കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി നെല്ല് സംഭരണ രജിസ്‌ട്രേഷന്‍ കുറയുന്നു
കഞ്ചിക്കോട്: സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിനുള്ള രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. താങ്ങുവിലയ്ക്ക് സംഭരിക്കുന്ന നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് മുഖേന അവരുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവ് വന്നു. സപ്ലൈകോ വെബ്‌സൈറ്റ് മുഖേനയാണ് കര്‍ഷകര്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.
വെബ് സൈറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കര്‍ഷകരുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ണമാകൂ. ഭൂരിഭാഗം കര്‍ഷകര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ല. ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായില്ല. പലര്‍ക്കും സപ്ലൈകോക്ക് നെല്ല് നല്‍കാന്‍ കഴിയാതെവരും. ഇതോടെ ഒന്നാംവിള കൊയ്യുന്ന കര്‍ഷകര്‍ കുറഞ്ഞവിലയ്ക്ക് സ്വകാര്യമില്ലുകാര്‍ക്ക് നെല്ല് നല്‍കേണ്ടിവരും.
നെല്ല് സംഭരണ രജിസ്‌ട്രേഷന്‍ തുടങ്ങി ഒമ്പത് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 14,038 കര്‍ഷകര്‍ മാത്രം. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ചെയ്തതില്‍ 90 ശതമാനം പേരും പാലക്കാട് ജില്ലയിലാണ്. 12,353 പേര്‍. 1,725പേര്‍ രജിസ്റ്റര്‍ ചെയ്ത ആലപ്പുഴ ജില്ലയാണ് തൊട്ടുപിറകില്‍.
കഴിഞ്ഞ ഒന്നാംവിളയ്ക്ക് സംസ്ഥാനത്ത് 60,111പേരും രണ്ടാം വളയ്ക്ക് 1,16,323 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഒരുകിലോ നെല്ലിന് ലഭിക്കുന്ന വില 21.50 രൂപയാണ്. ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതമാണ്. ഇത് ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 6.80 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം.
രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ ഒഴിവാക്കണമെന്ന് കര്‍ഷകസംഘം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17വരെ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡില്ലാത്ത കര്‍ഷകര്‍ക്ക് കാര്‍ഡ് എടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യമുയര്‍ന്നു.
നിലവില്‍ സബ്‌സിഡി ലഭിക്കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അട്ടിമറിച്ച നെല്ല് സംഭരണത്തെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ശരിയാക്കിയത്. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള സബ്‌സിഡി കൊടുത്തുതീര്‍ക്കാന്‍ അധികാരമേറ്റ് ഒരു മാസമാകുമ്പോഴേക്കും സാധിച്ചു.
സംസ്ഥാനത്ത് ഏറ്റവുമധികം നെല്‍കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. രണ്ടാമത് ആലപ്പുഴയിലും. കഴിഞ്ഞ ഒന്നാംവിളക്ക് രജിസ്‌ട്രേഷനും സംഭരണവും തുടങ്ങാന്‍ വൈകിയത് കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരുന്നു.
സപ്ലൈകോ വൈകിച്ചതിനാല്‍ സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കുകയായിരുന്നു. 15രൂപയ്ക്കാണ് ഒരു കിലോ നെല്ല് സ്വകാര്യ മില്ലുകള്‍ സംഭരിച്ചത്. ഇത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി.
ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ കുറയുകയും ഇത് കര്‍ഷകരെ ദുരിതത്തിലാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."