ചരിത്രം കഥപറച്ചിലല്ല
ജേക്കബ് ജോര്‍ജ്
കഥയും കെട്ടുകഥയുമൊന്നുമല്ല ചരിത്രം. കഥ പറഞ്ഞും മെനഞ്ഞെടുത്തും ചരിത്രത്തെ തമസ്‌ക്കരിക്കാനും മാറ്റിയെഴുതാനും കഴിയുമെന്നും കരുതരുത്. മഹാത്മാഗാന്ധി പറഞ്ഞിട്ടാണ് വീര്‍ സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയവെ ബ്രിട്ടിഷ് സര്‍ക്കാരിനു മാപ്പെഴുതിയതെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത വെറും കഥ മാത്രമാണെന്നു പറയാതെ വയ്യ. രാജ്‌നാഥ് സിങ് രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. പ്രതിരോധമന്ത്രിയാണ്. ബി.ജെ.പിയുടെ മുന്‍നിര നേതാവാണ്. ബി.ജെ.പിയുടെ അടിസ്ഥാനചിന്ത സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വവുമാണ്. അതുകൊണ്ടുതന്നെ സവര്‍ക്കറുടെ ചിന്തയെയും കാഴ്ചപ്പാടിനെയും സവര്‍ക്കര്‍ എന്ന ചരിത്രത്തിലെ ഹിന്ദുത്വനേതാവിനെയും സംരക്ഷിച്ചുനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. പക്ഷേ ചരിത്രത്തിന്റെ തെളിവില്ലാതെ പുതിയൊരു കാര്യം എങ്ങനെ ചരിത്രത്തോടു കൂട്ടിച്ചേര്‍ക്കും? സവര്‍ക്കറുടെ മോചനത്തിന് ഗാന്ധിജി ശുപാര്‍ശ ചെയ്തിരുന്നുവെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ മാനങ്ങളേറെ.
ഉദയ് മഹൂര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നു രചിച്ച 'വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' (വീര്‍ സവര്‍ക്കര്‍; ഇന്ത്യാ വിഭജനം തടയാന്‍ കഴിയുമായിരുന്ന നേതാവ്) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അധ്യക്ഷനായി നടത്തിയ രാജ്‌നാഥിന്റെ പ്രസംഗമാണ് പെട്ടെന്ന് ദേശീയതലത്തില്‍ത്തന്നെ വിവാദങ്ങള്‍ ഇളക്കിവിട്ടത്. ആന്‍ഡമാന്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലടയ്ക്കപ്പെട്ട സവര്‍ക്കര്‍ പതിവു നടപടിക്രമമെന്ന നിലയ്ക്ക് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ഗാന്ധിജി പറഞ്ഞിട്ടാണ് അങ്ങനെ മാപ്പപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് രാജ്‌നാഥ് സിങ് പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പുസ്തകം പ്രകാശനം ചെയ്തു. പക്ഷേ ഇങ്ങനെയൊരു വിവരം ചരിത്രത്തിന്റെ ഒരു താളിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഗാന്ധിജി ഇങ്ങനെയൊരു കത്ത് സവര്‍ക്കര്‍ക്കെഴുതാനുള്ള വിദൂര സാധ്യതപോലും ആ കാലഘട്ടത്തിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കും കാണാനാവില്ലതാനും. ആ കാലഘട്ടത്തെക്കുറിച്ചും സവര്‍ക്കറുടെ വ്യക്തിജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം വിശദമായി പഠിച്ച് 'സവര്‍ക്കര്‍: ദ ട്രൂ സ്റ്റോറി ഓഫ് ദ ഫാദര്‍ ഓഫ് ഹിന്ദുത്വ' (സവര്‍ക്കര്‍; ഹിന്ദുത്വത്തിന്റെ പിതാവിന്റെ യഥാര്‍ഥ ജീവിതകഥ) എന്ന ശ്രദ്ധേയമായ പുസ്തകം എഴുതിയ വൈഭവ് പുരന്തരെ പറയുന്നത് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ചരിത്രവസ്തുതകളുമായി പുലബന്ധം പോലുമില്ലെന്നാണ്.'ടൈംസ് ഓഫ് ഇന്ത്യ' ദിനപ്പത്രത്തിന്റെ മുംബൈ റസിഡന്റ് എഡിറ്ററാണ് വൈഭവ് പുരന്തരെ. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണത്തെ വെല്ലുവിളിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്തതിനാണ് സവര്‍ക്കരെ പിടികൂടിയതും ജയിലിലടച്ചതുമെന്നുമാണ് പുരന്തരെ പറയുന്നത്. രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് അതിലെ വസ്തുതകള്‍ നിഷേധിച്ചുകൊണ്ട് പുരന്തരെ 'ടൈംസ് ഓഫ് ഇന്ത്യ' യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെ: '1911 മുതല്‍ 1921 വരെയാണ് സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞത്. 1911 കാലഘട്ടത്തില്‍ ഗാന്ധിജി സൗത്ത് ആഫ്രിക്കയിലായിരുന്നു. ജയിലിലെ താമസക്കാലം കടുത്ത പീഡനകാലം തന്നെയായിരുന്നു. ജയിലിലെത്തി ആദ്യത്തെ രണ്ടു മാസത്തിനുള്ളില്‍ത്തന്നെ സവര്‍ക്കര്‍ ബ്രിട്ടിഷ് സര്‍ക്കാരിനു മാപ്പപേക്ഷ നല്‍കി'.
പക്ഷേ ബ്രിട്ടിഷ് സര്‍ക്കാര്‍ മാപ്പപേക്ഷ പരിഗണിച്ചതേയില്ല. ആ സമയത്തെല്ലാം സൗത്താഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയില്‍ മടങ്ങിയെത്തിയത് 1915ല്‍ മാത്രമാണ്. ആകെ ഏഴുതവണയാണ് സവര്‍ക്കര്‍ ഇങ്ങനെ മാപ്പപേക്ഷ നല്‍കിയത്. ഏഴുതവണയും ബ്രിട്ടിഷ് സര്‍ക്കാര്‍ സവര്‍ക്കറുടെ അപേക്ഷ നിരസിച്ചു. സവര്‍ക്കറും സഹോദരന്‍ ബാബുറാവു സവര്‍ക്കറും ഒരുമിച്ചാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. മാപ്പപേക്ഷ സമര്‍പ്പിച്ചതും ഒന്നിച്ചുതന്നെ. പക്ഷേ ഇരുവരും അപകടകാരികളായ കുറ്റവാളികളാണെന്നായിരുന്നു ബ്രിട്ടിഷ് അധികൃതരുടെ നിരീക്ഷണം.
വിനായക് ദാമോദര്‍ സവര്‍ക്കര്‍ (1883-1966) ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദ പുരുഷന്മാരിലൊരാളാണ്. സ്വാതന്ത്ര്യസമര കാലത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ ഉള്‍പ്പെട്ടിരുന്ന നേതാവ്. 1906 മുതല്‍ 1911 വരെയുള്ള അഞ്ചുവര്‍ക്കാലം അദ്ദേഹം ലണ്ടനില്‍ താമസിച്ച കാലത്ത് മഹാത്മാ ഗാന്ധിയെ അവിടെവച്ചു ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ പലപ്പോഴായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അക്രമമാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടണമെന്ന നിലപാടാണ് സവര്‍ക്കര്‍ സ്വീകരിച്ചത്. ഇതാകട്ടെ, കോണ്‍ഗ്രസ് പൂര്‍ണസ്വരാജിനുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനും വളരെ മുമ്പുതന്നെ. ഗാന്ധിജി രംഗത്തുവന്നതോടെ അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തിനും സത്യഗ്രഹ സമരരീതികള്‍ക്കും പ്രാമുഖ്യം നേടി. സ്വന്തം പ്രതിച്ഛായയിലൂടെ ഗാന്ധിജി തന്റെ സമരരീതി ജനപ്രിയ സമരമുറയാക്കി മാറ്റി. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെത്തന്നെ എതിര്‍ത്ത സവര്‍ക്കറും കൂട്ടരും കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പിന്നിലായിപ്പോയി. ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ കൂടി മുന്‍നിരയിലെത്തിയതോടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈകളിലേയ്ക്ക് ഒതുങ്ങുകയായിരുന്നു.
സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വ സിദ്ധാന്തം അദ്ദേഹത്തിന്റെ ജീവിതക്കാലത്തു തന്നെ മാറിമറിഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു സവര്‍ക്കര്‍. 1921-ല്‍ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുമുണ്ടെന്ന് വൈഭവ് പുരന്തരെ പറയുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റേത് കടുത്ത മുസ്‌ലിംവിരുദ്ധ രാഷ്ട്രീയമായി മാറുകയായിരുന്നു. അതോടെ കൂടുതല്‍ തീവ്രവാദ നിലപാടിലേയ്ക്കു കടന്ന സവര്‍ക്കര്‍ മറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍നിന്ന് ഉര്‍ദു വാക്കുകള്‍ നീക്കം ചെയ്യണമെന്നുവരെ വാദിച്ചു.
എപ്പോഴും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന സവര്‍ക്കര്‍ അതുകൊണ്ടുതന്നെ ഇന്ത്യാ ചരിത്രത്തില്‍ വലിയ വിവാദപുരുഷനായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകനായി സവര്‍ക്കറെ ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ആവതുശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമൂഹം അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തു എന്നതാണ് ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്മേല്‍ ചാര്‍ത്തിയ കുറ്റം. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയവേ മോചനം തേടി ബ്രിട്ടിഷ് ഭരണകര്‍ത്താക്കള്‍ക്കു മാപ്പപേക്ഷ നല്‍കിയത് ഇന്നും ഇന്ത്യന്‍ സമൂഹത്തിനു മറക്കാനോ പൊറുക്കാനോ കഴിയുന്ന സംഭവമല്ലെന്നുമോര്‍ക്കണം.
ബ്രിട്ടിഷ് ഭരണകാലത്ത് രണ്ടു ജീവപര്യന്തം തടവുശിക്ഷയാണ് സവര്‍ക്കര്‍ക്കു വിധിച്ചത്. ബ്രിട്ടിഷ് രാജഭരണത്തോടു യുദ്ധം പ്രഖ്യാപിച്ചതിനായിരുന്നു ഈ ശിക്ഷ. അന്നത്തെ കാലത്ത് ജീവപര്യന്തം എന്നാല്‍ 25 വര്‍ഷത്തെ കഠിന തടവ് എന്നായിരുന്നു അര്‍ഥം. അങ്ങനെ രണ്ടു തവണയാവുമ്പോള്‍ ആകെ ശിക്ഷാകാലാവധി 50 വര്‍ഷം! ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ രീതിയിലാണ് അന്ന് ആന്‍ഡമാന്‍ ജയിലിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ തടവുകാരോടു പെരുമാറിയിരുന്നത്. ഏകാന്ത തടവായിരുന്നു അവിടെ പതിവ്. ഒരിക്കലും നല്ല ഭക്ഷണം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, അതുപോലും ആവശ്യത്തിനു നല്‍കിയിരുന്നുമില്ല. തൊണ്ടു തല്ലുക, ചകിരി പതംവരുത്തി കയര്‍ പിരിക്കുക എന്നിങ്ങനെയുള്ള ജോലികളാണ് ചെയ്യിച്ചിരുന്നത്. എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ അതികഠിനമായ ജോലികള്‍ നല്‍കുകയും പതിവായിരുന്നു. ഭീകരമായ പീഡനമുറകളും പതിവായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തു തന്നെ സവര്‍ക്കറുടെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെയും ശോഭയ്ക്കു മങ്ങലേറ്റിരുന്നു. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായ് പട്ടേലുമെല്ലാം ഇന്ത്യന്‍ ദേശീയപാതയുടെ വക്താക്കളായി ഉയര്‍ന്നു. മുഹമ്മദലി ജിന്നയുടെ മുസ്‌ലിം ലീഗ് ശക്തമാവുകയും ദ്വിരാഷ്ട്രവാദം ലക്ഷ്യം നേടുകയും ചെയ്തു. ഗാന്ധിജിയെ നാഥുറാം ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തുകയും നാടിനെ നടുക്കിയ ആ സംഭവത്തില്‍ പ്രതിയാവുകയും ചെയ്തതോടെ സവാര്‍ക്കറുടെ പ്രതിഛായ പിന്നെയും ഇടിഞ്ഞു. ഒപ്പം സംഘ്പരിവാറിന്റെ ശോഭയും കെട്ടു. പക്ഷേ പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ മേധാവിത്വം ഇടിഞ്ഞു. കോണ്‍ഗ്രസിനെതിരേ നിലയുറപ്പിച്ചിരുന്ന സോഷ്യലിസ്റ്റുകളുടെയും ഇടതുശക്തികളുടെയും അടിത്തറയില്‍ വിള്ളലുകളുമുണ്ടായി. ആ വിടവില്‍ ബി.ജെ.പി പിടിച്ചുകയറി. ആദ്യം എ.ബി വാജ്‌പേയുടെ നേതൃത്വത്തില്‍ രണ്ടു തെരഞ്ഞെടുപ്പു വിജയവും തുടര്‍ഭരണവും.
സംഘ്പരിവാറിന് ഇപ്പോഴുമില്ലാത്തത് ചരിത്രമാണ്. ചരിത്രം മാത്രം. മഹാത്മാഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ച ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഉരുക്കു മനുഷ്യനായി ചിത്രീകരിച്ച് സ്വന്തമാക്കാന്‍ വരെ ശ്രമിച്ച ബി.ജെ.പി ഇപ്പോള്‍ നോക്കുന്നത് വീര്‍ സവര്‍ക്കറെ ചരിത്ര പുരുഷനാക്കി ഉറപ്പിച്ചുനിര്‍ത്താനാണ്. ഗാന്ധിജി പറഞ്ഞിട്ടാണ് ബ്രിട്ടിഷ് സര്‍ക്കാരിനു മാപ്പപേക്ഷ കൊടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തന്നെ പറഞ്ഞത് മറ്റൊരു വെള്ളപൂശലിന്റെ ഭാഗമായിത്തന്നെ. ഒപ്പം അന്ന് ഗാന്ധിജിയുടെ പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു എന്നു വരുത്താനും. ഇന്ത്യാചരിത്രത്തില്‍ നിന്ന് ഗാന്ധിജിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും നീക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഇതേവരെ വിജയം കണ്ടിട്ടില്ലെന്ന കാര്യവും ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."