പ്രളയശേഷം പ്രവചനം 95 ലക്ഷം' വെള്ളത്തില്‍ '
ടി.മുഹമ്മദ്
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തംവിതച്ച കഴിഞ്ഞ ദിവസത്തെ അതിതീവ്ര മഴ പ്രവചിക്കുന്നതിലും മുന്നൊരുക്കം നടത്തുന്നതിലും പിഴവു സംഭവിച്ചതോടെ കൃത്യമായ പ്രവചനത്തിനെന്ന പേരില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് അനുവദിച്ച '95.64' ലക്ഷം രൂപയുടെ പുറംകരാര്‍ വീണ്ടും ചര്‍ച്ചയാകുന്നു.
പ്രളയമുന്നറിയിപ്പ് കൃത്യമായി നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിലാണ് ഒരു വര്‍ഷം മുന്‍പ് സ്വകാര്യ ഏജന്‍സികളായ സ്‌കൈമെറ്റ്, എര്‍ത്ത്‌നെറ്റ്‌വര്‍ക്ക്, ഐ.ബി.എം വെതര്‍ എന്നിവയ്ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്‌കൈമെറ്റിന് 16.81 ലക്ഷം, എര്‍ത്ത്‌നെറ്റ് വര്‍ക്കിന് 51.79 ലക്ഷം, ഐ.ബി.എം വെതറിന് 27.04 ലക്ഷം രൂപയുമായിരുന്നു അനുവദിച്ചത്.
എന്നാല്‍ പണംനല്‍കി വിവരങ്ങള്‍ വാങ്ങിയിട്ടും ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പിഴവുകള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുകയാണ്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായാണ് ദുരന്തം വിതച്ച കനത്ത മഴയുണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പുറത്തിറക്കിയ ബുള്ളറ്റിനുകളില്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകളില്ല. ഇപ്പോള്‍ വന്‍ദുരന്തം ഉണ്ടായ ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നല്‍കിയിരുന്നത്. കോട്ടയത്താകട്ടെ പ്രത്യേകിച്ച് മുന്നറിയുപ്പുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ശനിയാഴ്ച കനത്ത മഴയില്‍ ജില്ലകളില്‍ വീടുകള്‍ ഒലിച്ചുപോകുന്നത് ഉള്‍പെടെയുള്ള ദുരന്തം സംഭവിക്കുമ്പോഴും മുന്നറിയിപ്പുകളില്‍ മാറ്റമുണ്ടായില്ല. പിന്നീട് ഉച്ചയ്ക്കു ശേഷമാണ് ഇടുക്കി, കോട്ടയം ഉള്‍പെടെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
2017ലെ ഓഖിയും അതിനു ശേഷമുള്ള രണ്ടു പ്രളയവും പ്രവചിക്കുന്നതില്‍ ഉണ്ടായ പിഴവുതന്നെയാണ് ഈ പ്രാവശ്യവും ആവര്‍ത്തിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് പണം കൊടുത്ത് വിവരങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും പ്രളയം വന്ന ശേഷം മുന്നറിയിപ്പ് നല്‍കുന്ന സ്ഥിതിയ്ക്കു മാറ്റമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."