തീച്ചൂടില്‍ ഒരു രാവ് കൂടി, വംശഹത്യയുടെ 75ാം നാള്; ഗസ്സയിലും വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമായി അഴിച്ചു വിട്ട് ഇസ്റാഈല്‍, മരണം 20,000 കവിഞ്ഞു
തീച്ചൂടില്‍ ഒരു രാവ് കൂടി, വംശഹത്യയുടെ 75ാം നാള്; ഗസ്സയിലും വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമായി അഴിച്ചു വിട്ട് ഇസ്റാഈല്‍, മരണം 20,000 കവിഞ്ഞു
ഗസ്സ: രാവുറങ്ങാത്ത 75ാം നാളാണ് ഇന്ന് ഫലസ്തീന്. ലോകത്തിനെ മുഴുവന്‍ നോക്കുകുത്തികളാക്കി ഇസ്റാഈല്‍ എന്ന സയണിസ്റ്റ് ശക്തികള്‍ ഒരു കുഞ്ഞു രാജ്യത്തിലെ സാധാരണക്കാര്‍ക്കു മേല്‍ തീ വര്‍ഷിക്കാന്‍ തുടങ്ങിയിട്ട് രണ്ടര മാസമായിരിക്കുന്നു. ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പറയുന്നതിനപ്പുറം ഒരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
വീടുകള്‍ മറ്റു ജനവാസ കേന്ദ്രങ്ങള്‍ സ്കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ലക്ഷ്യമിട്ടാണ് ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്. ഹമാസിനെ തകര്‍ക്കാനെന്നാണ് പറയുന്നതെങ്കിലും സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ ഇരകള്‍.
നേരത്തെ ഗസ്സയില്‍ നടത്തിയിരുന്ന ആക്രമണങ്ങള്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. ബോംബുവര്‍ഷങ്ങള്‍ക്കും വെടിവെപ്പിനും പുറമേ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് സയണിസ്റ്റ് സേന. ജെനിന് മഗരത്തിലെ യാബാദ് ഗ്രമത്തിലും ഖ്വാല്ഖില്യ, അസും തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള രക്തരൂഷിതമായ 24 മണിക്കൂര്‍ ആണ് ജബലിയയില്‍ കഴിഞ്ഞുപോയത്. മേഖലയില്‍ ബോംബാക്രമണത്തിന്റെയും ആംബുലന്‍സ് സൈറണുകളുടെയും ശബ്ദം നിലച്ച സമയമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 50 ഓളം മൃതദേഹങ്ങളാണ് ജബലിയ മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചത്. 110 പേര്‍ക്ക് പരുക്കേറ്റു. ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഡസന്‍കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
റാമല്ലയിലെ ദീറു ഖദീസില് നിരവധി വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധിനിവേശ സൈന്യം തകര്‍ത്തത്. വീടുകള്‍ ഇടിച്ചുപൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫലസ്തീനി മാധ്യമങ്ങള്‍ പുറത്തുവിട്ടു. നബുലിസിലും സമാനരീതിയില്‍ ആക്രമണം നടത്തി. ഇവിടെ 15 വീടുകളാണ് തകര്‍ത്തത്. കൂടാതെ 10 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 20 ഓളം വാഹനങ്ങളിലെത്തിയ സൈനികരാണ് അതിക്രമണങ്ങളെല്ലാം നടത്തിയത്. റഫയില്‍ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി. പള്ളിക്ക് സമീപത്തെ രണ്ട് ജനവാസ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
അതേസമയം, രണ്ടരമാസത്തെ ഇസ്റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. ഇതില്‍ 14,000 ത്തിലേറെ പേര് സ്ത്രീകളും കുട്ടികളുമാണ്. 53,000 ലധികം പേര്‍ക്ക് പരുക്കേറ്റു.
അതിനിടെ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ മോചനത്തിന് ഇസ്റാഈലില്‍ സമ്മര്‍ദം ശക്തമായിരിക്കെ വീണ്ടുമൊരു വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി സൂചനയുണ്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്ററാഈലും തമ്മില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി. ഇതിന്റെ ഭാഗമായി ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യ ബുധനാഴ്ച ഈജിപ്തിലെ കൈറോയിലെത്തി. ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.
അവശേഷിക്കുന്ന ബന്ദികളില്‍ സ്ത്രീകളെയും വയോധികരായ പുരുഷന്മാരെയും വിട്ടയക്കണമെന്നാണ് ഒരാഴ്ച നീളുന്ന വെടിനിര്‍ത്തലിന് ഇസ്റാഈല്‍ മുന്നോട്ടുവെക്കുന്ന നിബന്ധനയെന്നറിയുന്നു. ഇതിന് പകരമായി ഗുരുതര കുറ്റകൃത്യം ആരോപിച്ച് ഇസ്റാഈല്‍ തടവിലാക്കിയ ഫലസ്തീനികളെ വിട്ടയക്കും. എന്നാല്‍, താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമല്ലെന്നും ഗസ്സയിലെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് ഹമാസ് നിലപാട്. സി.ഐ.എ, മൊസാദ് തലവന്മാരുമായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി കഴിഞ്ഞദിവസം പോളണ്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൈറോയിലെ ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."