ഒരു നിമിഷം പോലും നല്‍കിയില്ല; ഇരച്ചെത്തി മലവെള്ളം
സ്വന്തം ലേഖകന്‍
കൂട്ടിക്കല്‍ (കോട്ടയം): പുലര്‍കാലത്ത് മഴ തകര്‍ത്തു പെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഓട്ടാലങ്കല്‍ മാര്‍ട്ടിനോടും അയല്‍വാസിയായ തോമസ് പുളിക്കനോടും കാവാലി പള്ളി വികാരി ഫോണില്‍ വിളിച്ചു പാരിഷ് ഹാളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ പരിഷ് ഹാളിലേക്ക് പോകുന്നതിനെ കുറിച്ച് തോമസ് പുളിക്കല്‍ മാര്‍ട്ടിന്റെ ഭാര്യയോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഒരു അന്തിമ തീരുമാനത്തിലെത്താനുള്ള സമയം പോലും ആര്‍ത്തലച്ചുവന്ന ഉരുള്‍ നല്‍കിയില്ല. മാര്‍ട്ടിന്റെ അയല്‍വാസിയായ തോമസ് സംസാരിച്ചതിനു ശേഷം വീട്ടിലേക്ക് കയറിയതേയുള്ളൂ അപ്പോഴേക്കും കേട്ടത് ഇടിമുഴക്കം പോലൊരു ശബ്ദമായിരുന്നു. പുറത്തിറങ്ങി നോക്കുമ്പോള്‍ മാര്‍ട്ടിന്റെ വീട് അടക്കം ഉരുള്‍കൊണ്ടു പോകുന്നതാണ്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മാര്‍ട്ടിനും കുടുംബവും മാഞ്ഞുപോയത് ഇനിയും ഉള്‍കൊള്ളാനായിട്ടില്ല തോമസ് പുളിക്കലിന്.
കല്ലോടു കല്ലു ശേഷിക്കാതെയാണ് ഓട്ടാലങ്കല്‍ കുടുംബം ഒന്നാകെ മറഞ്ഞത്. കൂട്ടിക്കല്‍ കാവാലി ഓട്ടാലങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ കുടുംബത്തില്‍ ആരെയും അവശേഷിപ്പിക്കാതെയാണ് ഉരുള്‍ കവര്‍ന്നെടുത്തത്. പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരത്തില്‍ ഒരു കുടുംബം ഒന്നാകെ മറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ പെയിന്റു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മാര്‍ട്ടിന്‍. കനത്ത മഴയ്‌ക്കൊപ്പം മലമുകളില്‍ നിന്നും മാര്‍ട്ടിന്റെയും കുടുംബത്തിന്റെയും മീതേയ്ക്ക് ഹുങ്കാരത്തോടെ ഉരുള്‍ പതിക്കുകയായിരുന്നു. മാര്‍ട്ടിന് പുറമേ ഭാര്യ സിനി, അമ്മ ക്ലാരമ്മ ജോസഫ്, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരെ ഉരുള്‍ കവര്‍ന്നു. മാര്‍ട്ടിന്റെ വീടിന്റെ മുകളിലേക്ക് ആദ്യം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചു പോയി. ദുരന്തം അറിഞ്ഞെത്തിയ സമീപവാസികളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച മാര്‍ട്ടിന്റെ അമ്മയുടെയും ഭാര്യയുടെയും മകള്‍ സോനയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും സൈന്യവും നടത്തിയ തിരച്ചിലിലാണ് മാര്‍ട്ടിന്റെയും മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു കുടുംബത്തെ ഒന്നാകെ ഉരുള്‍ കവര്‍ന്നതിന്റെ നടുക്കത്തിലാണ് കാവാലിയിലെ പ്രദേശവാസികള്‍. ഇനിയും ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുമെന്ന ഭീതി നാട്ടുകാരെ വിട്ടൊഴിഞ്ഞിട്ടില്ല. മാര്‍ട്ടിന്റെയും മറ്റുള്ളവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ ഇവര്‍ക്ക് മറ്റു ബന്ധുക്കളില്ല. പാലക്കാട് നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം സംസ്‌ക്കാരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."