മലയാളിക്ക് പൂക്കളമൊരുക്കാന്‍ തോവാള ഒരുങ്ങി
തോവാള (കന്യാകുമാരി): കേരളത്തിന്റെ പൂക്കൂട എന്ന് വിശേഷിപ്പിക്കുന്ന തോവാള ഗ്രാമത്തിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍. ഓണം എത്തിയതോടെ കേരളത്തിന് നല്‍കാന്‍ പൂക്കാലവുമായി പശ്ചിമഘട്ടത്തിലെ ഈ ചെറുഗ്രാമം ഉണര്‍ന്നിരിക്കുകയാണ്.
പഴയ തിരുവിതാംകൂറിലെ ഭാഗമാണ് ഈ പൂഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമുണ്ട്. ആരുവായ് മൊഴി. പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തി. ഈ ചുരത്തിലാണ് പ്രശസ്തമായ തോവാള. നാഗര്‍കോവിലില്‍ നിന്നും അരമണിക്കൂര്‍ യാത്ര. പൂക്കള്‍കൊണ്ട് നിറഞ്ഞതാണ് ഗ്രാമം.
നീണ്ട പാടങ്ങളില്‍ പൂക്കള്‍ സമൃദ്ധിയായി വളരുന്നു. ഓണത്തിന് കേരളത്തില്‍ പൂക്കള്‍ എത്തുന്നതില്‍ ഏറെയും ഇവിടെ നിന്നാണ്. മുല്ലയും പിച്ചിയും വാടാമല്ലിയും രാജമല്ലിയും ജമന്തിയും റോസയും ഇവിടെ നിന്ന് എത്തുന്നു. പശ്ചിമഘട്ടത്തില്‍ എപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ പൂത്തുലയുന്ന സൗന്ദര്യത്തെ വാങ്ങാന്‍ തിരക്കോട് തിരക്കാണ്. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ഇവിടെ പൂ വാങ്ങാന്‍ കച്ചവടക്കാര്‍ എത്തുന്നുണ്ട്. ഓണത്തിനാകുമ്പോള്‍ തിരക്ക്കൂടും.
തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടത്തെ പൂകൃഷിയ്ക്കായി സഹായം ചെയ്തത്. പ്രത്യേക സാഹചര്യം മനസിലാക്കി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അന്നത്തെ ദിവാന്‍ രാമയ്യന്‍ ദളവയ്ക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് ഇവിടെ പൂഗ്രാമം ജനിക്കുന്നത്. അയിത്തം നിലനിന്ന കാലം പൂ വാങ്ങാന്‍ ആരും എത്തിയില്ല. സ്ഥിതി മനസിലാക്കിയ രാജാവ് ഉത്തരവ് ഇറക്കി.
പത്മനാഭപുരം കൊട്ടാരത്തിലേയ്ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കും പൂക്കള്‍ തോവാളയില്‍ നിന്നും എത്തിക്കാനാണ് ഉത്തരവ്. അതുനിലവില്‍ വന്നതോടെ പൂക്കളോടുള്ള അയിത്തം മാറി.
രാജഭരണകാലംവരേയും പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് ഇവിടെനിന്നാണ് പൂക്കള്‍ എത്തിച്ചിരുന്നത്. കാലം മാറിയപ്പോള്‍ തോവാളയും മാറി. പൂകൃഷി വ്യാപകമായി. ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന പൂമാര്‍ക്കറ്റാണ് തോവാള. രാത്രിയിലും പുലര്‍ച്ചേയും പൂക്കളെകൊണ്ട് നിറഞ്ഞ വണ്ടികളാണ് ഇതുവഴി പോകുന്നത്. ആധുനിക സൗകര്യങ്ങളോടെ ചന്ത സ്ഥാപിച്ചിട്ടുണ്ട്.
ചന്തയില്‍ വന്ന് വിലപേശി പൂ വാങ്ങാം. പലര്‍ച്ചെ രണ്ട് മുതല്‍ ചന്ത തുടങ്ങും. കോടികള്‍ മുടക്കുന്ന വമ്പന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ കയറിയിറങ്ങുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഒന്നു കയറിപറ്റാന്‍ തന്നെ പെടാപാടാണ്. മുല്ല (അറേബ്യന്‍ ജാസ്മിന്‍), പിച്ചി (സ്പാനിഷ്ജാസ്മിന്‍) എന്നിവയ്ക്കാണ് ഡിമാന്റ് ഏറെയെന്ന് കര്‍ഷകനായ വേലു പറയുന്നു.
രാവിലെതന്നെ പാടത്തിറങ്ങുന്ന കര്‍ഷകര്‍ പൂക്കളുമായി എത്തുന്നതിന് രണ്ടു മണിക്കൂറോളം വേണം. തോവാളയില്‍ ദിവസവും എട്ടു മുതല്‍ പത്ത് ടണ്‍ വരെയാണ് പൂക്കള്‍ വില്‍ക്കുന്നത്. എന്നാല്‍ ഓണത്തിന് 15 ടണ്ണിലേറേയാണ്. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും പൂ പോകുന്നത് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. തോവാളയിലെ ഏതാണ്ട് മുവായിരത്തോളം കര്‍ഷകര്‍ പൂകൃഷി ചെയ്യുന്നുണ്ട്.
വിവാഹ ആവശ്യത്തിനും മറ്റും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും പറ്റും. ഇവിടത്തെ കര്‍ഷകനായ സ്വാമി പറഞ്ഞു. പൂകൃഷി വ്യാപിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും പുതിയ ഇനങ്ങള്‍ പരീക്ഷിക്കാനും പദ്ധതികള്‍ തയാറാകുന്നു. ഇവിടെ നിന്നും അത്തറും സ്‌പ്രേയും നിര്‍മിക്കാനും പദ്ധതിയിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."