍ ഇന്ത്യയാണ്. ആയിരക്കണക്കിനു മലയാളികളാണ് കുവൈത്തില്‍ കുടുങ്ങിപ്പോയത്. അവരൊക്കെ കരമാര്‍ഗ്ഗം ജോര്‍ദാനിലെ അമ്മാനിലെത്തി അവിടെ നിന്ന് പ്രത്യേക എയര്‍ ഇന്ത്യാ വിമാനം വഴി നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. അതുപോലെയുള്ള പൊതുവായ ആവശ്യങ്ങള്‍ക്കൊന്നും സ്വകാര്യ സ്ഥാപനമാവുന്ന എയര്‍ ഇന്ത്യയെ പ്രതീക്ഷിക്കേണ്ടതില്ല. ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്ന ഇന്ത്യാക്കാര്‍ക്കും ഇനി സൗജന്യങ്ങള്‍ പ്രതീക്ഷിക്കാനാവുമോ എന്നു സംശയമുണ്ട്. എന്തൊക്കെയായാലും എയര്‍ ഇന്ത്യക്ക് ടാറ്റയുടെ കൈയില്‍ ഒരു നല്ലകാലം വരുമെന്നു പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago