ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയോട് പണം കടംചോദിച്ച് ശ്രീലങ്ക
കൊളംബോ: ക്രൂഡ് ഓയില്‍ (അസംസ്‌കൃത എണ്ണ) വാങ്ങാന്‍ ഇന്ത്യയോട് പണം കടം ചോദിച്ച് ശ്രീലങ്ക. 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ വായ്പയായി നല്‍കണമെന്നാണ് ശ്രീലങ്കയുടെ അഭ്യര്‍ഥന. ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ദിനംപ്രതി വില വര്‍ധിക്കുമ്പോഴാണ് എണ്ണ വാങ്ങാന്‍ പണത്തിനായി ശ്രീലങ്ക ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
നിലവില്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് വ്യാപനം കാരണം വിനോദസഞ്ചാര മേഖല നിര്‍ജീവമായതോടെ രാജ്യത്ത് വിദേശനാണ്യ പ്രതിസന്ധിയും വലിയ തോതിലുണ്ട്.
അടുത്ത ജനുവരി വരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് നിലവില്‍ രാജ്യത്ത് കരുതല്‍ ശേഖരമായുള്ളതെന്ന് ശ്രീലങ്കന്‍ ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ട് വായ്പ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ചെയര്‍മാന്‍ സുമിത് വിജേസിംഗേ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് വായ്പ തേടുന്നത്.ശ്രീലങ്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകള്‍ക്ക് സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ 3.3 ബില്യന്‍ ഡോളറാണ് കുടിശശ്ശികയായി നല്‍കാനുള്ളത്. ടൂറിസം മേഖലയില്‍ നേരിട്ട തിരിച്ചടി കാരണം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 3.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. യു.എസ് ഡോളറുമായുള്ള ശ്രീലങ്കന്‍ റുപ്പിയുടെ വിനിമയ നിരക്കിലും വലിയ കുറവ് വന്നതോടെ ഇന്ധനം അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ടാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."