അനാഥമായി ഭൂതാനം ഖാദി നൂല്‍നൂല്‍പ്പു കേന്ദ്രം നടപടികള്‍ക്ക് തയാറാകാതെ അധികൃതര്‍
പുല്‍പ്പള്ളി: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഖാദി നൂല്‍നൂല്‍പ്പു കേന്ദ്രം കാടുകയറി നശിക്കുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വേലിയമ്പം-ഭൂതാനത്ത് സ്ഥാപിച്ച കേന്ദ്രമാണ് ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നശിക്കുന്നത്.
നിലവില്‍ കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. പുല്‍പ്പള്ളി മേഖലയിലെ നിര്‍ദ്ദനരായ പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൂല്‍നൂല്‍പ്പു കേന്ദ്രം ആരംഭിച്ചത്.
തുടക്കത്തില്‍ അമ്പതോളം പെണ്‍കുട്ടികള്‍ കേന്ദ്രത്തില്‍ പരിശീലനവും നടത്തിയിരുന്നു. ഖാദി നൂല്‍ ഉണ്ടാക്കാന്‍ വേണ്ട പരുത്തി ഇവിടെ എത്തിക്കുകയും പെണ്‍കുട്ടികള്‍ അവ ഉപയോഗിച്ച് നിര്‍മിക്കുന്ന നൂല്‍ ഖാദിബോര്‍ഡ് ഏറ്റെടുക്കുകയുമായിരുന്നു ചെയ്തത്.
രണ്ടാം ഘട്ടത്തില്‍ കേന്ദ്രം വിപുലീകരിച്ച് ഖാദി വസ്ത്രങ്ങള്‍ ഇവിടെത്തന്നെ നിര്‍മിക്കുകയെന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍ രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ ഇവക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കാന്‍ ഖാദി വകുപ്പിനായില്ല. നൂല്‍ നിര്‍മാണത്തില്‍ നിന്ന് വസ്ത്രനിര്‍മാണ രംഗത്തേക്ക് മാറിയാല്‍ മാത്രമെ ജീവനക്കാര്‍ക്ക് മതിയായ വേതനം ലഭിക്കുമായിരുന്നുള്ളു.
വസ്ത്രനിര്‍മാണ രംഗത്തേക്കുള്ള ചുവടു മാറ്റം നടക്കാതെ വന്നതോടെ കേന്ദ്രത്തിലുണ്ടായിരുന്നവര്‍ ഒന്നൊന്നായി കേന്ദ്രം വിട്ടുപോയി.
നൂല്‍ ഉല്‍പാദിപ്പിക്കാനുള്ള ഏതാനും തറികള്‍ മാത്രം അവശേഷിച്ചു. കഴിഞ്ഞ 30-വര്‍ഷങ്ങളായി ഈ കേന്ദ്രം അനാഥമായി കിടക്കുകയാണ്.
കെട്ടിടത്തിന് കാര്യമായ കേടുപാട് സംഭവിക്കാത്തതിനാല്‍ സര്‍ക്കാറിന്റെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഖാദി വകുപ്പ് ഇതിന് തയാറാകുന്നില്ലെന്നാണ് ആരോപണം.
ഖാദിയുടെ വസ്ത്രനിര്‍മാണ യൂനിറ്റിന് ഇവിടെ നല്ല സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വര്‍ഷങ്ങളായി ഖാദി വകുപ്പില്‍ പൊടിപിടിച്ച് കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."