ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണവുമായി ചൈന
ബെയ്ജിങ്: ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് ചൈന.
കഴിഞ്ഞ ഓഗസ്റ്റിലാണ് ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൈനീസ് സൈന്യം ഹൈപ്പര്‍സോണിക് മിസൈല്‍ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ഇതു ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു 32 കിലോമീറ്ററുകള്‍ക്കു മുമ്പ് കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ചൈന ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതോടെ യു.എസ് ഇക്കാര്യം നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യു.എസ് ഏജന്‍സികള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ ചൈനീസ് ഭരണകൂടവും പ്രതികരിച്ചിട്ടില്ല.
2019ല്‍ ഒരു പരേഡിനിടെ തങ്ങളുടെ പക്കലുള്ള ഡി.എഫ് 17 അടക്കമുള്ള ഹൈപ്പര്‍സോണിക് മിസൈലുകളും ആയുധശേഖരങ്ങളും ചൈന പ്രദര്‍ശിപ്പിച്ചിരുന്നു. ശബ്ദത്തേക്കാള്‍ വേഗതയിലാണ് ഈ മിസൈല്‍ സഞ്ചരിക്കുക. അതിനാല്‍ ഇവയെ പ്രതിരോധിക്കല്‍ വെല്ലുവിളിയാണ്.
അതേസമയം, അമേരിക്കയും റഷ്യയും ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. തങ്ങള്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായി കഴിഞ്ഞ മാസം ഉത്തരകൊറിയയും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചൈന ഇതു പരീക്ഷിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."