അയോധ്യരാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുത്: കേരളാ ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധരൻ
അയോധ്യരാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുത്: കേരളാ ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധരൻ
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ എംപി. ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് ആയിരിക്കും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരൻ വ്യക്തമാക്കി.
കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും കെ മുരളീധരൻ വ്യക്തമാക്കി. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സി വേണുഗോപാലിനെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്. ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാൽ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാൽ മനസിലാവില്ല എന്നും മുരളീധരൻ പരിഹസിച്ചു.
മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. അതിനാൽ ഇൻഡ്യ മുന്നണിയിൽ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല. കോൺഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോൺഗ്രസിലുണ്ട്. അതിനാൽ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും.
എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരൻ വ്യക്തമാക്കി. പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് വിളിച്ച് ബിജെപി ഒരുക്കുന്ന ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."