HOME
DETAILS
MAL
പെരിയ ഇരട്ടക്കൊല: മന്ത്രി ഗോവിന്ദന്റെ പി.എയെ ചോദ്യം ചെയ്തു
backup
October 19 2021 | 05:10 AM
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ സി.ബി.ഐ അന്വേഷണസംഘം ചോദ്യം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ ഡോ. വി.പി.പി മുസ്തഫയെയാണ് ചോദ്യം ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് കല്ല്യോട്ടെ എച്ചിലെടുക്കത്ത് നടന്ന പാര്‍ട്ടി ചടങ്ങില്‍ മുസ്തഫ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ വധഭീഷണിയുയര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. കൊലയ്ക്കു ശേഷം മുസ്തഫയുടെ പ്രസംഗം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ നിറയുകയുമുണ്ടായി.
കേസന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസത്തോളം സമയം ബാക്കിയിരിക്കെയാണ് അന്വേഷണസംഘം ജില്ലയിലെ ഉന്നത സി.പി.എം നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയത്. നാലു ദിവസം മുമ്പ് നേതാക്കളായ അഡ്വ. എ.ജി നായര്‍, അഡ്വ. രാജ് മോഹന്‍, അഡ്വ. ബിന്ദു, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, ഡി.വൈ.എഫ്.ഐ നേതാവ് മണിക്കുട്ടി ബാബു എന്നിവരുള്‍പ്പെടെയുള്ള ആളുകളെ കാസര്‍കോട്ടെ ക്യാംപില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
കേസില്‍ സി.പി.എം ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും സി.ഐ.ടി.യു പ്രവര്‍ത്തകരുമുള്‍പ്പെടെ 14 പേരെയാണ് ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും മറ്റും ബന്ധമുണ്ടെന്നു കാണിച്ച് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണം തുടങ്ങിയ ശേഷം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്തതിനു പുറമെ പാര്‍ട്ടിയുടെ ലോക്കല്‍, ഏരിയ കമ്മിറ്റി ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും മിനുട്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."