മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവില്‍: പ്രതിപക്ഷനേതാവ്
കോട്ടയം: സ്തുതിപാഠകരുടെ നടുവിലായ മുഖ്യമന്ത്രി ഒരുതരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാനോ കേള്‍ക്കാനോ തയാറല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളത്തില്‍ പ്രകൃതിദുരന്തമുണ്ടായിട്ടും അതു മുന്‍കൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ദുരന്തമുണ്ടായതിനു ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു ദുരന്തമായി മാറി. മുന്നറിയിപ്പുഉണ്ടായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകി. ദുരന്തനിവാരണ അതോറിറ്റിക്ക് എന്താണ് പണി? പുഴകളില്‍ ഒരടി വെള്ളമുയര്‍ന്നാല്‍ എവിടെയൊക്കെ കയറും, രണ്ടടി ഉയര്‍ന്നാല്‍ എവിടെയൊക്കെ പ്രശ്‌നമാകും എന്ന് തങ്ങള്‍ വിവിധ ഏജന്‍സികളെ വച്ച് പഠിച്ചിട്ടുണ്ട്. ഇതൊന്നും സര്‍ക്കാര്‍ ചെയ്തതല്ല. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മഹാപ്രളയത്തിനു ശേഷം എന്തു പഠനമാണ് നടത്തിയത്?
നെതര്‍ലന്‍ഡ്‌സില്‍ പോയി തിരിച്ചുവന്നിട്ട് റൂം ഫോര്‍ റിവര്‍ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയില്‍ എന്തു നടപടിയാണെടുത്തത്? മഴ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. നാലു വര്‍ഷമായിട്ടും ഒരു പാഠവും പഠിച്ചില്ല. ഇതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ രാജ്യേദ്രാഹികളും ദേശദ്രോഹികളുമാകുന്ന അവസ്ഥയാണ്. ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്.
ഉരുള്‍പൊട്ടലുണ്ടായ ശേഷമുള്ള 21 മണിക്കൂറില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായില്ല. പിന്നെ സര്‍ക്കാരിനെക്കൊണ്ട് എന്താണ് കാര്യം? ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം കൊടുത്തിട്ടില്ല. ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായില്ല. മന്ത്രിമാര്‍ അവിടെ പോയത് കാഴ്ച കാണാനാണോ? നാലു വര്‍ഷം തുടര്‍ച്ചയായി ദുരന്തമുണ്ടായിട്ടും അതു നേരിടാനുള്ള സംവിധാനമില്ല. അതിനെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി വിഷമിച്ചിട്ടു കാര്യമില്ല. കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."