മതേതരത്വം വണ്‍വേ ട്രാഫിക്കല്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: മതേതരത്വം ഹിന്ദുക്കളുടെയോ ഈഴവ വിഭാഗത്തിന്റെയോ മാത്രം ബാധ്യതയല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം കണയന്നൂര്‍ യൂനിയന്റെ ഏകദിന നേതൃത്വ പരിശീലന ക്യാംപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം വണ്‍വേ ട്രാഫിക്കല്ല. ഹൈന്ദവര്‍ മതേതരവാദികളായതിനാലാണ് മറ്റു മതക്കാര്‍ക്ക് ഇവിടെ വളരാനായത്. മതദ്വേഷമില്ലാത്ത എസ്.എന്‍.ഡി.പി യോഗത്തിന്റെ പരിപാടികളില്‍ മറ്റു മതക്കാരെയും പുരോഹിതരെയും സമുദായക്കാരെയും വിളിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ അതേ സമീപനമല്ല തിരികെ ലഭിച്ചത്. പിന്നോക്ക സമുദായങ്ങള്‍ക്ക് ഇന്നലെയും ഇന്നും നീതി നിഷേധിക്കപ്പെട്ടു. നാളെയും അതുണ്ടാകാതിരിക്കാനാണ് ജാതി പറയുന്നത്. അതു പറയുക തന്നെ ചെയ്യും.
രാഷ്ട്രീയ മോഹംകൊണ്ട് സംഘടനാ തലപ്പത്തെത്തിയ പഴയ ചില നേതാക്കളുടെ പിഴവുകളാണ് സമുദായത്തിന് നഷ്ടങ്ങള്‍ സമ്മാനിച്ചത്. എസ്.എന്‍.ഡി.പി യോഗത്തെ രാഷ്ട്രീയവത്കരിച്ച് മതേതരത്വം പറഞ്ഞ് ഇവര്‍ സംഘടനയെ സ്വന്തം വളര്‍ച്ചയ്ക്കുപയോഗിച്ചു. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. ജാതി സംവരണം നിലവിലുള്ള നാട്ടില്‍ ജാതി പറയാതിരുന്നിട്ട് ഒരു കാര്യവുമില്ല. അത് യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും രാഷ്ട്രീയ സമ്മര്‍ദശക്തിയായത് മതം പറഞ്ഞു തന്നെയാണ്.
ഇല്ലായ്മയെ ചൂഷണം ചെയ്ത് പിന്നോക്കവിഭാഗങ്ങളെ കൂട്ടത്തോടെ മതംമാറ്റിയ ക്രൈസ്തവ മിഷണറിമാര്‍ ലൗ ജിഹാദിനെതിരേ രംഗത്തുവരുന്നത് തമാശയാണ്.
ഗോവയിലും കേരളത്തിന്റെ മലയോര മേഖലയിലും ക്രൈസ്തവര്‍ നടത്തിയ മതംമാറ്റങ്ങള്‍ മറന്നുപോകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."