'രാജ് നാഥ് കള്ളം പറയുന്നു, സവര്‍ക്കറും ഹിന്ദു മഹാസഭയും ഒരിക്കലും സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായിരുന്നില്ല' -രാജ് മോഹന്‍ ഗാന്ധി
ന്യൂഡല്‍ഹി: സവര്‍ക്കറും അദ്ദേഹത്തിന്റെ സംഘടനയായ ഹിന്ദു മഹാസഭയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിന്നു വിട്ടുനിന്നവരാണെന്ന് ഗാന്ധിജിയുടെ പൗത്രനും ചരിത്രകാരനുമായ രാജ്‌മോഹന്‍ ഗാന്ധി. കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട സമയങ്ങളില്‍ സവര്‍ക്കറും ഹിന്ദുമഹാസഭയും വിട്ടുനില്‍ക്കുകയാണ് ചെയ്തത്- രാജ്‌മോഹന്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സവര്‍ക്കര്‍ ജയില്‍ മോചിതനാകാന്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നും ഗാന്ധി വ്യക്തമാക്കി.
ഈ ആരോപണം ഉന്നയിക്കുന്ന സമയം, 1920 ജനുവരിയില്‍ ഗാന്ധി ലാഹോറിലായിരുന്നുവെന്ന് രാജ്‌മോഹന്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 'അദ്ദേഹം പഞ്ചാബിലായിരുന്നു അവിഭക്ത പഞ്ചാബില്‍. സെപ്തംബര്‍ 1919 മുതല്‍, പഞ്ചാബിലെ ഗവര്‍ണര്‍ മൈക്കല്‍ ഒഡയര്‍ നടത്തുന്ന ബ്രിഗേഡിയര്‍ റെജിനോള്‍ഡ് ഡയറിന്റെ ഭീകരതയെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനായി പഞ്ചാബിലെ ജില്ലയില്‍ നിന്ന് ജില്ലയിലേക്ക് സഞ്ചരിക്കുകയായിരുന്നു ഗാന്ധിജി'- അദ്ദേഹം പറഞ്ഞു.
1920 മേയില്‍ തന്റെ പ്രസിദ്ധീകരണമായ 'യങ് ഇന്ത്യ'യില്‍ ഗാന്ധിജി സവര്‍ക്കര്‍ സഹോദരങ്ങളെ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി ലേഖനമെഴുതിയത് കരണ്‍ ഥാപ്പര്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇന്ത്യക്കാരെല്ലാം ജയില്‍ മോചിതരാകണമെന്ന നിലപാടായിരുന്നു ഗാന്ധിജിക്കെന്നായിരുന്നു ഇതിന് രാജ്‌മോഹന്‍ ഗാന്ധി നല്‍കിയ മറുപടി. താനുമായി യോജിക്കുന്നവരാണോ അല്ലയോ എന്നത് ഇക്കാര്യത്തില്‍ ഗാന്ധി പരിഗണിച്ചിരുന്നില്ല. 1919ല്‍ അലി സഹോദരങ്ങളുടെ മോചനത്തിനായി ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.
1919 ഡിസംബറില്‍ നിരവധി തടവുകാരെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സൂചിപ്പിച്ചു കൊണ്ടാണ് സവര്‍ക്കര്‍ സഹോദരങ്ങളെയും വിട്ടയക്കണമെന്ന് ഗാന്ധിജി 1920 മേയില്‍ ആവശ്യപ്പെട്ടത്. അവര്‍ മോചിക്കപ്പെടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ബ്രിട്ടീഷുകാരോട് അവര്‍ക്ക് ആഭിമുഖ്യമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഭിന്നതകളുണ്ടായിരുന്നിട്ടും അവര്‍ മോചിപ്പിക്കപ്പെടണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത് രാജ്‌മോഹന്‍ ഗാന്ധി പറഞ്ഞു.
1939ല്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട കാലത്തും 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പമായിരുന്നു സവര്‍ക്കര്‍ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും രേഖപ്പെടുത്തിയതുമായ തെളിവുകള്‍ ഇതിനുണ്ട്. മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗും ഒരുവശത്തും സവര്‍ക്കറും ഹിന്ദു മഹാസഭയും മറുവശത്തുമായിരുന്നു. നിര്‍ണായകമായ ആ വര്‍ഷങ്ങളില്‍ ഇരുകൂട്ടരും സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനിന്നു.
1939ല്‍, ബ്രിട്ടീഷുകാരല്ല ഹിന്ദുക്കളാണ് മുഖ്യശത്രുക്കളെന്ന് ജിന്ന തീരുമാനിച്ചു. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സവര്‍ക്കര്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് മാറിയിരുന്നു. ബ്രിട്ടീഷുകാരല്ല, മുസ് ലിംകളാണ് മുഖ്യശത്രുക്കളെന്ന് സവര്‍ക്കറും തീരുമാനിച്ചിരുന്നു. എന്നാല്‍, ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, മൗലാന അബുല്‍ കലാം ആസാദ് തുടങ്ങിയവരും ഭൂരിഭാഗം ഇന്ത്യന്‍ ജനതയും ബ്രിട്ടീഷുകാരെയാണ് മുഖ്യശത്രുക്കളായി കണ്ടത് രാജ്‌മോഹന്‍ ഗാന്ധി പറഞ്ഞു.
Full Transcript: ‘Savarkar and Hindu Mahasabha Stayed Firmly Outside the Freedom Movement'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."