HOME
DETAILS
MAL
കപ്പലില്‍നിന്ന് ആയുധവും മയക്കുമരുന്നും പിടിച്ച കേസ് ശ്രീലങ്കയുടെ സഹകരണം തേടി എന്‍.ഐ.എ
backup
October 13 2021 | 01:10 AM
സുനി അല്‍ഹാദി
കൊച്ചി: മാസങ്ങള്‍ക്ക് മുമ്പ് കേരളാ തീരത്തുവച്ച് വിദേശ കപ്പലില്‍ നിന്ന് ആയുധവും മയക്കുമരുന്ന് ശേഖരവും പിടിച്ച കേസില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹകരണം തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). കുറ്റാന്വേഷണത്തില്‍ പരസ്പരം സഹകരിക്കുന്നതിന് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നിലവിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സഹകരണം തേടിയിരിക്കുന്നത്. ഈ കേസില്‍ പിടിയിലായിരിക്കുന്നത് ശ്രീലങ്കന്‍ സ്വദേശികളാണ്. മാത്രമല്ല, സംഭവത്തിന് പിന്നില്‍ എല്‍.ടി.ടി.ഇ ബന്ധവും സംശയിക്കുന്നുമുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 18നാണ് കേരളാ തീരത്തുവച്ച് ശ്രീലങ്കന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രവിഹാന്‍ഷി മത്സ്യബന്ധന കപ്പലില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ.കെ 47 തോക്കുകളും ആയിരം വെടിയുണ്ടകളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തീര രക്ഷാസേന നടത്തിയ തിരച്ചിലിലാണ് ആയുധശേഖരവും മയക്കുമരുന്നും കണ്ടെത്തിയത്. മയക്കുമരുന്ന് പിടിച്ച കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ പത്ത് ശ്രീലങ്കക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്. കൂടാതെ, ഈ കേസില്‍ യു.എ.പി.എ ചുമത്തുകയും ചെയ്തു. പിടിയിലായ ശ്രീലങ്കക്കാരില്‍ മൂന്നുപേര്‍ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. ആയുധവും മയക്കു മരുന്നും കടത്തുന്നതിന് പിന്നിലുള്ള എല്‍.ടി.ടി.ഇ ബന്ധം സംബന്ധിച്ച് അന്വേഷണത്തില്‍ വിവരം ലഭിച്ച സാഹചര്യത്തിലാണ് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍.ഐ.എ ശ്രീലങ്കന്‍ സര്‍ക്കാരിന് കത്തയച്ചത്. ഇതിനിടെ, മയക്കുമരുന്ന് പിടിച്ചത് സംബന്ധിച്ച കേസന്വേഷണവും ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ഉപാധിയായി ആയുധക്കടത്തും മയക്കുമരുന്ന് കടത്തും ഉപയോഗപ്പെടുത്തുന്നുവെന്ന സൂചനയെ തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."