അതിവേഗ റെയില്‍പാത വേണ്ടെന്ന് സി.പി.ഐ സാംസ്‌കാരിക സംഘടനയും
കോഴിക്കോട്: നിര്‍ദിഷ്ട അതിവേഗ സില്‍വര്‍ ലൈന്‍ (കെ റെയില്‍) പദ്ധതിക്കെതിരേ സി.പി.ഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും.
ഉയര്‍ന്ന ക്ലാസില്‍ മാത്രം യാത്രചെയ്യാന്‍ കഴിയുന്നവര്‍ക്കായി 66,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപവരെ മുതല്‍മുടക്കി കേരളത്തില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഇ.എം സതീശനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
675 പേര്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന തീവണ്ടിയില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത, കുറഞ്ഞത് തേര്‍ഡ് എ.സി നിരക്കിലാണ് യാത്രാസംവിധാനമൊരുക്കുന്നത്. ഇതിനുവേണ്ടി പതിനായിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും.
സംസ്ഥാനത്ത് അവശേഷിക്കുന്ന കുന്നുകളിടിക്കേണ്ടിയും പരിമിതമായിക്കൊണ്ടിരിക്കുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തേണ്ടിയും വരും.
തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളാലും കൊവിഡ് മൂലവും പാപ്പരായ കേരളത്തിന് പദ്ധതിച്ചെലവിന്റെ 28 ശതമാനം വിഹിതം വഹിക്കാനാകുമോ എന്നും ആലോചിക്കണം.
ബദ ല്‍ നിര്‍ദേശമെന്ന നിലയില്‍ നിലവിലുള്ള തെക്കുവടക്ക് റെയില്‍പ്പാത ഇരട്ടിപ്പിക്കുകയും അതിലൊന്ന് ഫാസ്റ്റ് ട്രാക്കാക്കി വണ്ടികളുടെ വേഗവും എണ്ണവും കൂട്ടുകയും ചെയ്യുന്ന റെയില്‍ വികസനം സര്‍ക്കാര്‍ പരിഗണിക്കണം. ഇതിന് നിര്‍ദിഷ്ട അതിവേഗ റെയില്‍ പദ്ധതി അടങ്കലിന്റെ പകുതി തുകപോലും വേണ്ടിവരില്ലെന്നു വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം മൂന്നര മണിക്കൂര്‍ നേരംകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്തേണ്ടവര്‍ക്കു വേണ്ടിയാണെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതും പരിഗണിക്കാവുന്നതേയുള്ളൂ.
ഇതിനാണെങ്കില്‍ പുതിയ സാമ്പത്തികബാധ്യതകളൊന്നും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."